X

ചരിത്രത്തിലേക്ക് കുതിച്ച് ഇന്ത്യ ; 20 ഉപഗ്രഹങ്ങളും വഹിച്ചുള്ള പിഎസ്എല്‍വി വിക്ഷേപണം വിജയകരം

അഴിമുഖം പ്രതിനിധി

ഐ എസ് ആര്‍ ഒ യ്ക്ക് ചരിത്രനേട്ടം. ഒറ്റയടിക്ക് 20 ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി വിക്ഷേപണം വിജയകരം. വിദേശരാജ്യങ്ങളുടേതുള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി സി34 ബഹിരാകാശത്തെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.26 നായിരുന്നു വിക്ഷേപം. 48 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ തിങ്കള്‍ രാവിലെയാണ് ആരംഭിച്ചത്. പിഎസ്എല്‍വിയുടെ 36ആമത്തെ ദൗത്യമായിരുന്നു ഇന്നു നടന്നത്.

യുഎസ്, കാനഡ, ജര്‍മനി, ഇന്തൊനീഷ്യ എന്നിവിങ്ങളിലെ ഉപഗ്രഹങ്ങളും രണ്ട് ഇന്ത്യന്‍ സര്‍വകലാശാലകളുടെ ഉപഗ്രഹങ്ങളുമായാണ് ഐഎസ്ആര്‍ഒ പിഎസ്എല്‍വി സി34 യാത്രതിരിച്ചത്. 2008ല്‍ ഒറ്റത്തവണ 10 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. 2014 ല്‍ ഡിഎന്‍ഇപിആര്‍ റോക്കറ്റില്‍ 37 ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ച് റഷ്യയ്ക്കാണ് ഈ മേഖലയിലെ റെക്കോര്‍ഡ്.

ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് 2സിയെക്കൂടാതെ ഇന്തൊനീഷ്യയുടെ ലാപാന്‍എ3, ജര്‍മനിയുടെ ബിറോസ്, കാനഡയുടെ എം3എം സാറ്റ്, ജിഎച്ച്ജി സാറ്റ്, യുഎസിന്റെ സ്‌കൈസാറ്റ് ജെന്‍21, 12 ഡോവ് ഉപഗ്രഹങ്ങള്‍, സത്യഭാമാസാറ്റ് (ചെന്നൈയിലെ സത്യഭാമ സര്‍വകലാശാല), സ്വായം ഉപഗ്രഹങ്ങള്‍ (കോളജ് ഓഫ് എന്‍ജിനിയറിങ്, പുണെ) എന്നീ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ആകെ, 1,288 കിലോഗ്രാം ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.

 

This post was last modified on December 27, 2016 4:17 pm