X

ചെഗുവേരയുടെ മകളുമായി ബിജെപി നേതാവ് സി കെ പത്മനാഭന്റെ കൂടിക്കാഴ്ച്ച; സമ്മാനമായി നല്‍കിയത് ‘ഗീതോപദേശം’

'ചെഗുവേരയോട് ചെറുപ്പത്തിലെ ആരാധനയും ഇഷ്ടവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മോളെത്തുമ്പോള്‍ കാണാതിരിക്കാന്‍ പറ്റില്ലല്ലോ' എന്നാണ് സി കെ പത്മനാഭന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ലാറ്റിനമേരിക്കന്‍ വിപ്ലവ നായകന്‍ ചെഗുവേരയുടെ മകള്‍ അലൈഡ ഗുവേരയെ കാണാന്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ പത്മനാഭനെത്തി.

കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ രഹസ്യമായിട്ടാണ് പത്മനാഭനെത്തിയത്. ഗീതോപദേശ ശില്‍പ്പം അലൈഡക്ക് സമ്മാനിച്ചു. സി കെ പത്മനാഭന്റെ കൂടെ ജില്ലാ കമ്മിറ്റിയംഗം പി.കെ സുധീഷ് ബാബുവും ഉണ്ടായിരുന്നു. മഹാഭാരതയുദ്ധം നടക്കുമ്പോള്‍ അര്‍ജുനന് കൃഷ്ണന്‍ ഗീതോപദേശം നല്‍കിയ കഥ സ്പാനിഷ് ട്രാന്‍സിലേറ്ററുടെ സഹായത്തോടെ സി.കെ പത്മനാഭന്‍ അലൈഡയെ വിവരിച്ച് കേള്‍പ്പിച്ചു.

ഗസ്റ്റ് ഹൗസില്‍ എം എ ബേബിയും, ചിന്ത ജെറോമും ഉണ്ടായിരുന്നു. എം എ ബേബിയാണ് സി കെ പത്മനാഭനെ അലൈഡക്ക് പരിചയപ്പെടുത്തിയത്.

2017ല്‍ സി കെ പത്മനാഭന്‍ ചെഗുവേരയെ ഗാന്ധിജിയോടുപമിച്ച് സംസാരിച്ചത് വിവാദമായിരുന്നു. ക്യൂബന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കിയ ചെഗുവേരയെ യുവാക്കള്‍ മാതൃകയാക്കണമെന്നാണ് അന്ന് പത്മനാഭന്‍ പറഞ്ഞിരുന്നത്. കേരളത്തിലെ അക്രമ രാഷ്ട്രീയത്തിന് പ്രചോദനം ചെകുവേരയാണെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രസ്ഥാവനയ്ക്ക് മറുപടിയായിട്ടായിരുന്നു സികെ പത്മനാഭന്‍ ഇങ്ങനെ മറുപടി നല്‍കിയിരുന്നത്.

‘ചെഗുവേരയോട് ചെറുപ്പത്തിലെ ആരാധനയും ഇഷ്ടവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മോളെത്തുമ്പോള്‍ കാണാതിരിക്കാന്‍ പറ്റില്ലല്ലോ’ എന്നാണ് സി കെ പത്മനാഭന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

അമേരിക്കൻ യുവതിയെ ബലാൽസംഗം ചെയ്ത പ്രതിക്ക് ജാമ്യം; നിയമ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇരയുടെ ഫേസ്ബുക്ക് വീഡിയോ