X

പാരീസിലും മാഡ്രിഡിലും വാടക ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ഉബർ

ആരംഭഘട്ടത്തിലെ ഓഫർ എന്ന നിലയ്ക്ക് നാലാഴ്ച കാലം ആദ്യ അഞ്ച് മിനുട്ട് യാത്ര സൗജന്യമായിരിക്കും എന്നാണ് ഉബർ കമ്പനി അറിയിക്കുന്നത്.

സ്പെയ്നിന്റെയും പാരീസിന്റെയും തെരുവോരങ്ങളിലൂടെ സുഹൃത്തിനോടോ കമിതാവിനോടോ ഒപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന അനുഭവം രസകരമാകില്ലേ? മറ്റ് ശല്യങ്ങളൊന്നുമില്ലാതെ സ്വപ്നത്തിലേതു പോലൊരു സ്‌കൂട്ടർ യാത്ര? പക്ഷെ പാരീസിലും സ്പെയിനിലും എത്തിപ്പെട്ടാൽ ആരാണ് സ്‌കൂട്ടർ തരിക എന്നതാണോ ആശങ്ക? എന്നാൽ പാരീസിലും മാഡ്രിഡിലും ഇലക്ട്രിക് സ്കൂട്ടറുകൾ സഞ്ചാരികൾക്ക് വാടകയ്ക്ക് നൽകാനൊരുങ്ങുകയാണ് ഉബർ. സാധാരണ ഉബർ ടാക്സികൾ പോലെ സഞ്ചരിക്കുന്ന കിലോമീറ്ററുകളും ഉപയോഗിക്കുന്ന സമയവും അനുസരിച്ചാകും സ്‌കൂട്ടറിന്റെ വാടക. സ്കൂട്ടറിന്റെ ലൊക്കേഷൻ ഉബർ മൊബൈൽ ആപ്പ്ലിക്കേഷൻ വഴി കണ്ടെത്താനും ലഭ്യമാക്കനും സാധിക്കും.

സ്‌പെയ്ൻ തലസ്ഥാനം മാഡ്രിഡിൽ ആരംഭഘട്ടത്തിൽ 566 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഉബർ വാടകയ്ക്ക് നൽകാനൊരുങ്ങുന്നത്. അപ്പ്ലികേഷന്റെ ലോക്ക് അഴിക്കാനായി ഒരു യൂറോ(ഏകദേശം 78 ഇന്ത്യൻ രൂപ) നൽകണം. പിന്നീട് ഒരു മിനിറ്റിൽ 12 സെന്റ് (അഞ്ച് രൂപയോളം) ആണ് വാടക. ആരംഭഘട്ടത്തിലെ ഓഫർ എന്ന നിലയ്ക്ക് നാലാഴ്ച കാലം ആദ്യ അഞ്ച് മിനുട്ട് യാത്ര സൗജന്യമായിരിക്കും എന്നാണ് ഉബർ കമ്പനി അറിയിക്കുന്നത്.

നഗരങ്ങളിൽ സാധാരണ സഞ്ചാരരീതികളിൽ നിന്ന് വ്യത്യസ്തമായി പുതിയതെന്തെങ്കിലും പരീക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇലക്ട്രിക് സ്‌കൂട്ടറുകൾ ആരംഭിക്കുന്നതെന്ന് ഉബർ കമ്പനി പറയുന്നു. പാരീസ് നഗരത്തിൽ ആദ്യ ഘട്ടത്തിൽ 500 ഇ- സ്‌കൂട്ടറുകളൂം 500 ഇ- ബൈക്കുകളും ഉബർ പുറത്തിറക്കുമെന്നാണ് അറിയിപ്പ്. ഒരു യൂറോ രൂപയാണ് ആപ്ലികേഷൻ പൂട്ട് തുറക്കാൻ നൽകേണ്ടത്. 6 രൂപയോളമാണ് ഒരു മിനിറ്റ് റൈഡിന്റെ വാടക.