X

ചിദംബരത്തെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി, എൻഫോഴ്സ്മെന്റ് നടപടിയിൽ നിന്നും സംരക്ഷണം; സർക്കാരിന് തിരിച്ചടി

ജ. ഭാനുമതി അധ്യക്ഷയായ ബെഞ്ചിന്റെതാണ് നിർദേശം

ഐഎൻഎക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെമെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിൽ മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തിന് ഇടക്കാല സംരക്ഷണം. തിങ്കളാഴ്ച വരെ നടപടി വേണ്ടെന്നാണ്  ഇഡി കേസിൽ കോടതിയുടെ നിർദേശം. സുപ്രീം കോടതിയിൽ സമർപ്പിച്ച പ്രത്യേക അപേക്ഷയിലാണ് ജ. ഭാനുമതി അധ്യക്ഷനായ ബെഞ്ച് ചിദംബരത്തിന് ആശ്വാസം നൽകുന്ന തീരുമാനം എടുത്തത്.

ചിദംബരത്തിന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളുടെ ഇടപെടലുകൾ ഉൾപ്പെടെ തിങ്കളാഴ്ച മാത്രമേ പരിഗണിക്കും എന്നും കോടതി വ്യക്തമാക്കി.  അതേസമയം, ചിദംബരത്തിനായി കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലും അന്വേഷണ ഏജൻസികൾക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമേത്തയും തമ്മിൽ രൂക്ഷമായ വാദപ്രതിവാദമാണ് കോടതിയിൽ അരങ്ങേറിയതെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ മുൻ കേന്ദ്രമന്ത്രി പി.ചിദംബരം നൽകിയ ഹർജികളായിരുന്നു സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. രണ്ട് ഹർജികൾ ആണ് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിന് എതിരെ പി.ചിദംബരം സുപ്രീംകോടതിയിൽ നൽകിയിരുന്നത്. അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം ലഭിക്കുന്നതിന് മുൻകൂർ ജാമ്യാപേക്ഷ തേടിയും സിബിഐയെ കക്ഷി ചേർത്തുള്ളതും, ഇതേ അവശ്യങ്ങൾ ഉന്നയിച്ചു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കക്ഷി ചേർത്തതുമാണ് ഹർജികൾ.

കേസിൽ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടിയ ഹർജിക്ക് ഇനി പ്രസക്തിയില്ല. എന്നാൽ, ഈ മാസം 26 വരെ ചിദംബരത്തെ കസ്റ്റഡിയില്‍ വയ്ക്കാന്‍ സിബിഐയെ അനുവദിച്ചു കൊണ്ടാണ് ഡല്‍ഹിയിലെ സിബിഐ കോടതി ഉത്തരവെന്നിരിക്കെ വീണ്ടും അറസ്റ്റ് രേഖപ്പെടുത്താൻ ഇഡി നീക്കം നടത്തുന്നത് തടയുകയായിരുന്നു രണ്ടാമത്തെ ഹർജിയുടെ ലക്ഷം. ഇതിലാണ് ഇപ്പോൾ താൽക്കാലികമായെങ്കിലും ചിദംബരത്തിന് ആശ്വാസം ലഭിച്ചിരിക്കുന്നത്.

Also Read-  ആര്‍ക്കും ആരേയും വിശ്വാസമില്ല, രാജ്യം സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലെന്ന് നീതി ആയോഗ്

 

This post was last modified on August 23, 2019 3:44 pm