X

വയാഗ്രയുടെ വില കുറയുന്നു; ഇന്ത്യൻ പതിപ്പിന് വെറും 58 രൂപ

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്ലിയോഡ്സ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വയാഗ്രയുടെ ഇന്ത്യന്‍ പതിപ്പായ ‘മാക്സൂത്ര’ ഇവിടെ വിൽക്കുന്നത് ഗുളിക ഒന്നിന് 58 രൂപയ്ക്കാണ്.

1998-ൽ ലോകത്ത് വിപ്ലവം സൃഷ്ടിച്ച് കടന്നുവന്ന മരുന്നായിരുന്നു വയാഗ്ര. പുരുഷന്മാരിൽ കാണപ്പെടുന്ന ഉദ്ധാരണശേഷിക്കുറവിനുള്ള ഉത്തമ പ്രതിവിധി എന്നനിലയില്‍ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ലോകമാസകലം ജനപ്രീതി നേടാന്‍ വയാഗ്രക്ക് കഴിഞ്ഞു. ചരിത്രത്തിൽ ഏറ്റവും ദ്രുതഗതിയിൽ വിൽക്കപ്പെടുന്ന മരുന്നെന്ന ഖ്യാതി നേടി. മരുന്ന് നിർമാണ രംഗത്തെ അമേരിക്കൻ‌ ഭീമനായ ഫിസര്‍ ലോകമെമ്പാടുനിന്നും കോടികള്‍ വാരിക്കൂട്ടി. കമ്പോളത്തില്‍ ഇറക്കി കേവലം മൂന്നുമാസത്തിനുള്ളിൽ വയാഗ്ര വില്‍പ്പനയിലൂടെ 400 മില്ല്യൺ ഡോളറാണ് ഫിസര്‍ നേടിയത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി 1.8 ബില്യന്‍ ഡോളറിന്‍റെ വില്‍പ്പനയാണ് നടന്നത്.

എന്നാല്‍ ‘നീല ഗുളിക’യുടെ എല്ലാ കുത്തകയും അവസാനിക്കാന്‍ പോവുകയാണ്. വയാഗ്രയുടെ പേറ്റന്റ് 2020-ൽ ഫിസറിന് നഷ്ടമാകും. വയാഗ്ര വിപണി പിടിച്ചെടുക്കാൻ വിലക്കുറവിൻറെ മത്സരമായിരിക്കും ഇനി ദൃശ്യമാവുക. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ വയാഗ്രയുടെ നിരവധി ജനറിക് പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. മിന്‍റ് സ്ട്രിപ്പ്സ്, ബ്രെത്ത് സ്പ്രേസ് തുടങ്ങിയ പല മരുന്നുകളും ഇതിനകംതന്നെ മാര്‍ക്കറ്റില്‍ ഇടംപിടിച്ചു തുടങ്ങിയിട്ടുണ്ട്. അവയെല്ലാം ഇനി കമ്പോളത്തിലേക്ക് ഇടിച്ചുകുത്തിയൊഴുകും.

വയാഗ്ര ഇറങ്ങിയതിനു ശേഷം ഉദ്ധാരണശേഷിക്കുറവിന് പരിഹാരം തേടാന്‍ വേറെ വലിയ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. 70% രോഗികളിലും വയാഗ്ര ഫലപ്രദമാണ് എന്നതായിരുന്നു പ്രധാന കാരണം. എന്നാല്‍ വയാഗ്രക്ക് പല പാല്‍ശ്വഫലങ്ങളും ഉണ്ടെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചതുമാണ്. തലവേദന മുതൽ വയറു വേദന വരെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാകും. അതില്‍ അടങ്ങിയിരിക്കുന്ന സില്‍ഡെനാഫിന്‍ എന്ന ഘടകം നമ്മുടെ കാഴ്ചയെ പ്രതികൂലമായി ബാധിച്ചേക്കാം. കാഴ്ച മങ്ങല്‍, നിറം തിരിച്ചറിയാന്‍ ബുദ്ധിമുട്ട് വെളിച്ചം തട്ടുമ്പോഴുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഉണ്ടായേക്കാം.

