X

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല: സുപ്രീം കോടതി

അഴിമുഖം പ്രതിനിധി

സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ലെന്ന് സുപ്രീം കോടതി. സന്നദ്ധസംഘടനയായ കോമണ്‍ കോസും, ആണവവിരുദ്ധ പ്രവര്‍ത്തകനായ ഡോ എസ് പി ഉദയകുമാറും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി വ്യക്തമാക്കിയത്. ജഡ്ജിമാരായ ദീപക് മിശ്ര, യു യു ലളിത് എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

1962-ല്‍ കേദാര്‍നാഥും ബിഹാര്‍ സംസ്ഥാനവും തമ്മിലുള്ള കേസിലാണ് ഭരണഘടനാ ബെഞ്ച് രാജ്യദ്രോഹ നിയമ(വകുപ്പ് 124 എ)ത്തിന്റെ പരിധി പരിമിതപ്പെടുത്തിയത്. ഇനി മുതല്‍ രാജ്യദ്രോഹ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇതു സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി പിന്തുടരണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

കോമണ്‍ കോസിനും ഉദയകുമാറിനും വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണണാണ് ഹാജരായത്. കൂടംകുളം ആണവ നിലയത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെയും കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിക്കെതിരെയും കേസെടുത്തത് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അതിന്റെ പകര്‍പ്പ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും അയച്ച് കൊടുക്കമെന്നും പ്രശാന്ത് ഭൂഷണ്‍ നിര്‍ദേശിച്ചിരുന്നു.

പ്രശാന്ത് ഭൂഷണ്‍ നിര്‍ദേശിക്കപ്പെട്ട കാര്യങ്ങള്‍ ആവശ്യമില്ലെന്നും ഏതെങ്കിലും പ്രത്യേക കേസുകളില്‍ ദുരുപയോഗം നടന്നാല്‍ അക്കാര്യത്തില്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും എല്ലാവരും കേദാര്‍നാഥ് കേസിലെ വിധി പിന്തുടര്‍ന്നാല്‍ മതിയെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

 

This post was last modified on December 27, 2016 2:29 pm