X

ഇറ്റാലിയന്‍ നാവികസേന ലിബിയന്‍ തീരത്തുനിന്നും 5600 അഭയാര്‍ഥികളെ രക്ഷപ്പെടുത്തി

അഴിമുഖം പ്രതിനിധി

ഇറ്റാലിയന്‍ നാവികസേന ലിബിയന്‍ കടല്‍തീരത്തുനിന്നും 5600-ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയെന്ന് ഫ്രാന്‍സ് 24 റിപ്പോര്‍ട്ട് ചെയ്തു. 40 ബോട്ടുകളില്‍ സഞ്ചരിച്ചിരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ അഭയാര്‍ഥികളെയാണ് രക്ഷപ്പെടുത്തിയത്. മൂന്ന് വര്‍ഷം മുമ്പ് ഇതുപോലെ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് 366 ആളുകള്‍ മരിച്ചിരുന്നു.

അഭയാര്‍ഥികളില്‍ പലരും അവശരായിരുന്നുവെന്നും അവരെ ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്കു മാറ്റിയെന്നും ഫ്രാന്‍സ് 24 പറയുന്നു. അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത് മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ബോട്ടുകളിലായിരുന്നു. അഭയാര്‍ഥികള്‍ 5 വയസിനും 9 വയസിനും ഇടയിലുള്ള 200-ഓളം പേര്‍ ഉണ്ടായിരുന്നു.

കലാപങ്ങളും സംഘര്‍ഷങ്ങളും തുടരുന്ന ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും ആയിരക്കണക്കിനാളുകളാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറുന്നതിനായി കടല്‍ വഴി യാത്രപുറപ്പെടുന്നത്. മോശം കാലാവസ്ഥയും, സുരക്ഷിതമല്ലാത്ത ബോട്ടുകളും കപ്പലുകളും യാത്രയ്ക്ക് ഉപയോഗിക്കുന്നതും കാരണം പലപ്പോഴും ഇത്തരം യാത്രകള്‍ ദുരന്തമാകാറാണ് പതിവ്.

 

This post was last modified on December 27, 2016 2:25 pm