X

എവിടെ നിന്നാണ് കർണാടകയിലെ ബിജെപിക്ക് ഇത്രയധികം പണം?

ബിജെപി വലിയ പ്രതീക്ഷയോടെ നിർലോഭം പണം ചെലവിട്ട സംസ്ഥാനമാണ് കർണാടക.

ഒരാൾക്ക് ഒരു രാത്രി തങ്ങുന്നതിന് 25,000 രൂപ ചെലവാക്കേണ്ട പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് ബിജെപി തങ്ങളുടെ എംഎൽഎമാരെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഒളിവിൽ പാർപ്പിച്ചത്. ഇപ്പോൾ തങ്ങളുടെ ക്യാമ്പിലേക്കെത്തിക്കാൻ ബിജെപി ശ്രമിക്കുന്ന കോൺഗ്രസ്സ്, ജെഡിഎസ് എംഎൽഎമാര്‍ക്കും സമാനമായ പരിചരണം നൽകുന്നു. റിസോർട്ടുകളിലും ഹോട്ടലുകളിൽ ബിജെപി ചെലവഴിക്കുന്ന തുക അവർ തെരഞ്ഞെടുപ്പുകാലത്ത് സംസ്ഥാനത്ത് ചെലവിട്ടതുമായി താരതമ്യം ചെയ്യുമ്പോൾ തുച്ഛമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി ആകെ ചെലവഴിച്ചത് 122 കോടി രൂപയാണെന്നാണ് ഇലക്ഷൻ കമ്മീഷന് സമർപ്പിച്ച കണക്ക്. മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്ക് 14 കോടി രൂപയാണ് ബിജെപി ചെലവിട്ടത്.

ഒരു സന്നദ്ധസംഘടന നടത്തിയ വിശകലന പഠനങ്ങൾ പറയുന്നത് പ്രകാരം കർണാടകത്തിൽ എല്ലാ പാർട്ടികളും കൂടി 356 കോടി രൂപ ശേഖരിക്കുകയും 170 കോടി രൂപയോളം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ബിജെപിയാണ് ഇതിൽ ഏറ്റവും കൂടുതല്‍ പണം ചെലവിട്ടതെന്നും ഈ പഠനം ചൂണ്ടിക്കാട്ടി. ആകെ 213 കോടി രൂപ ശേഖരിക്കുകയും അതിൽ 139 കോടി രൂപ ചെലവഴിക്കുകയും ചെയ്തു ബിജെപി. കോൺഗ്രസ്സ് 104.83 കോടി രൂപയാണ് ശേഖരിച്ചത്.

കൂടെ വരാൻ തയ്യാറുള്ള ഓരോ എംഎൽഎക്കും അമ്പതും അറുപതും കോടി രൂപയാണ് ബിജെപി ഓഫർ ചെയ്യുന്നത്. കൂറുമാറ്റ നിയമത്തെയും പേടിക്കാതെ എംഎല്‍എമാർ ബിജെപി ബുക്ക് ചെയ്യുന്ന ഹോട്ടൽ റൂമുകളിൽ പോയിൽ നിൽക്കാൻ തയ്യാറാവുന്നതിനു പിന്നിൽ ഇതാണ് കാര്യം.

മുന്‍പ് അമിത് ഷായുമായുള്ള ഒരു വാക്പോരിനിടയിൽ കോൺഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ്മ ആരോപിച്ചത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി 6,500 കോടി രൂപ ചെലവിട്ടെന്നാണ്. 20 കോടി രൂപ ഓരോ സ്ഥാനാര്‍ത്ഥിക്കുമായി കോൺഗ്രസ്സ് നൽകിയെന്നും ആരോപണമുണ്ടായി.

സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ സമ്പത്ത് താരതമ്യം ചെയ്ത് അസോസിയേഷന്ഡ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന ഒരു സംഘടന നടത്തിയ പഠനത്തിൽ കർണാടക എംഎൽഎമാരാണ് മറ്റിടങ്ങളിലെ എംഎൽഎമാരെ അപേക്ഷിച്ച് സമ്പന്നർ എന്ന കണ്ടെത്തൽ വന്നിരുന്നു. 2018ൽ പുറത്തുവന്ന പഠനത്തിൽ മുപ്പതോളം എംഎൽഎമാർ ഖനന വ്യവസായികളാണെന്നും അവരുടെ ആസ്തി ഭയാനകമാണെന്നും പറയുകയുണ്ടായി. അറുപത്തഞ്ചോളം എംഎൽഎമാർ റിയൽ എസ്റ്റേറ്റ് വ്യവസായികളാണ്. ഇരുപത്തഞ്ച് പേരാകട്ടെ വിദ്യാഭ്യാസ ബിസിനസ്സിലൂടെ സമ്പത്തുണ്ടാക്കുന്നവരാണ്. ബെംഗളൂരു കേന്ദ്രീകരിച്ച് വളർന്നിട്ടുള്ള വിദ്യാഭ്യാസ, റിയൽ എസ്റ്റേറ്റ് ബിസിനസ്സുകളിൽ ഭൂരിഭാഗവും രാഷ്ട്രീയക്കാരാണ് കൈകാര്യം ചെയ്യുന്നത്. കോൺഗ്രസ്സും ബിജെപിയും ഇക്കാര്യത്തിൽ ഒരുപോലെയാണ്. കോൺഗ്രസ്സിന്റെ ഡികെ ശിവകുമാർ അടക്കമുള്ളവർ സംസ്ഥാനത്തെ വലിയ ബിസിനസ്സുകാരാണ്. റെഡ്ഢി സഹോദരന്മാരുടെ വീഴ്ച രാഷ്ട്രീയത്തിലെ മൈനിങ് ലോബിക്ക് ബലക്ഷയമുണ്ടാക്കിയെങ്കിലും രാഷ്ട്രീയരംഗം ഒന്നടങ്കം ഭരിക്കുന്നത് ബിസിനസ്സുകാർ തന്നെയാണ് ഇപ്പോഴും.

ബിജെപി വലിയ പ്രതീക്ഷയോടെ നിർലോഭം പണം ചെലവിട്ട സംസ്ഥാനമാണ് കർണാടക. ബിജെപിയുടെ കേന്ദ്ര ഫണ്ടിൽ നിന്നും വന്ന തുകയ്ക്കു പുറമെ സംസ്ഥാനത്തെ നാടുവാഴി-ബിസിനസ്സ് നേതാക്കള്‍ ചെലവിട്ട കോടികൾക്ക് കണക്കില്ല. സംസ്ഥാനത്ത് ബിഎസ് യെദ്യൂരപ്പയും മറ്റ് ബിജെപി നേതാക്കളും പങ്കിടുന്ന ദുഖത്തിന്റെ വലിപ്പം എന്തെന്ന് ഈപ്പറഞ്ഞ തുകകളിൽ നിന്നു തന്നെ വ്യക്തമാണ്. മുടക്കുമുതൽ തിരിച്ചുകിട്ടാത്തത് വലിയൊരു ആശങ്കയാണ്.

This post was last modified on February 9, 2019 6:26 pm