X

‘ഇന്ത്യയുടെ മകള്‍’ രാജ്യത്ത് പ്രദര്‍ശിപ്പിക്കണം; നിര്‍ഭയ പെണ്‍കുട്ടിയുടെ മാതാവ്

അഴിമുഖം പ്രതിനിധി

തന്റെ മകളുടെ മരണവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ ‘ഇന്ത്യയുടെ മകള്‍’എന്ന ഡോക്യൂമെന്ററി രാജ്യത്ത് സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കണമെന്ന് നിര്‍ഭയയുടെ അമ്മയും ആവശ്യപ്പെട്ടു. ഡോക്യൂമെന്ററി നിരോധിച്ചതിനെതിരെ രാജ്യവ്യാപക പ്രതിഷേധം അലയടിക്കെയാണ് നിര്‍ഭയയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയണമെന്നും പ്രതികള്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന് ജനം തീരുമാനിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

2012 ഡിസംബര്‍ 16നാണ് ഡല്‍ഹിയിലെ ഓടുന്ന ബസില്‍ വച്ച് നിര്‍ഭയയെന്ന് ലോകം വിളിച്ച പെണ്‍കുട്ടി പിച്ചിച്ചീന്തപ്പെട്ടത്. മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന അവള്‍ സുഹൃത്തിനൊപ്പം പുറത്തുപോയി വീട്ടിലേക്ക് മടങ്ങവേയാണ് സംഭവമുണ്ടായത്. ഇതിനെക്കുറിച്ച് ബിബിസി ചെയ്ത ഡോക്യുമെന്ററിയാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. സംഭവത്തില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന മുകേഷ് സിംഗ് എന്ന് പ്രതിയുടെയും പ്രതിഭാഗം അഭിഭാഷകരുടെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനമായത്. രാജ്യമെമ്പാടും പ്രതിഷേധം അലയടിച്ചതോടെ സര്‍ക്കാര്‍ ഇതിന് വിലക്കേര്‍പ്പെടുത്തി. എന്നാല്‍ ബിബിസി ഇത് യുകെയില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഇത് യുട്യൂബിലും ലഭ്യമാക്കി. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് യുട്യൂബ് ഡോക്യുമെന്ററി പിന്‍വലിച്ചു.

 

This post was last modified on December 27, 2016 2:52 pm