X

കറുത്ത ബുധനാഴ്ചയായി ഓഹരി വിപണി

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ഓഹരി വിപണികളില്‍ രക്തച്ചൊരിച്ചില്‍. ബി എസ് ഇ സെന്‍സെക്‌സ് 722 പോയിന്റ് ഇടിഞ്ഞ് 26,717 പോയിന്റിലും നിഫ്റ്റി 227 പോയിന്റ് നഷ്ടത്തിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. അല്‍ഗോരിതമിക് ട്രേഡിങ് പ്ലാറ്റ്‌ഫോമുകളാണ് രണ്ട് ഓഹരി വിപണികളിലേയും കൂട്ട വില്‍പനയ്ക്ക് കാരണമായതെന്ന് ഡീലര്‍മാര്‍ പറയുന്നു. കൂടാതെ മുന്‍കാല പ്രാബല്യത്തോടെയുള്ള നികുതിയെച്ചൊല്ലിയുള്ള ആശങ്കകളെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ വില്‍പനക്കാരായതും വിപണിക്ക് തിരിച്ചടിയായി. 

മുന്‍കൂട്ടി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വലിയ വ്യാപാരം നടത്താന്‍ കംപ്യൂട്ടറുകളെ ഉപയോഗിക്കുന്ന രീതിയാണ് അല്‍ഗോരിതമിക് ട്രേഡിങ് പ്ലാറ്റ്‌ഫോമുകള്‍ അവലംബിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമുകളില്‍ വഴി വ്യാപാരം നടത്തുമ്പോള്‍ സെന്‍സെക്‌സും നിഫ്റ്റിയും ഒരു നിശ്ചിത പരിധി കടക്കുമ്പോള്‍ സ്വമേധയാ വില്‍പന ആരംഭിക്കും.

നിക്ഷേപ ബാങ്കുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, മ്യൂച്യല്‍ ഫണ്ടുകള്‍ എന്നിവയാണ് പ്രധാനമായും അല്‍ഗോരിതമിക് വ്യാപാരം നടത്തുന്നത്. ഒരു മനുഷ്യന് അസാധ്യമായ വേഗത്തിലും ആവൃത്തിയിലുമാണ് അല്‍ഗോ വ്യാപാരികള്‍ വ്യാപാരം നടത്തുന്നത്. അതിന്റെ ഫലമായി മാനുഷിക വികാരങ്ങള്‍ വ്യാപാരത്തില്‍ പ്രഭാവം ചെലുത്തുകയില്ല. നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ വ്യാപാര സാധ്യതകള്‍ കണ്ടെത്താന്‍ അല്‍ഗോ ട്രേഡേഴ്‌സിന് സാധിക്കും. 

ഇന്ന് 599 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2143 ഓഹരികള്‍ക്ക് ഇടിവ് സംഭവിച്ചു.

 

This post was last modified on December 27, 2016 2:57 pm