X

രാജ്യത്തെ കുറ്റകൃത്യങ്ങളുടെ ‘തലസ്ഥാന നഗരം’ കൊല്ലം

അഴിമുഖം പ്രതിനിധി

നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ട 2014-15ലെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സിറ്റികളില്‍ ഒന്നാം സ്ഥാനം കൊല്ലത്തിനാണ്. 10 ലക്ഷമോ അതിലധികമോ ജനസംഖ്യയുള്ള ഇന്ത്യയിലെ 53 നഗരങ്ങളില്‍ നിന്നുള്ള പട്ടികയിലാണ് കൊല്ലത്തെ കുറ്റകൃത്യങ്ങളുടെ ‘തലസ്ഥാന’മാക്കിയത്. തിരുവനന്തപുരം നഗരവും പട്ടികയില്‍ മുന്‍നിരയിലുണ്ട്. പട്ടികയില്‍ നലാം സ്ഥാനമാണ് തിരുവനന്തപുരം നഗരത്തിന്. 

കൊച്ചി,കോഴിക്കോട്,കണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളാണ് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച കേരളത്തിലെ മറ്റു നഗരങ്ങള്‍. പട്ടികയില്‍ കൊച്ചിക്ക് പതിനൊന്നാം സ്ഥാനവും കോഴിക്കോടിന് പതിനേഴാം സ്ഥാനവും, കണ്ണൂരിന് അമ്പത്തിരണ്ടാം സ്ഥാനവുമാണുള്ളത്. 11 ലക്ഷം ജനസംഖ്യയുള്ള കൊല്ലത്ത് 2015ല്‍ രജിസ്റ്റര്‍ ചെയ്തത് 13,257 കേസുകളാണ്. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ കുറ്റകൃത്യങ്ങളുടെ തോത് കണക്കാക്കുന്നത് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കുറ്റകൃത്യങ്ങളെ നഗരത്തിലെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ചാണ്. അതുപ്രകാരം കൊല്ലം നഗരത്തിലെ കുറ്റകൃത്യങ്ങളുടെ തോത് ലക്ഷം പേര്‍ക്ക് 1194 കേസ് എന്നതാണ്. 

കുറ്റകൃത്യങ്ങളുടെ കണക്കുകളില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 1.63 കോടി ജനസംഖ്യയാണുള്ളത്. ഡല്‍ഹിയില്‍ 1,73,947 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഡല്‍ഹിയിലെ തോത് കണക്കാക്കിയാല്‍ ലക്ഷം പേര്‍ക്ക് 1066 കേസാണുള്ളത്. മൂന്നാം സ്ഥാനം 11 ലക്ഷം ജനസംഖ്യയുള്ള രാജസ്ഥാനിലെ ജോധ്പുരിനാണ്. ജോധ്പുരിലെ കുറ്റകൃത്യങ്ങളുടെ തോത് ലക്ഷം പേര്‍ക്ക് 1038 എന്നതാണ്. രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 25.7 ശതമാനവും ഡല്‍ഹിയിലാണെന്നും ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് പറയുന്നുത്. 

ഉണ്ടാവുന്ന കുറ്റകൃത്യങ്ങള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നതിനാലാണ് ഡല്‍ഹി,മുംബൈ, കൊല്‍ക്കത്ത നഗരങ്ങളെ പിന്തള്ളി കൊല്ലവും തിരുവനന്തപുരവുമൊക്കെ കുറ്റകൃത്യ പട്ടികയില്‍ മുന്നിലായത്. വടക്ക്-കിഴക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങളെയും നഗരങ്ങളെയും അപേക്ഷിച്ച് കേരളത്തില്‍ ചെറിയ കേസുകള്‍ പോലും രജിസ്റ്റര്‍ ചെയ്യുന്നതാണ് നിരക്കുവര്‍ധിക്കാന്‍ കാരണമെന്ന് വാദമുണ്ട്. കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പില്‍ സമരങ്ങളുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ് സംഭവങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെടുന്നതിനാല്‍ കേരളത്തിലെ നഗരത്തിലെ കുറ്റങ്ങളുടെ തോത് വര്‍ധിക്കാന്‍ ഇടയായി.

2012-13ല്‍ 817.9 എന്ന ശരാശരിയില്‍ കൊച്ചിയായിരുന്നു കുറ്റകൃത്യങ്ങളില്‍ മുന്‍പിലുണ്ടായിരുന്ന നഗരം. കൊല്ലം നാലാം സ്ഥാനത്തുമായിരുന്നു. 2011-12ല്‍ കേരളത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 511278 ആണ്. 2010-11 ലും രാജ്യത്തെ ശരാശരിയുടെ ഇരട്ടിയലധികമായിരുന്നു കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക്. 

കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എന്‍ എ റഷീദ് വാര്‍ത്തകളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. 

This post was last modified on December 27, 2016 2:37 pm