X

ദാദ്രി കൊലപാതകം: അഖ്‌ലാഖിന്റെ ഫ്രിഡ്ജില്‍ നിന്ന് കണ്ടെത്തിയത് പശുമാംസമെന്ന്‌ ഫോറന്‍സിക് റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ മാംസം പശുവിന്റേതോ പശുക്കുട്ടിയുടേതോ ആണെന്ന് ഫോറന്‍സിക് പരിശോധ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ദാദ്രിയില്‍ 52 വയസ്സുള്ള അഖ്‌ലാഖും മകന്‍ ഡാനിഷും ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ അഖ്‌ലാഖ്‌ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി. മകന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയ മാംസം മഥുരയിലെ ലാബിലേക്ക് ഫോറന്‍സിക് പരിശോധനകള്‍ക്കായി പൊലീസ് അയച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ ബീഫ് കഴിക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും പശുവിനെ കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്. അഖ്‌ലാഖിന്റെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണത്തെ സഹായിക്കുന്നതിനുവേണ്ടിയാണ് മാംസം പരിശോധനയ്ക്ക് അയച്ചെന്ന് പൊലീസ് പറയുന്നു. തങ്ങള്‍ അഖ്‌ലാഖിന്റെ കൊലപാതകത്തെ കുറിച്ചാണ് അന്വേഷിക്കുന്നതെന്നും ഗോവധത്തെ കുറിച്ചല്ലെന്നും പൊലീസ് പറയുന്നു. മാംസം ആട്ടിറച്ചിയുടേത് പോലെ തോന്നുവെന്നാണ് കഴിഞ്ഞ വര്‍ഷം ഒരു പ്രദേശിക മൃഗ ഡോക്ടര്‍ പറഞ്ഞിരുന്നത്.

രണ്ട് കൗമാരക്കാര്‍ അടക്കം 18 പേരെയാണ് പൊലീസ് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്.

രാജ്യത്ത് അസഹിഷ്ണുതയെ കുറിച്ചും ബീഫ് രാഷ്ട്രീയത്തെ കുറിച്ചുമുള്ള ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച സംഭവമായിരുന്നു അത്. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രമുഖ എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും അവാര്‍ഡുകള്‍ തിരിച്ചു നല്‍കുകയുമുണ്ടായി.

This post was last modified on December 27, 2016 4:13 pm