കാനോൻ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് വീണ്ടും നോട്ടീസ്. സഭയിൽ നിന്നും പുറത്തുപോവണം ഇല്ലെങ്കിൽ പുറത്താക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഫ്രാന്‍സിസ്‌കന്‍ (എഫ്‌സിസി) സന്യാസിനി സഭയുടെ മുന്നാമത്തെ നോട്ടീസ്. പുറത്ത് പോവുന്നില്ലെങ്കിൽ അതിനുള്ള കാരണം കാണിക്കണമെന്നും നോട്ടീസ് പറയുന്നു.
സിനഡിന്റെ തീരുമാനത്തിന് വിരുദ്ധമായി ചാനല്‍ ചർച്ചകളിൽ പങ്കെടുത്തെന്നും സന്യാസിനികൾ ആചരിക്കേണ്ട ദാരിദ്ര്യ വ്രതം ഉൾപ്പെടെ ലംഘിച്ചെന്ന് പുതിയ നോട്ടീസ് ചൂണ്ടിക്കാട്ടുന്നു. കാറുവാങ്ങിയതും ശമ്പളം മഠത്തിന് നൽകിയില്ലെന്നതുൾപ്പെടെയാണ് ഇതിന് തെളിവായി നോട്ടീസ് ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ നൽകിയിരുന്ന രണ്ട് നോട്ടീസുകൾക്ക് സിസ്റ്റർ ലൂസി കളപ്പുര മറുപടി നൽകിയിരുന്നു. കന്യാസ്ത്രീ സമരങ്ങളിൽ പങ്കെടുത്തതുൾപ്പെടെ ഉള്ള തായിരുന്നു മുൻ നോട്ടീസുകളിലെ ആരോപണങ്ങള്‍ എന്നിരിക്കെ ഇത്തവണ അക്കാര്യം പരാമർശിക്കുന്നില്ലെന്നും വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് പറയുന്നു. അതിനിടെ, സന്യാസ ജീവിതവുമായി മുന്നോട്ട് പോവാനാണ് തന്റെ തീരുമാനമെന്ന് സിസ്റ്റർ ലൂസി കളപ്പുര. സഭ സ്വീകരിച്ച നിലപാട് ഖേദകരമാണെന്നും അവർ പ്രതികരിച്ചു.
നേരത്തെ മദര്‍ സുപ്പീരിയറെ നേരിട്ടെത്തി കാണണമെന്നും ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നും ഫ്രാന്‍സിസ്‌കന്‍ സഭ(എഫ്‌സിസി) സിസ്റ്ററെ താക്കീത് ചെയ്തിരുന്നു. മദര്‍ സുപ്പീരിയര്‍ ആന്‍ ജോസഫ് അയച്ച കത്ത് സിസ്റ്റര്‍ ലൂസിക്ക് സഭ അയക്കുന്ന രണ്ടാമത്തെ കാരണം കാണിക്കൽ നോട്ടീസാണെന്നും ജനുവരി ഒന്നിന് അയച്ച ആദ്യ കത്തിനോട് അവര്‍ പ്രതികരിച്ചില്ലെന്നും ഈ കത്തില്‍ വ്യക്തമാക്കിയിരുന്നു. മദര്‍ സുപ്പീരിയറെ നേരിട്ടെത്തി കാണണമെന്നും ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നുമായിരുന്നു ഈ കത്തില്‍ ആവശ്യം.
This post was last modified on March 15, 2019 9:11 am
Leave a Comment