X

വൻ പ്രതിഷേധങ്ങൾക്കിടെ വെടിവെപ്പ് നടന്നയിടങ്ങൾ ട്രംപ് സന്ദർശിച്ചു

ഹിസ്പാനിക് ജനതയ്‌ക്കെതിരെ വിദ്വേഷം വളർത്തുന്ന പ്രചാരണങ്ങളില്‍ സജീവമായിരുന്ന ആളായിരുന്നു ടെക്‌സാസിലെ അക്രമി.

രണ്ടുനാൾ മുമ്പ് വെടിവെപ്പുണ്ടായ ടെക്‌സാസിലും ഒഹിയോയിലും അമേരിക്കൻ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് സന്ദര്‍ശനം നടത്തി. ആക്രമണങ്ങളില്‍ 31 പേർ കൊല്ലപ്പെട്ടിരുന്നു. വർണവെറി പ്രചരിപ്പിക്കുന്ന സന്ദേശം നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ്‌ ടെക്‌സാസില്‍ വെടിവെപ്പ്‌ നടന്നത്. ഹിസ്‌പാനിക്‌ വിഭാഗക്കാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 22 പേരെ അക്രമി വെടിവെച്ചുകൊന്നിരുന്നു. ഹിസ്പാനിക് ജനതയ്‌ക്കെതിരെ വിദ്വേഷം വളർത്തുന്നതായി ട്രംപിനെതിരെത്തന്നെ ആരോപണമുണ്ട്.

ഒഹായോയിലെ ഡേട്ടണിൽ നിന്ന് ടെക്സാസിലെത്തിയ അദ്ദേഹം അവിടെ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ‘എല്ലാ തരത്തിലുമുള്ള വിദ്വേഷ പ്രചാരണങ്ങളും, അത് വെള്ള വര്‍ഗ്ഗക്കാരുടെ മേധാവിത്വമായാലും അല്ലെങ്കില്‍ മറ്റെന്തുമായാലും പ്രശ്നംതന്നെയാണെ’ന്ന് വാഷിംഗ്ടണിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, എൽ പാസോയെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റിക് കോൺഗ്രസ് വനിതയായ വെറോണിക്ക എസ്കോബാർ അദ്ദേഹത്തെ കാണാൻ വിസമ്മതിച്ചു. ‘ട്രംപിന്റെ വംശീയവും വെറുപ്പുളവാക്കുന്നതുമായ വാക്കുകളും പ്രവൃത്തികളും’ തന്റെ സമൂഹത്തിനും രാജ്യത്തിനും വേദനയുണ്ടാക്കിയെന്നാണ് വെറോണിക്ക പറഞ്ഞത്.

ഹിസ്പാനിക് ജനതയ്‌ക്കെതിരെ വിദ്വേഷം വളർത്തുന്ന പ്രചാരണങ്ങളില്‍ സജീവമായിരുന്ന ആളായിരുന്നു ടെക്‌സാസിലെ അക്രമി. പ്രചരിക്കുന്ന സന്ദേശങ്ങളിലെ പ്രയോഗങ്ങൾ ട്രംപിന്റെ ചില പ്രയോഗങ്ങള്‍ക്ക് സമാനമാണ്. യുഎസ്–മെക്സിക്കോ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി സംസാരിക്കുമ്പോഴെല്ലാം ട്രംപ് ‘അധിനിവേശം’ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. ഡേട്ടനിലെ അക്രമത്തിന്റെ കാരണം സ്ഥാപിക്കാനുള്ള തീവ്ര ശ്രമിത്തിലാണ് പോലീസ്. എന്നാൽ വെടിവച്ചയാൾ അക്രമാസക്തമായ പ്രത്യയശാസ്ത്രങ്ങളാല്‍ സ്വാധീനിക്കപ്പെട്ടയാളാണ് എന്നതിന് തെളിവുകൾ ലഭിച്ചതായും പോലീസ് പറയുന്നു.

വെടിവയ്പിനെ മാനസിക രോഗവുമായി ബന്ധിപ്പിക്കാൻ ട്രംപും മറ്റുള്ളവരും നടത്തിയ ശ്രമങ്ങളെ ആരോഗ്യ സംരക്ഷണ മേഖലകളിലെ വിദഗ്ധർ ശക്തമായി വിമർശിച്ചു. രോഗികളായവരുടെ കൈവശം ഇനിമുതല്‍ തോക്കുകള്‍ വേണ്ടെന്നും, അതുറപ്പുവരുത്താനുള്ള പശ്ചാത്തല പരിശോധനകള്‍ നടത്താൻ നോക്കുകയാണെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

This post was last modified on August 8, 2019 8:50 am