ഫിസര്‍തന്നെ പുതിയ വയാഗ്ര അവതരിപ്പിച്ചിട്ടുണ്ട്. നീല നിറത്തില്‍ നിന്നും നല്ല തൂവെള്ള നിറത്തിലേക്ക് മാറിയെത്തുന്ന പുതിയ വയാഗ്രക്ക് പാർശ്വഫലങ്ങൾ കുറവായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏഴ് ഇന്ത്യൻ‌ കമ്പനികള്‍ ഉള്‍പ്പടെ 15 കമ്പനികൾക്കാണ് വയാഗ്ര വിപണിയിലിറക്കാൻ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) അനുമതി നൽകിയിരിക്കുന്നത്. അമേരിക്കയിൽ ഒരു വയാഗ്ര ഗുളികയുടെ വില 4400 രൂപയായിരുന്നു. ഫിസര്‍ പുതുതായി അവതരിപ്പിച്ച വയാഗ്രയുടെ വില അതിലും കുറവാണ്. എന്നാൽ ഇന്ത്യൻ കമ്പനികൾ എത്തുന്നതോടെ മത്സരം മുറുകുമെന്നും 99 ശതമാനം വരെ വിലക്കുറവിൽ ഗുളിക ലഭ്യമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്ലിയോഡ്സ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വയാഗ്രയുടെ ഇന്ത്യന്‍ പതിപ്പായ ‘മാക്സൂത്ര’ ഇവിടെ വിൽക്കുന്നത് ഗുളിക ഒന്നിന് 58 രൂപയ്ക്കാണ്. അജന്ത ഫാർമയുടെ ‘കാമാഗ്ര’-ക്ക് 32 രൂപമാത്രം നല്‍കിയാല്‍ മതി. ഫിസറിന്‍റെ അപ്രമാദിത്വം തകര്‍ക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ അധികം വിയര്‍പ്പൊഴുക്കേണ്ടി വരില്ലെന്ന് സാരം.

മുൻപ് ഹൃദയാഘാതം വന്നവർ, ഉയർന്ന രക്തസമ്മർദം ഉള്ളവർ, പക്ഷാഘാതം വന്നവർ, രക്തസംന്ധമായ അസുഖമുള്ളർ, ഉദര സംബന്ധമായ പ്രേശ്നങ്ങൾ ഉള്ളവർ എന്നിവരിലെല്ലാം വയാഗ്ര പ്രതികൂലമായ ഫലങ്ങളാണ് ഉണ്ടാക്കുക.

അതുകൊണ്ടുതന്നെ പുതിയ ചികിത്സാ രീതികള്‍ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ടെക്സാസിലെ ഹ്യൂസ്റ്റണിലുള്ള ബെയ്ലർ കോളേജ് ഓഫ് മെഡിസിനിൽ ന്യൂറോളിസ്റ്റായ ഡോ. സമിത് സോണി പറയുന്നു. രക്തചംക്രമണം മെച്ചപ്പെടുത്താനായി പുരഷ ലിംഗത്തിലേക്ക് നേരിട്ട് മരുന്ന് കുത്തിവയ്ക്കുന്ന ചികിത്സമുതല്‍ സങ്കീർണ്ണമായ ശസ്ത്രക്രിയകള്‍വരെ ഉണ്ടെങ്കിലും പലരും കൂടുതല്‍ എളുപ്പത്തില്‍ സമീപിക്കാവുന്ന ചികിത്സാ രീതി എന്നനിലയില്‍ നീല ഗുളികയെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്.

സിൽഡെനാഫിൽ സിട്രേറ്റ് എന്ന രാസനാമത്തില്‍ അറിയപ്പെടുന്ന വയാഗ്ര 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കന്‍ വിപണിയിൽ എത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയിലായിരുന്നു സില്‍ഡെനാഫില്‍ രംഗ പ്രവേശം എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഗവേഷകര്‍ക്ക് തെറ്റി. ശരീരത്തിലെ പിഡിഇ-5 എന്ന ഒരു തരം പ്രോട്ടീന്‍ ഉൽപാദനത്തെ തടഞ്ഞ് രക്തധമനികള്‍ വികസിപ്പിച്ച് രക്തയോട്ടം വര്‍ധിപ്പിക്കുന്നതിലൂടെ ഹൃദ്രോഗം തടയാം എന്നതായിരുന്നു അവരുടെ കണക്കുകൂട്ടല്‍. അത് നടന്നില്ല, പകരം, അതേമരുന്ന് ഉദ്ധാരണ തകരാറുകള്‍ക്കുള്ള പരിഹാരമാകുമെന്ന് അവര്‍ കണ്ടെത്തി. വയാഗ്രയുടെ ആധിപത്യം അവിടെമുതല്‍ തുടങ്ങിയതാണ്.

ഉദ്ധാരണശേഷിക്കുറവിനുള്ള ഉത്തമ പ്രതിവിധിയായി വയാഗ്ര പരക്കെ അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും ഒരു മാസംകൊണ്ടോ വര്‍ഷംകൊണ്ടോ അതിന്‍റെ ഫലപ്രാപ്തി കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. 62 മില്ല്യണ്‍ പുരുഷന്മാര്‍ വയാഗ്ര ഉപയോഗിക്കുന്നുണ്ടെന്നാണ് ഫിസര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

This post was last modified on June 10, 2019 3:03 pm