X

എനർജി ഡ്രിങ്ക് കുടിച്ചപ്പോൾ ആറ് മണിക്കൂർ ലൈംഗികോദ്ധാരണം; പാനീയത്തിൽ കണ്ടെത്തിയത് വയാഗ്ര

പവർ നാച്ചുറൽ ഹൈ ഇംഗർജി ഡ്രിങ്ക്' എന്ന പാനീയത്തിൽ പുരുഷ ലൈംഗികശേഷി കുറവിന് നൽകുന്ന മരുന്ന് കണ്ടെത്തിയതിനെ തുടർന്ന് സാംബിയയിൽ വിൽപ്പന നിരോധിച്ചു.

ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപകമായി വിറ്റഴിയുന്ന ‘പവർ നാച്ചുറൽ ഹൈ എനര്‍ജി ഡ്രിങ്ക്’ എന്ന പാനീയത്തിൽ പുരുഷ ലൈംഗികശേഷി കുറവിന് നൽകുന്ന മരുന്ന് കണ്ടെത്തിയതിനെ തുടർന്ന് സാംബിയയിൽ വിൽപ്പന നിരോധിച്ചു. പുരുഷന്മാരിലെ ലൈംഗിക ഉദ്ധാരണ ശേഷിക്കുറവിനു നൽകുന്ന വയാഗ്ര എന്ന മരുന്നാണ് ഈ എനര്‍ജി ഡ്രിങ്കിൽ മെഡിക്കൽ റെഗുലേറ്റര്‍മാർ കണ്ടെത്തിയത്.

ഉഗാണ്ട, മലാവി, സിംബാബ്‌വേ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്ന ഈ എനർജി ഡ്രിങ്കുകളെ കുറിച്ച് ഉപഭോക്താക്കൾ തുടർച്ചയായി പരാതി സമർപ്പിച്ചപ്പോഴാണ് സർക്കാർ വിദഗ്ദ പരിശോധന നിർദേശിച്ചത്. പാനീയം കുടിച്ചപ്പോൾ മുതൽ അമിതമായി വിയർക്കാൻ തുടങ്ങിയെന്നും ആറ് മണിക്കൂർ തുടർച്ചയായ ലൈംഗികോദ്ധാരണം ഉണ്ടായെന്നുമായിരുന്നു ഒരു ഉപഭോക്താവിന്റെ പരാതി. പാനീയത്തിന്റെ നിർമാതാക്കളായ റിവിൻ സാംബിയ ലിമിറ്റഡ് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

പരാതികളെ തുടർന്ന് നടത്തിയ പരിശോധനകളിലാണ് സിൽഡ്നാഫിൽ സിട്രേറ്റ് എന്ന പദാർത്ഥത്തിന്റെ സാന്നിധ്യം ഈ പാനീയത്തിൽ കണ്ടെത്തിയത്. ഈ ഉത്തേജന മരുന്ന് ‘വയാഗ്ര’ എന്ന ബ്രാൻഡ് നാമത്തിലാണ് മാർക്കറ്റിലെത്തുന്നത്. അംഗീകൃത ഡോക്ടര്‍മാരുടെ നിര്ദേശപ്രകാരമല്ലാതെ ഈ മരുന്ന് സാധാരണക്കാർക്ക് ലഭ്യമാകില്ലായിരുന്നു.

മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയ ഉടൻ തന്നെ പാനീയത്തിന്റെ ഉൽപ്പാദനം നിർത്തി വെയ്ക്കാൻ സർക്കാർ ഈ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.സാംബിയൻ യുവാക്കളുടെ ഇഷ്ടപാനീയമായിരുന്ന ഈ എനർജി ഡ്രിങ്ക് 500 മില്ലി ലിറ്ററിന്റെ പ്ലാസ്റ്റിക്ക് ക്യനിലാണ് വിപണിയിലെത്തിയിരുന്നത്.

പാനീയത്തെ കുറിച്ച് സമാനമായ പരാതികൾ ലഭിച്ചതിനെ തുടർന്ന് മലാവിയിലും ഈ പാനീയം നിരോധിച്ചിരുന്നു. സിംബാബ്‌വേയിലും ദക്ഷിണാഫ്രിക്കയിലും നടത്തിയ പരിശോധനകളും പാനീയത്തിൽ വയാഗ്രയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഉഗാണ്ടയിൽ നിന്നും നിരവധി ഉപഭോക്താക്കൾ സമാനമായ പരാതികൾ ഉന്നയിക്കുന്നുണ്ട്.

കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..

This post was last modified on May 12, 2019 10:58 am