X

അഭിനന്ദന്റെ ധീരതയെ വാഴ്ത്തുന്നവർ അയാളുടെ അമ്മയെക്കുറിച്ചും അറിയണം; ആരാണ് ഡോ. ശോഭ?

രണ്ടാം ഗൾഫ് യുദ്ധകാലത്ത് ഇറാഖിലെ സുലേമാനിയയിലായിരുന്നു ശോഭ ആതുരസേവനം ചെയ്തത്.

പാകിസ്താന്റെ പിടിയിലകപ്പെട്ട വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ ധീരത വാഴ്ത്തുകയാണ് മാധ്യമങ്ങളെല്ലാം. വിമാനം തകർന്ന് താഴെ വീണപ്പോൾ മുതലുള്ള വിവിധ ഘട്ടങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിൽ ഓരോ സന്ദർഭത്തിലും പാക് ഓഫീസർമാരുടെ ചോദ്യം ചെയ്യലുകളോട് അഭിനന്ദൻ പ്രതികരിച്ച രീതിയാണ് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയത്. അഭിനന്ദന് ഈ ധീരത എവിടെനിന്നു കിട്ടി? അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചറിഞ്ഞാൽ ഈ സന്ദേഹങ്ങളെല്ലാം ഒടുങ്ങും.

ഡോ. ശോഭാ വർധമാൻ ആണ് അഭിനന്ദന്റെ അമ്മ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ യുദ്ധഭൂമികളിൽ ആതുരസേവകയായി പ്രവർത്തിച്ചിട്ടുണ്ട്. ലൈബീരിയ, ഇറാഖ്, ഐവറി കോസ്റ്റ്, പാപ്പുവ ന്യൂ ഗിനിയ, ഹെയ്തി, ലാവോസ് തുടങ്ങിയ ഇടങ്ങളിലെല്ലാം സംഘർഷബാധിത പ്രദേശങ്ങളിൽ സേവനത്തിനായി ഇവർ ധീരതയോടെ ഇറങ്ങിച്ചെന്നു.

മദ്രാസ് മെഡിക്കൽ കോളജിലാണ് ശോഭ ബിരുദപഠനം നടത്തിയത്. അനസ്തേഷ്യോളജിയിൽ നിന്ന് ബിരുദാനന്തരബിരുദം നേടിയത് റോയൽ കോളജ് ഓഫ് ഇംഗ്ലണ്ടിൽ നിന്നാണ്. മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ് (അതിരുകളില്ലാത്ത ആതുരസേവകർ) എന്ന സംഘടനയുടെ വളണ്ടിയറായിട്ടാണ് സംഘർഷ പ്രദേശങ്ങളിലേക്ക് ഇവർ ചെന്നത്. തീർത്തും സൗജന്യമായിരുന്നു ഇവരുടെ സേവനങ്ങളെല്ലാം.

2005ൽ സംഘർഷങ്ങളാൽ ദുരിതമയമായിത്തീർ‌ന്ന ഐവറി കോസ്റ്റിലെ എകെ 47 തോക്കുകൾക്കിടയിലേക്ക് ധൈര്യത്തോടെ ഇവർ കടന്നു ചെന്ന് ആതുരസേവനം നടത്തി. അതെ വർഷം തന്നെയായിരുന്നു ലൈബീരിയയിലേക്ക് നീങ്ങി. ഇതിനു ശേഷം നൈജീരിയയിലെ പോർട്ട് ഹാർകോർട്ടിലേക്കാണ് ശോഭ നീങ്ങിയത്. ഇവിടെ എണ്ണക്കമ്പനികളും നാട്ടുകാരും തമ്മിൽ നടക്കുന്ന സംഘർഷത്തിനിടയിലായിരുന്നു ശോഭയുടെ ദൗത്യം.

രണ്ടാം ഗൾഫ് യുദ്ധകാലത്ത് ഇറാഖിലെ സുലേമാനിയയിലായിരുന്നു ശോഭ ആതുരസേവനം ചെയ്തത്. ഇവിടെവെച്ച് ചാവേറാക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവമുണ്ടായി. ഇറാനിലും ഇവരുടെ സേവനം ലഭിക്കുകയുണ്ടായി.

2010ലെ ഹെയ്തി ഭൂകമ്പസമയത്തും ഡോ. ശോഭ വർധമാൻ ആതുരസേവനത്തിനായി അവിടെ എത്തുകയുണ്ടായി. 3 ലക്ഷത്തോളം പേർ കൊല്ലപ്പെട്ട ദുരന്തമായിരുന്നു ഈ ഭൂകമ്പം. വിങ് കമാൻഡർ അഭിനന്ദൻ ഈ ധീരത കാണിച്ചില്ലെങ്കിലാണ് അത്ഭുതപ്പെടേണ്ടിയിരുന്നത്.

This post was last modified on March 1, 2019 5:11 pm