X

നോത്ര ദാം: തീ അണഞ്ഞു; അപകട കാരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ചൂടുപിടിക്കുന്നു

പുരാതന കത്തീഡ്രലിന്‌ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിൽ വേദനയുണ്ടെന്നാണ് വത്തിക്കാനിൽ നിന്നും പ്രതികരണമെത്തിയത്.

പാരീസിലെ പുരാതന ദേവാലയമായ നോത്ര ദാം കത്തീഡ്രലിൽ അപ്രതീക്ഷിതമായി പടർന്നു പിടിച്ച തീ പൂർണ്ണമായും അണഞ്ഞ് കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ. 850 വർഷങ്ങളിലധികം പഴക്കമുള്ള പുരാതന ദേവാലയത്തിന്റെ അടിസ്ഥാന ഘടനയ്ക്ക് യാതൊരു വിധത്തിലും കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്തൊക്കെ തരത്തിലുള്ള നാശനഷ്ടങ്ങളാണ് തീപിടുത്തം വരുത്തിയതെന്ന് അന്വേഷിക്കാൻ വിദഗ്ധ വാസ്തുശില്പികളുടെയും ആർക്കിടെക്ടുകളുടെയും എൻജിനീയര്‍മാരുടെയും കൂടിക്കാഴ്ചകൾ ഉടനുണ്ടാകുമെന്ന്‌ അധികൃതർ അറിയിച്ചു.

ഇന്നലെ പ്രാദേശിക സമയം 6.30നാണ് ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയങ്ങളിൽ ഒന്നായ നോത്രദാം കത്തീഡ്രലിനു തീപിടിക്കുന്നത്. അപകടത്തിൽ ദേവാലയത്തിന്റെ മേൽക്കൂര ഭാഗികമായി കത്തിനശിച്ചിരുന്നു. എവിടെനിന്നും പടർന്നുവെന്ന് വ്യക്തതയില്ലാത്ത തീ അതിവേഗം താഴെ നിന്നും മുകളിലേക്ക് പടരുകയായിരുന്നു. പുരാതന ദേവാലയത്തിന് തീ പിടിക്കാനിടയായ കാരണത്തെ കുറിച്ച് അടിയന്തിര അന്വേഷണം നടത്തുമെന്ന് ഫ്രാൻസ് പ്രസിഡണ്ട് ഇമ്മാനുവേൽ മാക്രോൺ പ്രഖ്യാപിച്ചിട്ടുണ്ട്. കത്തോലിക്കാ ദേവാലയം ഉടനടി പുതുക്കിപ്പണിയുമെന്നും അദ്ദേഹം വിശ്വാസി സമൂഹത്തിന് വാക്ക് നൽകിയിട്ടുണ്ട്.

ഇഛാപൂർവ്വമല്ലാത്ത തീമൂലമുണ്ടായ നാശനഷ്ടം എന്ന ഗണത്തിൽ ഉൾപ്പെടുത്തി പാരീസ് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആഗോളമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീ പടരുന്ന സമയത്ത് പള്ളിയിലുണ്ടായിരുന്ന, പള്ളി പുതുക്കിപ്പണിയാൻ വന്ന തൊഴിലാളികളെ പ്രത്യേകം ചോദ്യം ചെയ്യും. രാത്രി മുഴുവനും വിശ്രമമില്ലാതെ പരിശ്രമിച്ചതുകൊണ്ടാണ് ഇപ്പോൾ തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചതെന്നും ഈ ഗോഥിക് ഘടനയ്ക്ക് എന്തെല്ലാം കേടുപാടുകളാണ് പറ്റിയത് എന്നത് സംബന്ധിച്ച അന്വേഷണങ്ങൾ  നടന്ന് വരികയാണെന്നും ജൂനിയർ ഇന്റീരിയർ മന്ത്രി ലോറെൻറ് നൂൺസ് ദി ഗാർഡിയനോട് പറഞ്ഞു.

കത്തീഡ്രല്‍ പാരീസിന്റെ പ്രതീകമാണെന്നും ഫ്രാൻസിന്റെ സമാധാനത്തെയും സ്വച്ഛന്ദതയെയും ഒത്തൊരുമയെയും പ്രതിനിധീകരിക്കുന്ന ഈ അതുല്യ സ്മാരകം ഉടനടി തന്നെ പുതുക്കി പണിയുമെന്നാണ് ഫ്രാൻസ് പ്രസിഡണ്ട് ഇമ്മാനുവേൽ മാക്രോൺ വിശ്വാസിസമൂഹത്തിനു ഉറപ്പ് നൽകിയത്. പുരാതന കത്തീഡ്രലിന്‌ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിൽ വേദനയുണ്ടെന്നാണ് വത്തിക്കാനിൽ നിന്നും പ്രതികരണമെത്തിയത്.

Related Post
Leave a Comment