X

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; യോഗ ജനകീയ മുന്നേറ്റമാക്കണമെന്ന് പ്രധാനമന്ത്രി

അഴിമുഖം പ്രതിനിധി

ജൂണ്‍ 21 അന്താരാഷ്ട്രയോഗ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതിന് ശേഷമുള്ള രണ്ടാമത്തെ അന്താരാഷ്ട്ര യോഗ ദിനം ഇന്ന് ആചരിക്കുന്നു. യോഗ ദിനം വിപുലമാക്കാന്‍ ലോകമെമ്പാടും വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. അമേരിക്കന്‍ പാരലമെന്റിന് മുന്നില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ നേതൃത്വത്തിലാണ് യോഗദിനം ആചരിക്കുന്നത്. ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചിരുന്നു.

ഇന്ത്യയില്‍ പ്രധാനമന്ത്രിയും 57 കേന്ദ്രമന്ത്രിമാരും രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലായി യോഗദിന ആഘോഷങ്ങളില്‍ പങ്കെടുത്തു. ആകെ 1,20,000ല്‍ അധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 30,000 പേര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. ഭിന്നശേഷിയുള്ള 150 പേരും വീല്‍ ചെയറില്‍ 18 സൈനികരും പ്രധാനമന്ത്രിയുടെ കൂടെ ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ മതേതര യോഗ സംഗമം നടത്താനാണ് തീരുമാനം. കൊല്ലത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷവും മതേതര യോഗ സംഗമങ്ങള്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്.

അതേസമയം യോഗ മതപരമായ ചടങ്ങല്ലെന്നും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും യോഗ അഭ്യസിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തില്‍ ചണ്ഡീഗഢിലെ ക്യാപിറ്റോള്‍ കോംപ്ലക്‌സില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു കൊണ്ടാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. 30,000ത്തോളം പേര്‍ പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തു.

മൊബൈല്‍ ഫോണ്‍ ജീവിതത്തിന്റെ ഭാഗമായതുപോലെ യോഗയും ജീവിതത്തിന്റെ ഭാഗമാകണം. യോഗ ജനകീയ മുന്നേറ്റമാക്കി മാറണം. അടുത്ത വര്‍ഷം മുതല്‍ യോഗയ്ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും യോഗയുടെ ശക്തിയും ഗുണങ്ങളും എല്ലാവരും മനസിലാക്കണമെന്നും മോദി പറഞ്ഞു.

രാജ്യാന്തര യോഗാ ദിനത്തിന്റെ രണ്ടാം പതിപ്പിനോടനുബന്ധിച്ചു സൂര്യ നമസ്‌കാരത്തിന്റെ ചിത്രമടങ്ങിയ പോസ്റ്റല്‍ സ്റ്റാംപ് മോദി പുറത്തിറക്കി. രാജ്യാന്തര യോഗാ ദിനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഇന്ന് ഒരു ലക്ഷം പരിപാടികള്‍ നടന്നു. യോഗാ സംഗമങ്ങള്‍, ശില്‍പശാലകള്‍ എന്നിവയുള്‍പ്പെടെ ചെറുതും വലുതുമായ പരിപാടികള്‍ വിവിധയിടങ്ങളില്‍ അരങ്ങേറും. 391 സര്‍വകലാശാലകള്‍, 16,000 കോളജുകള്‍, 12,000 സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പരിപാടികള്‍ നടക്കും. വാരാണസി, ഇംഫാല്‍, ജമ്മു, ഷിംല, വഡോദര, ലക്‌നൗ, ബംഗുളൂരു, വിജയവാഡ, ഭുവനേശ്വര്‍, ഹോഷിയാര്‍പുര്‍ എന്നിവിടങ്ങളില്‍ മേഖലാതല പരിപാടികള്‍ നടന്നു.

 

This post was last modified on December 27, 2016 4:17 pm