X

അക്ഷരാർത്ഥത്തിൽ ഞങ്ങൾ നിലത്തേക്ക് പതിക്കുകയായിരുന്നു; ഫ്ലോറിഡയിലെ നദിയിൽ പതിച്ച ബോയിങ് വിമാനത്തിലെ യാത്രക്കാർ

നിലവിൽ ഇരുപത്തിയൊന്ന് പേരെ നിസ്സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

റൺവേയിൽ നിന്നും തെന്നിമാറിയ ബോയിങ് 737 വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാനുള്ള മണിക്കൂറുകൾ നീണ്ട ഭീതിദമായ ശ്രമങ്ങൾക്കൊടുവിൽ ഫ്ലോറിഡയിലെ ഒരു നദിയിൽ നിലംപൊത്തി. നദിയിൽ പതിച്ച വിമാനത്തിലുണ്ടായിരുന്ന 143 യാത്രക്കാരിലാർക്കും തന്നെ ഗുരുതരമായ പരിക്കുകളില്ലെന്നാണ് റിപ്പോർട്ടുകൾ. ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തിൽനിന്നു വരികയായിരുന്ന വിമാനം പ്രാദേശിക സമയം 9 .40 ഓടെ റൺവെയിൽ നിന്നും തെന്നിമാറുകയായിരുന്നു.

നിലവിൽ ഇരുപത്തിയൊന്ന് പേരെ നിസ്സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. 136 യാത്രക്കാർക്കും 7 വിമാന ജീവനക്കാർക്കും യാതൊരു വിധത്തിലുള്ള പരിക്കുകളുമില്ലെന്നും എല്ലാവരെയും രക്ഷിക്കാനായെന്നും അപകടം നടന്ന ജാക്സൺവില്ല ഷെര്‍ഫ് ഓഫീസര്‍ ട്വീറ്റ് ചെയ്തു.

ശക്തമായ ഇടിമിന്നലിനെ തുടർന്നാണ് വിമാനം ഇത്ര അപകടകരമായ വിധത്തിൽ നദിയിൽ ലാൻഡ് ചെയ്യേണ്ടി വന്നതെന്നാണ് യാത്രക്കാർ സി എൻ എൻ ചാനലിനോട് വെളിപ്പെടുത്തുന്നത്. വിമാനം പുറപ്പെടാൻ സാധാരണ സമയത്തിനേക്കാൾ അഞ്ച് മണിക്കൂർ വൈകിയിരുന്നതായും സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.

“ഞങ്ങൾ താഴേയ്ക്ക് പതിക്കുകയായിരുന്നു. അക്ഷരാർത്ഥത്തിൽ തന്നെ ഞങ്ങൾ നിലത്ത് മുട്ടി. വിമാനം ചാഞ്ചാടിക്കൊണ്ടേ ഇരിക്കുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം പൈലറ്റിന്റെ കയ്യിലൊതുങ്ങുന്നില്ലെന്ന് ഞങ്ങൾക്ക് ഏതാണ്ട് ഉറപ്പായിരുന്നു. ഞങ്ങൾ ആകെ പേടിച്ച് വിരണ്ടുപോയി.” നടുങ്ങിപ്പോയ ആ നിമിഷത്തെക്കുറിച്ച് ബോയിങ് വിമാനത്തിലെ യാത്രക്കാർ ദി ഗാർഡിയനോട് പറയുന്നു. യുഎസ് സൈന്യത്തിനായി ചാർട്ട് ചെയ്ത മിയാമി എയർ ഇന്റർനാഷനലിന്റെ വിമാനമാണ് അപകടത്തിൽപെട്ടതെന്നാണ് റിപ്പോർട്ടുകൾ. വിമാനം നദിയിൽ മുങ്ങിപ്പോയിട്ടില്ലെന്ന് ദൃക്‌സാക്ഷികൾ ട്വിറ്ററിൽ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ തെളിയിക്കുന്നുണ്ട്.