X

ഭീതി വിതച്ച് ‘ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി’; ഫ്ലോറിഡയിൽ ഒരാളെ കുത്തി കൊലപ്പെടുത്തി

രണ്ട് മീറ്ററോളം ഉയരം വരുന്ന ഈ പക്ഷികൾക്ക് ഏകദേശം 60 കിലോഗ്രാമോളം ഭാരം വരും.

ഇരപിടിക്കാൻ വാളുപോലെ മൂർച്ചയുള്ള നഖങ്ങളുപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി എന്നറിയപ്പെടുന്ന കസോവറി ഒരാളെ കൂടി കൊലപ്പെടുത്തി. കസോവറി പക്ഷിയെ കാലങ്ങളായി വളർത്തിവന്നിരുന്ന ആളെ ഫ്ലോറിഡയിലെ ജയ്‌സൺവില്ലയിലെ വീട്ടിൽ വെച്ച് കസോവറി അപ്രതീക്ഷിതമായി നഖം കൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു.  ആസ്ട്രേലിയയിലും പപ്പുവ ന്യൂ ഗിനിയയിലും കണ്ടുവരുന്ന ഈ ഭീമൻ പക്ഷി ഈ സംഭവത്തോടെ ആളുകളുടെ പേടിസ്വപ്നമായി മാറുകയാണ്. ദേഷ്യം വന്നാൽ മണിക്കൂറിൽ അൻപത് കിലോമീറ്റർ വേഗതയിൽ പലവിധ ശബ്ദങ്ങളും പുറപ്പെടുവിച്ച് കൊണ്ട് ചീറിപ്പാഞ്ഞ് അടുത്തുവന്നാണ് തന്റെ നീണ്ട നഖങ്ങൾ കൊണ്ട്  കസോവറി ആളുകളെ ആക്രമിക്കുന്നത്.

കസോവറി പക്ഷികൾക്ക് കാഴ്ച്ചയിൽ എമു പക്ഷികളുമായി സാദൃശ്യമുണ്ട്. രണ്ട് മീറ്ററോളം ഉയരം വരുന്ന ഈ പക്ഷികൾക്ക് ഏകദേശം 60 കിലോഗ്രാമോളം ഭാരം വരും. കറുത്ത തൂവലുകളുള്ള ശരീരമുള്ള കസോവറിയ്ക്ക് നീല നിറത്തിലുള്ള നീണ്ട തലയായിരിക്കും. കൂർത്ത നഖങ്ങൾ ഉപയോഗിച്ചാണ് ഇവ ശത്രുക്കളെ തുരത്തുകയും ഇരപിടിക്കുകയും ചെയ്യുന്നത്. സാൻ ഡീഗോ മൃഗശാലയുടെ വെബ്‌സൈറ്റാണ് ആദ്യമായി കസോവറി പക്ഷികളെ ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി എന്ന് വിശേഷിപ്പിക്കുന്നത്. ഇത്ര അപകടകാരിയാണെങ്കിലും ഈ പക്ഷികളെ ചില അമേരിക്കക്കാർ വീട്ടിൽ വളർത്താറുണ്ട്. കസോവറിയെ ഇറച്ചിക്കായി ഉപയോഗിക്കാറില്ലെങ്കിലും കൗതുകം കൊണ്ടാണ് പലരും ഇതിനെ മെരുക്കി വളർത്തുന്നത്.

This post was last modified on April 15, 2019 1:28 pm