X

അഴിമതി ആരോപണം ജേക്കബ് തോമസിന് എതിരെ അന്വേഷണം

അഴിമുഖം പ്രതിനിധി

തുറമുഖ വകുപ്പിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഡിജിപി ജേക്കബ് തോമസിന് എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ ലോകായുക്ത പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപിക്ക് എതിരെ രഹസ്യ പരിശോധന നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാനും വിജിലന്‍സിന് ലോകായുക്ത നിര്‍ദ്ദേശം നല്‍കി. ലോകായുക്ത പയസ് സി കുര്യാക്കോസ്, ഉപലോകായുക്ത കെ പി ബാലചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

തുറമുഖ വകുപ്പ്, കെ ടി ഡി എഫ് സി മാനേജിംഗ് ഡയറക്ടര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ച്ചിരുന്നപ്പോഴാണ് ക്രമക്കേടുകള്‍ ജേക്കബ് തോമസ് നടത്തിയിരുന്നതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബെബി ഫെര്‍ണാണ്ടസിന്റെ ആരോപണം. തുറമുഖ ഡയറക്ടര്‍ ആയിരുന്നപ്പോള്‍ മുങ്ങല്‍ ഉപകരണങ്ങള്‍ കരാറില്ലാതെ വാങ്ങിയതു മൂലം 36,000 രൂപ സര്‍ക്കാരിന് നഷ്ടം ഉണ്ടായി എന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. മുന്‍പരിചയമില്ലാത്ത സിഡ്‌കോയ്ക്കാണ് കരാര്‍ നല്‍കിയത്. സര്‍ക്കാര്‍ സ്ഥാപനമായ സിഡ്‌കോയ്ക്ക് അനെര്‍ട്ടിന്റെ അനുമതിയില്ലാതെ 32 ലക്ഷം രൂപ കൈമാറുകയും ചെയ്തുവെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

കെ ടി ഡി എഫ് സി മാനേജിംഗ് ഡയറക്ടര്‍ ആയിരിക്കേ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് ടികെഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഡയറക്ടറായി ജോലി ചെയ്ത് ശമ്പളം വാങ്ങിയിരുന്നുവെന്നും ആരോപണമുണ്ട്. ജേക്കബ് തോമസും ഭാര്യയും കര്‍ണാടകയിലെ കൂര്‍ഗില്‍ വനഭൂമി വാങ്ങിയെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

വിവിധ വിഷയങ്ങളില്‍ ജേക്കബ് തോമസും യുഡിഎഫ് സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോഴാണ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അദ്ദേഹത്തിന് എതിരെ അഴിമതിയാരോപണവുമായി ലോകായുക്തയെ സമീപിക്കുന്നത്.

This post was last modified on December 27, 2016 3:31 pm