X

സ്‌ഫോടനത്തിന് പിന്നില്‍ ഇസ്ലാം റാഡിക്കല്‍ സംഘടനയോ? സംശയത്തിന്റെ നിഴലില്‍ നാഷണല്‍ തൗഹീദ് ജമാ അത്ത്

അതേസമയം ദിവസങ്ങൾക്ക് മുൻപ് ഇന്ത്യൻ ഹൈകമ്മീഷന് നേരെ ഉൾപ്പടെ ഭീഷണിയുയർന്നിട്ടും എന്തുകൊണ്ട് ശ്രീലങ്കൻ സർക്കാർ വേണ്ട നടപടി കൈക്കൊണ്ടില്ല എന്ന് ശക്തമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്.

ശ്രീലങ്കയിലെ സ്‌ഫോടനം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും അക്രമം നടത്തിയവര്‍ ആരെന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് വ്യക്തതയില്ല. അതേസമയം ആക്രമണം നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നതും, ചാവേറുകളെക്കുറിച്ചടക്കം വിവരം നേരത്തെ അധികൃതര്‍ക്ക് ലഭ്യമായിരുന്നുവെന്നതും ഇസ്ലാമിക ഭീകര സംഘടനയാണ് അക്രമത്തിന് പിന്നിലെന്ന അനുമാനത്തിലേക്ക് നയിക്കുകയാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണമൊന്നുമില്ല.

നാഷണല്‍ തൗഹീദ് ജമാഅത്തിന് നേരെയാണ് ആരോപണം ഉയരുന്നത്.

 

നാഷണൽ തൗഹീദ് ജമാഅത് രാജ്യത്തെ പ്രമുഖ ക്രിസ്ത്യൻ പള്ളികളിൽ ആക്രമണം നടത്തിയേക്കുമെന്ന് 10 ദിവസങ്ങൾക്ക് മുൻപേ പോലീസ് മുന്നറിയിപ്പ്, ഈസ്റ്റർ ദിനത്തിലെ ഈ ആക്രമണത്തിന് 2016 ലെ ധാക്ക ഇസ്ലാമിക് സ്റ്റേറ്റ്സ് ആക്രമണവുമായുള്ള അതിശയകരമായ സാമ്യം, മാലിദ്വീപ് മുതൽ ബംഗ്ലാദേശ് വരെയുള്ള ഇടങ്ങളിലെ ചെറു ഇസ്ലാമിക് സ്റ്റേറ്റ്സ് സംഘടനകൾ നടത്തിവന്നിരുന്ന അക്രമപരമ്പരകളുമായുള്ള സാമ്യം.. അങ്ങനെ നിരവധി കാര്യങ്ങൾ നിരത്തികൊണ്ട് ശ്രീലങ്കയിൽ ഇന്നലെ നടന്ന സ്ഫോടന പരമ്പരയ്ക്ക് പിന്നിൽ റാഡിക്കൽ ഇസ്ലാമിക്     ഗ്രൂപ്പാണെന്ന സംശയം ഉയരുന്നത്.
ശ്രീലങ്കയിലെ തന്നെ തീവ്ര മുസ്‌ലിം വിഭാഗങ്ങൾ നടത്തിയ ആക്രമണമെന്ന് ചില മാധ്യമങ്ങൾ വിധിയെഴുതിയപ്പോൾ, പുറത്ത് നിന്നും സഹായം സ്വീകരിക്കാതെ ഒരു സംഘടനയ്ക്കും ഇന്നലെ നടന്നത് പോലൊരു സ്ഫോടന പരമ്പര നടപ്പിലാക്കാൻ സാധിക്കില്ലെന്നാണ് ചിലരുടെ വാദം. ലോകത്തിനു അത്രയധികം പരിചയമില്ലാത്ത തൗഹീത് ജമാഅത്തിന് നേരെ സംശയത്തിന്റെ മുനകൾ നീളുന്ന ഘട്ടത്തിൽ അന്വേഷങ്ങൾ ശക്തമാകുകയാണ്. തമിഴ്‌നാട്ടിലടക്കം വേരുകൾ ഉള്ള തൗഹീത് ജമാഅത് എന്ന സംഘടനാ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? എന്തൊക്കെയാണ് അവരുടെ ഇടപെടലുകൾ?

