“ഞാൻ ഞാൻ എന്റെ മനസ്സാക്ഷി പറയുന്നത് പോലെ പ്രവർത്തിച്ചാൽ അതെല്ലാം നിയമവിരുദ്ധമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ ഇന്ന് ആ അവസ്ഥയെല്ലാം മാറിയിരിക്കുന്നു. ഞാൻ ഇപ്പോൾ എന്റെ രാജ്യത്തിൻറെ നേതാവാണ്. ആളുകൾ എന്നെ ഇപ്പോൾ വിമർശിക്കുന്നതും വിലയിരുത്തുന്നതും എന്റെ ലൈംഗിക സ്വത്വം നോക്കിയല്ല. എന്റെ രാഷ്ട്രീയ നിലപാടുകൾ മാത്രമാണ് അവർ പരിഗണിക്കുന്നത്.” അയർലണ്ടിന്റെ സ്വവർഗ്ഗാനുരാഗിയായ പ്രധാനമന്ത്രി ലിയോ വരദ്കറിന്റെ ഈ വാക്കുകൾ ലോകത്തിന് പുതു പ്രതീക്ഷകൾ നൽകുന്നുണ്ട്.
ലൈംഗികതയെ സംബന്ധിച്ച പല അബദ്ധധാരണകളുമുണ്ടായിരുന്ന ഒരു യാഥാസ്ഥിതിക സമൂഹം എങ്ങനെയാണ് തന്നെപോലുള്ളവരെ ഉൾക്കൊള്ളാൻ മാത്രം വളർന്നത് എന്ന് ലിയോ വ്യക്തമാക്കുന്നത് യുഎസ് വൈസ് പ്രസിഡന്റിന്റെ വസിതിയിൽ വെച്ചാണ്. യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസോ സ്വവർഗാനുരാഗികളെ എതിര്‍ക്കുന്നയാൾ എന്ന് കൃപ്രസിദ്ധി നേടിയ നേതാവും! തന്റെ ഗേ പങ്കാളിയ്‌ക്കൊപ്പം പെൻസിന്റെ ക്ഷണം സ്വീകരിച്ച് ലിയോ എത്തിയത് ലോകത്തെകുറച്ചൊന്നുമല്ല ഞെട്ടിച്ചത്. അയർലണ്ടും യുഎസുമായുള്ള ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാനുള്ള വാഷിംഗ്ടൺ സന്ദർശനവേളയിൽ ലിയോയ്ക്കും പങ്കാളിയ്ക്കും പെൻസ് വിരുന്ന് നൽകിയത് ചരിത്രമുഹൂർത്തം തന്നെയാണെന്നാണ് ആഗോള മാധ്യമങ്ങൾ പറയുന്നത്.
യുഎസ് കോൺഗ്രസിൽ പ്രവർത്തിക്കുന്ന സമയത്ത് തന്നെ മൈക്ക് പെൻസിന്റെ വിമത ലൈംഗിക സ്വത്വങ്ങളോടുള്ള ഭയവും വെറുപ്പും കുപ്രസിദ്ധമായിരുന്നു. വിമത ലൈംഗികതയെ താൻ ഒരു കുറ്റകൃത്യമായാണ് കണ്ടിരുന്നതെന്ന് അദ്ദേഹം പലവട്ടം പ്രത്യക്ഷമായും പരോക്ഷമായും സൂചിപ്പിച്ചിട്ടുണ്ട്. സ്വവർഗ്ഗാനുരാഗികളുടെ അവകാശത്തെ കുറിച്ചുള്ള ഒരു ചർച്ചയ്ക്കിടയിൽ “ദയവു ചെയ്ത ഈ വിഷയത്തിൽ മൈക്കിനോട് നിങ്ങൾ ഒന്നും ചോദിക്കല്ലേ സ്വവർഗ്ഗാനുരാഗികളെയൊക്കെ തൂക്കിക്കൊള്ളണം എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം” എന്ന് പറഞ്ഞ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മൈക്ക് പെൻസിന്റെ “ഹോമോഫോബിയ”യെ പരിഹസിക്കുക പോലും ചെയ്തിരുന്നു.
വിമത ലൈംഗിക സ്വത്വങ്ങളെ തന്ത്രപൂർവം പാർശ്വവൽക്കരിക്കാനുള്ള “റിലീജിയസ് ഫ്രീഡം ബിൽ” പിന്തുണച്ചതുൾപ്പടെ നിരവധി മുഹൂർത്തങ്ങളാണ് അദ്ദേഹത്തിന്റെ സ്വവര്‍ഗ്ഗാനുരാഗികളോടുള്ള എതിർപ്പിനെ കുറിച്ച് ചർച്ചകൾ ഉയർത്തിവിട്ടിരുന്നത്. LGBT അധ്യാപകരെയും വിദ്യാർത്ഥികളെയും നിരോധിക്കുന്ന ഒരു ക്രിസ്ത്യൻ സ്കൂളിൽ ഇദ്ദേഹത്തിന്റെ ഭാര്യ പഠിപ്പിക്കാനെത്തിയതും വലിയ ചർച്ചയായിരുന്നു. ഇപ്പോൾ തന്നെ ഉഷ്മളമായാണ് പെൻസും കുടുംബവും സ്വീകരിച്ചതെന്നും താനും തന്റെ പങ്കാളിയും പെൻസിന്റെ കുടുംബവും ഒരുമിച്ചിരുന്ന് പ്രഭാതഭക്ഷണം കഴിച്ചുവെന്നും ലിയോ ട്വീറ്റ് ചെയ്യുന്നുണ്ട്.
This post was last modified on March 15, 2019 10:48 am
Leave a Comment