X

ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനെ കായികമന്ത്രാലയം സസ്പെന്‍ഡ് ചെയ്തു

ആരോപണ വിധേയരായവരുടെ നിയമനം പിന്‍വലിക്കുന്നതുവരെ ഐഒഎയെ സസ്പെന്‍ഡ് ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം

അഴിമതിയാരോപണ വിധേയരായ സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗട്ടാലയെയും ആജീവനാന്ത പ്രസിഡന്റുമാരായി നിയമിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനെ (ഐഒഎ) കായികമന്ത്രാലയം സസ്പെന്‍ഡ് ചെയ്തു. കല്‍മാഡിയുടെയും ചൗട്ടാലയുടെയും നിയമിനം പിന്‍വലിക്കാനാവശ്യപ്പെട്ടിട്ടും നടപടികളെടുക്കാത്തതാണ് ഐഒഎയെ സസ്പെന്‍ഡ് ചെയ്തത്. കേന്ദ്ര കായികമന്ത്രി വിജയ് ഗോയലാണ് സസ്പെന്‍ഡ് ചെയ്ത വാര്‍ത്ത പുറത്തറിയിച്ചത്. ഐഒഎക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നും യാതൊരു സാമ്പത്തിക സഹകരണമോ മറ്റു സഹായങ്ങളോ നല്‍കില്ലെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

അഴിമതിയാരോപണ വിധേയരായ ഇരുവരെയുടെയും നിയമനത്തെ സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ വെള്ളിയാഴ്ച വരെ ഐഒഎക്ക് സമയം നല്‍കിയിരുന്നു. എന്നാല്‍ കായികമന്ത്രാലയത്തിന്റെ നോട്ടീസിന് ഐഒഎ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തീരുമാനത്തെക്കുറിച്ച് കായിക മന്ത്രാലായം പറയുന്നത്-

സര്‍ക്കാറിന് തെറ്റായ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഐഒഎയോട് കാരണം കാണിക്കല്‍ നോട്ടീസ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവര്‍ 15 ദിവസം കൂടി ചോദിക്കുകയാണ് ചെയ്തിരിക്കുന്നത്. ആരോപണ വിധേയരായവരുടെ നിയമനം പിന്‍വലിക്കുന്നതുവരെ ഐഒഎയെ സസ്പെന്‍ഡ് ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

നേരത്തെ പ്രസിഡന്റ് എന്‍ രാമചന്ദ്രന്‍ വിദേശത്തായതിനാല്‍ 15 ദിവസത്തെ അവധി വേണമെന്ന് ഐഒഎ ആവശ്യപ്പെട്ടിരുന്നത് നിരസിച്ചാണ് കായികമന്ത്രാലയം, അസോസിയേഷനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.