X

മോദിയുടെ നോട്ട് നിരോധനം എന്തുകൊണ്ട് ലോകതോല്‍വിയായി? ബിബിസി പറയുന്നു

ഇതുവരെ ആരും ചെയ്യാത്ത രീതിയില്‍ നടപ്പാക്കിയ ഈ പരിപാടിയുടെ ദുരിതങ്ങള്‍ ഇനിയും അനുഭവിക്കാന്‍ കിടക്കുന്നതായി ബിബിസി ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം എന്തുകൊണ്ട് വലിയ പരാജയമായി മാറി എന്നാണ് ബിബിസി പറയുന്നത്. അസാധുവാക്കിയ പഴയ 500, 1000 നോട്ടുകളില്‍ ഏതാണ്ട് മുഴുവനും ബാങ്കുകളില്‍ തിരിച്ചെത്തിയതായുള്ള റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് ബിബിസി ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന നയപരിപാടികളില്‍ ഒന്നായിരുന്നു. റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടിലെ 195ാം പേജില്‍ 10 മാസമാകുന്ന നോട്ട് നിരോധനം സംബന്ധിച്ചുള്ള ഇന്ത്യക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമുണ്ട്.

നോട്ട് നിരോധനം വിജയമോ പരാജയമോ ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത് അതൊരു ഘടാഘടിയന്‍ പരാജയമാണെന്നാണ്. ജൂണ്‍ 30 വരെ ഏതാണ്ട് 15.49 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ അതായത് 99 ശതമാനം നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തി. കള്ളപ്പണം ബാങ്കുകളിലെത്തി എന്ന് വേണം മനസിലാക്കാന്‍. സര്‍ക്കാരിന്റെ അവകാശവാദം പോലെ ഒന്നും നശിപ്പിക്കപ്പെട്ടില്ല. കള്ളപ്പണം കൈവശമുള്ളവര്‍ മറ്റുള്ളവര്‍ വഴി വിതരണം ചെയ്ത് അത് ബാങ്കിലെത്തിച്ചു. കള്ളനോട്ടുകള്‍ പിടിക്കുന്ന കാര്യത്തിലും ഒന്നും സംഭവിച്ചില്ല. 2016 ഏപ്രിലിനും 2017 മാര്‍ച്ചിനും ഇടയില്‍ 500, 1000 രൂപകളുടെ 5,73,891 കള്ളനോട്ടുകള്‍ കണ്ടെത്തിയതായാണ് ആര്‍ബിഐ പറയുന്നത്. ബാങ്കില്‍ നിന്ന് പിന്‍വലിച്ചത് 24.02 ബില്യണ്‍ നോട്ടുകള്‍. ഇതിന് തൊട്ടുമുമ്പുള്ള വര്‍ഷം 4,04,794 കള്ളനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. നോട്ട് നിരോധനമൊന്നും ഇല്ലാതെയാണ് ഇത്.

നോട്ട് നിരോധന പരിപാടി തുടങ്ങിയ ശേഷം എത്ര രൂപയുടെ കള്ളപ്പണം കറന്‍സി നോട്ടുകളായി പിടിച്ചെടുത്തു എന്നത് സംബന്ധിച്ച് യാതൊരു കണക്കുമില്ല. 2016 ഡിസംബര്‍ 16ന് ലോക്‌സഭയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ മറുപടിയില്‍ ഇതിന് വ്യക്തതയുണ്ടായിരുന്നില്ല. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് സൂചിപ്പിക്കുന്നത് അഞ്ച് ശതമാനം പേര്‍ മാത്രമേ കറന്‍സി നോട്ടുകളായി കള്ളപ്പണം സൂക്ഷിക്കുന്നുള്ളൂ എന്നാണ്. സര്‍ക്കാര്‍ രേഖകളുടെ കാര്യം ഇതാണെങ്കിലും മോദി സര്‍ക്കാരിനെ ന്യായീകരിക്കുന്നതിന് പല സാമ്പത്തിക വിദഗ്ധര്‍ക്കും ബുദ്ധിമുട്ടുണ്ടായില്ല. എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് അവര്‍ ഇത്തരം നിഗമനങ്ങളിലെത്തിയതെന്ന് അറിയില്ലെന്ന് ബിബിസി പറയുന്നു.

ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് അടക്കം നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ ദുരിതങ്ങള്‍ അംഗീകരിക്കുന്നുണ്ട്. അസംഘടിത മേഖലയിലെ രണ്ടര ലക്ഷം ഉല്‍പ്പാദന യൂണിറ്റുകള്‍ അടച്ചുപൂട്ടി. റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കം നിരവധി തൊഴില്‍ നഷ്ടമുണ്ടായി. കറന്‍സി നോട്ടുകളുടെ വിനിമയത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന കാര്‍ഷികമേഖല ദുരിതത്തിലായി. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില കിട്ടാത്തതിനാല്‍ കര്‍ഷകര്‍ പ്രതിഷേധ രംഗത്തിറങ്ങി. പല സംസ്ഥാന സര്‍ക്കാരുകളും കര്‍ഷകരുടെ വായ്പ എഴുതിത്തള്ളി. വലിയ കറന്‍സി ക്ഷാമമാണ് ഉണ്ടായത്. എടിഎമ്മില്‍ നിന്ന് പണം കിട്ടാന്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടി. ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിന്നവരില്‍ പലരും കുഴഞ്ഞുവീണ് മരിച്ചു. മോദി സര്‍ക്കാര്‍ തെറ്റ് സമ്മതിക്കാന്‍ പോകുന്നില്ല. അവര്‍ ഇതുവരെ ചെയ്തത് പോലെ ഇനിയും ന്യായീകരിച്ചുകൊണ്ടിരിക്കും.

ഇന്ത്യ ഗവണ്‍മെന്റിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു – ഇന്ത്യയുടെ നോട്ട് നിരോധന നടപടി ലോക സാമ്പത്തിക ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ളതായിരുന്നു. അസാധാരണമായ സ്ഥിതിവിശേഷമൊന്നും ഇല്ലാത്ത സമയത്ത് വളരെ രഹസ്യസ്വഭാവത്തോടെയും ഞൊടിയിടയിലുമാണ് ഇത്തരമൊരു തീരുമാനം നടപ്പാക്കപ്പെട്ടത്. സാധാരണയായി ഇത്തരം നടപടികളുണ്ടാവുന്നത്. ഗുരുതരമായ പണപ്പെരുപ്പ പ്രതിസന്ധി, രാഷ്ട്രീയ അരക്ഷിതാവസ്ഥകള്‍, യുദ്ധങ്ങള്‍ തുടങ്ങിയവ ഉണ്ടാകുന്ന സാഹചര്യങ്ങളിലാണ്. ഇതുവരെ ആരും ചെയ്യാത്ത രീതിയില്‍ നടപ്പാക്കിയ ഈ പരിപാടിയുടെ ദുരിതങ്ങള്‍ ഇനിയും അനുഭവിക്കാന്‍ കിടക്കുന്നതായി ബിബിസി ചൂണ്ടിക്കാട്ടുന്നു.

This post was last modified on November 8, 2018 2:25 pm