X

ഉന്നാവോ ബലാത്സംഗ കേസ് പ്രതിയായ ബിജെപി എംഎല്‍എ സെന്‍ഗറിന്റെ കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്

കുല്‍ദീപ് സെന്‍ഗര്‍ കഴിയുന്ന സീതാപൂര്‍ ജയിലിലെത്തിയ സിബിഐ സംഘം വിസിറ്റേഴ്‌സ് റെക്കോഡ് അടക്കമുള്ളവ പരിശോധിച്ചു.

ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ 17 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്. കുല്‍ദീപ് സെന്‍ഗര്‍ കഴിയുന്ന സീതാപൂര്‍ ജയിലിലെത്തിയ സിബിഐ സംഘം വിസിറ്റേഴ്‌സ് റെക്കോഡ് അടക്കമുള്ളവ പരിശോധിച്ചു.

ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയടക്കം സഞ്ചരിച്ച വാഹനം റായ്ബറേലിയില്‍ അപകടത്തില്‍ പെട്ടത് കുല്‍ദീപ് സിംഗ് സെന്‍ഗര്‍ ജയിലില്‍ വച്ച് ആസൂത്രണം ചെയ്തതാണ് എന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. പെണ്‍കുട്ടിയുടെ നില ഇപ്പോളും ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിക്കുകയും അഡ്വക്കേറ്റിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഉന്നാവോ ബലാത്സംഗവുമായി ബന്ധപ്പെട്ട നാല് കേസുകളുടേയും വിചാരണ യുപിയില്‍ നിന്ന് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ബലാത്സംഗ കേസില്‍ ഒരു വര്‍ഷമായി തുടരുന്ന സിബിഐ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റോഡ് അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സിബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് കുല്‍ദീപ് സിംഗ് സെന്‍ഗറിനെ പുറത്താക്കുന്നതായി ബിജെപി അറിയിച്ചത്. അതേസമയം പുറത്താക്കുകയാണോ സസ്‌പെന്‍ഡ് ചെയ്യുകയാണോ ചെയ്തത് എന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

2017ല്‍ ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് കാണാനെത്തിയ, അന്ന് 17 വയസ് പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ എംഎല്‍എ അടക്കമുള്ളവര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്നാണ് കേസ്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ അറസ്റ്റ് ചെയ്യാന്‍ യുപി പൊലീസ് തയ്യാറായത്. ഒരു വര്‍ഷത്തിലധികമായി സീതാര്‍പൂര്‍ ജയിലിലാണ് കുല്‍ദീപ് സിംഗ് സെന്‍ഗര്‍.

എന്നാല്‍ സെന്‍ഗറിന്റെ സഹോദരനും അനുയായികളും കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. ആയുധ നിയമപ്രകാരമുള്ള കേസില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ അച്ഛന്‍ ജയിലില്‍ ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്. ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ പ്രചാരണവും നിയമനടപടികളുമായി മുന്നോട്ടുപോയിരുന്ന അമ്മാവനെ 12ഓളം കേസുകളില്‍ പെടുത്തി എട്ട് മാസത്തിലധികമായി ജയിലിലടച്ചിരിക്കുകയാണ്.

This post was last modified on August 4, 2019 12:14 pm