ശ്രീലങ്കൻ ബുദ്ധിസ്റ്റുകളും തൗഹീദ് ജമാഅത്തുകളും തമ്മിൽ നടന്ന സംഘർഷങ്ങളുടെ പേരിലാണ് ഈ സംഘടനയെ ലോകം അറിഞ്ഞുതുടങ്ങുന്നത്. ഈ സംഘർഷങ്ങളുടെ ഭാഗമായി നിരവധി ബുദ്ധപ്രതിമകൾ തൗഹീദ് പ്രവർത്തകർ നശിപ്പിച്ചു കളഞ്ഞിരുന്നു. സംഘടനയുടെ വേരുകൾ ചെന്നുമുട്ടുന്നത് തമിഴ് നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തമിഴ്നാട് തൗഹീദ് ജമാഅത്തിലേക്കാണെന്നാണ് സൂചന. ഒരു സാംസ്‌കാരിക ഇസ്ലാം സംഘടനയായി 2004 ൽ നിലവിൽ വന്ന തൗഹീത് ബാബരി മസ്ജിദ് പുനർനിർമ്മിക്കണമെന്ന് ദീർഘകാലങ്ങളായി ആവശ്യമുന്നയിച്ച് വരികയായിരുന്നു. രക്തദാനം പോലുള്ള ജീവകാരുണ്യ പ്രവർത്തങ്ങളിലൊക്കെ സജീവമായ ഈ സാംസകാരിക സംഘടനയ്ക് വിവിധ ഇടങ്ങളിൽ ശാഖകളുണ്ട്.

ലോഡ് ഷെഡിങ് ഒഴിവാക്കുക, മുസ്ലീങ്ങൾക്ക് ന്യായമായ സംവരണം ഉറപ്പുവരുത്തുക, മദ്യഷോപ്പുകൾ അടച്ച പൂട്ടുക മുതലായ മുതലായ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധപ്രകടനങ്ങൾ നടത്തുകയായിരുന്നു ഇവരുടെ ആരംഭഘട്ടത്തിലെ പ്രവർത്തനങ്ങൾ. സംവരണാവശ്യം ഉന്നയിച്ചുകൊണ്ട് സംഘടന നടത്തിയ ‘ജയിൽ നിറക്കൽ’ സമരത്തിൽ ഒരു ലക്ഷം മുസ്‌ലിം യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഇവർ ശക്തികാട്ടിയത്. ഇസ്ലാമോഫോബിയയ്‌ക്കെതിരെയും മുസ്‌ലിം അപരവൽക്കരണത്തിനെതിരെയും ശബ്ദമുയർത്തിയിരുന്ന ഈ സംഘടന യഥാർത്ഥ മുസ്‌ലിം സത്തയെ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന വിപ്ലവപ്രസ്ഥാനമാണെന്നാണ്
ആദ്യം സ്വയം പരിചയപ്പെടുത്തിയിരുന്നത്.

ബുദ്ധിസ്റ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ നേരത്തെ മുസ്ലീം പള്ളികള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രീലങ്കയില്‍ ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുന്നതായും സൂചനയുണ്ടായിരുന്നു. ഐഎസ്‌ഐഎസില്‍ നിരവധി ശ്രീലങ്കന്‍ പൗരന്മാര്‍ ചേര്‍ന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ശ്രീലങ്കയിൽ ചാവേർ ആക്രമണങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് തമിഴ് പുലികളിൽ നിന്നാണെകിലും വഹാബി അലൈൻഡ് തൗഹീദ് ജമാത്തും അതെ മാർഗ്ഗം തന്നെ സ്വീകരിച്ചിരിക്കാമെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കയുടെ കിഴക്കൻ മേഖലയിൽ സ്ത്രീ സ്വാതന്ത്ര്യത്തിനു തടയിട്ടും ശരീഅത് നിയമങ്ങൾ നടപ്പിൽ വരുത്തണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടും തൗഹീത് തങ്ങളുടെ ബലം കാണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ദിവസങ്ങൾക്ക് മുൻപ് ഇന്ത്യൻ ഹൈകമ്മീഷന് നേരെ ഉൾപ്പടെ ഭീഷണിയുയർന്നിട്ടും എന്തുകൊണ്ട് ശ്രീലങ്കൻ സർക്കാർ വേണ്ട നടപടി കൈക്കൊണ്ടില്ല എന്ന് ശക്തമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്.

 

 

This post was last modified on April 22, 2019 3:42 pm