X

വീണ്ടും അധികാരത്തില്‍ വന്നാല്‍ വെസ്റ്റ് ബാങ്ക് പിടിച്ചടക്കുമെന്ന സൂചന നല്‍കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പലസ്തീൻ തങ്ങൾ ഭാവിയിൽ കെട്ടിപ്പെടുക്കാനിരിക്കുന്ന രാജ്യത്തിന്റെ ഹൃദയമായി കണക്കാക്കുന്ന വെസ്റ്റ് ബാങ്ക് പിടിച്ചടക്കുമെന്ന നെതന്യാഹുവിന്റെ പരസ്യ പ്രഖ്യാപനത്തിലൂടെ ഇരു രാജ്യങ്ങൾ  തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും തീവ്രമായേക്കും

ഒരിക്കൽ കൂടി താൻ ഇസ്രായേൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ വെസ്റ്റ് ബാങ്കിലെ ജൂത അധിവാസകേന്ദ്രങ്ങള്‍ അധീനപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീൻ തങ്ങൾ ഭാവിയിൽ കെട്ടിപ്പെടുക്കാനിരിക്കുന്ന രാജ്യത്തിന്റെ ഹൃദയമായി കണക്കാക്കുന്ന വെസ്റ്റ് ബാങ്ക് പിടിച്ചടക്കുമെന്ന നെതന്യാഹുവിന്റെ പരസ്യ പ്രഖ്യാപനത്തിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും തീവ്രമായേക്കുമെന്നാണ് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വരുന്ന ചൊവ്വാഴ്ച ഇസ്രായേലിൽ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുൻപായി ഇസ്രായേൽ ദേശീയവാദികളെ കൈയ്യിലെടുക്കാനുള്ള നിലവിലെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ വിവാദ പ്രസ്താവനയെന്നാണ് വിദഗ്ദരുടെ നിരീക്ഷണം.

അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം ജൂത അധിവാസ കേന്ദ്രങ്ങള്‍ നിയമവിരുദ്ധമാണെങ്കിലും ഇസ്രായേൽ ഇതിനെ മറികടക്കാൻ പല വാദങ്ങളും ഉയർത്തിയിരുന്നു. 400,000 ഓളം ജൂതന്മാർ വെസ്റ്റ് ബാങ്കിലും 200,000 ഓളം ജൂതന്മാർ കിഴക്കൻ ജറുസലേമിലെ കുടിയേറിയിട്ടുണ്ട്. രണ്ടര മില്യണിലധികം പലസ്തീനിയൻ പൗരന്മാരാണ് വെസ്റ്റ് ബാങ്കിൽ താമസിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള മധ്യസ്ഥ ചർച്ചയ്ക്കിടയിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ജെറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് ജെറുസലേമിനെ തങ്ങളുടെ തലസ്ഥാനമായി കണക്കാക്കുന്ന പലസ്തീൻ യു എസുമായുള്ള ബന്ധങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.

തങ്ങൾക്ക് ഒരു സ്വാതന്ത്ര്യ രാജ്യം കെട്ടിപ്പടുക്കാൻ വെസ്റ്റ് ബാങ്കിലെ ജൂത കേന്ദ്രങ്ങള്‍ തടസ്സമാണെന്നും അത് നിയമവിരുദ്ധമാണെന്നും പലസ്തീൻ നിരന്തരം ഉന്നയിക്കാറുണ്ടായിരുന്നു. എന്നാൽ ഈ കാര്യം പറഞ്ഞ് പലസ്തീൻ അനാവശ്യ വിവാദങ്ങളുണ്ടാക്കി സമാധാന ചർച്ചയ്ക്കുള്ള സാധ്യതകളെല്ലാം നശിപ്പിക്കുകയാണെന്നായിരുന്നു ഇസ്രയേലിന്റെ ആക്ഷേപം.