X

“ട്രംപിന്റെ ചുണ്ട് മുഖത്തിനുനേരെ വന്നത് ഓർക്കുമ്പോൾ എനിക്കിപ്പോഴും അസ്വസ്ഥതയാണ്”; ലൈംഗിക പീഡന ആരോപണവുമായി യുവതി

ഏതു നേരവും അതിക്രമം നടത്തിയേക്കാവുന്ന ഒരു ഇരപിടിയനാണ് ട്രംപെന്നും യുവതി

WASHINGTON, DC - DECEMBER 31: Alva Johnson photographed on Wednesday, February 20, 2019, in Washington, D.C. Johnson, a staffer on Donald Trump’s 2016 presidential campaign says he forcibly kissed her at a small gathering of supporters before a Florida rally, an interaction that she alleges in a lawsuit still causes her anguish. (Photo by Salwan Georges/The Washington Post)

“ഞാൻ അത് തീരെ പ്രതീക്ഷിച്ചില്ലായിരുന്നു, എനിക്ക് തീരെ താല്പര്യവുമില്ലായിരുന്നു, ട്രംപിന്റെ ചുണ്ട് എന്റെ മുഖത്തിനുനേരെ വന്നത് ഓർക്കുമ്പോൾ എനിക്കിപ്പോഴും അസ്വസ്ഥതയാണ്, എന്റെ സമ്മതമില്ലാതെ ബലമായാണ് ട്രംപ് എന്നെ ചുംബിച്ചത്.” 2016 ൽ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണപരിപാടികൾക്കിടയിൽ സംഘത്തിനൊപ്പമുണ്ടായിരുന്ന തന്നെ ഡൊണാൾഡ് ട്രംപ് ബലമായി ചുംബിച്ചുവെന്നാരോപിച്ചുകൊണ്ടാണ് അൽവാ ജോൺസൺ എന്ന യുവതി അമേരിക്കൻ പ്രസിഡന്റിനെതിരെ നിയമപോരാട്ടത്തിനിറങ്ങുന്നത്. ഇത് ട്രംപിന് സ്ത്രീകളോടുള്ള പെരുമാറ്റ ദൂഷ്യങ്ങളുടെ തെളിവാണെന്നും ഏതു നേരവും അതിക്രമം നടത്തിയേക്കാവുന്ന ഒരു ഇരപിടിയനാണ് ട്രംപെന്നും എടുത്ത് പറഞ്ഞുകൊണ്ടാണ്  എടുത്ത് യുഎസ് ജില്ലാ കോടതിയിൽ ജോൺസൺ പരാതി സമർപ്പിച്ചത്.

എന്നാൽ ട്രംപിനെതിരായ ലൈംഗികാരോപണങ്ങളെ വൈറ്റ് ഹൌസ്  ശക്തിയുക്തം നിഷേധിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക് ബലം പ്രയോഗിച്ച് ചുംബിച്ചു എന്ന് പറയുന്നത് തന്നെ അസംബന്ധമാണെന്നാണ്‌ വൈറ്റ് ഹൌസ് വക്താവ് സാറ സാന്ഡേഴ്സ്  പ്രതികരിച്ചത്. പ്രചാരണത്തിനുണ്ടായിരുന്ന മറ്റുള്ളവരുടെ സാക്ഷിമൊഴികളും ജോൺസന്റെ ആരോപണങ്ങളും തമ്മിൽ വൈരുധ്യങ്ങളുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.

ഒരു മീറ്റിങ്ങിന് ശേഷം വാഹനത്തിൽ നിന്ന് ഇറങ്ങാൻ തുടങ്ങുകയായിരുന്ന തന്നെ ട്രംപ് ബലമായി ചേർത്തുപിടിച്ചെന്നും തന്റെ താല്പര്യമില്ലായ്മ ആവുന്നത്ര വ്യക്തമായി പ്രകടിപ്പിച്ചിട്ടും ട്രംപ് ബലമായി മുഖം പിടിച്ച് ചുംബിച്ചുവെന്നുമാണ് പരാതിയിലുള്ളത്. പ്രചാരണത്തിൽ കൂടെയുണ്ടായിരുന്നവർ ഈ ബലമായ ചുംബനത്തെക്കുറിച്ച് അറിയുകയും അമാന്യമായ തമാശകൾ പറയാൻ തുടങ്ങുകയും ചെയ്തതോടെ അത്യധികം അപമാനിതയായി താൻ പങ്കാളിയെയും മാതാപിതാക്കളെയും വിളിച്ചുകരഞ്ഞുവെന്നും ഇവർ വെളിപ്പെടുത്തുന്നുണ്ട്. കുറഞ്ഞ ശമ്പളത്തിലാണ് താൻ ട്രംപിനൊപ്പം പണിയെടുത്തിരുന്നത്. സമ്മതമില്ലാതെ ശരീരത്തിലേക്ക് കടന്നാക്രമിക്കാൻ ശ്രമിച്ചത് വംശീയ അധിക്ഷേപവും ആണധികാരപ്രയോഗവുമാണെന്നാണ് ഇവർ പറയുന്നത്.

This post was last modified on February 26, 2019 5:13 pm