X

ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കും: മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഔദ്യോഗിക ഇ-മെയിലും മൊബൈല്‍ ഫോണും ചോര്‍ത്തിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ടു ജേക്കബ് തോമസ് പരാതി നല്‍കിയത് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

പ്രതിപക്ഷത്തു നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷണം ആവിശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി അറിയാതെ, ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍ നടക്കില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശീതയുദ്ധം നിലനില്‍ക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ കേന്ദ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തില്‍ ഉന്നയിക്കുന്നതു പോലെയുള്ള പരാതിയല്ല ജേക്കബ് തോമസ് നല്‍കിയിരിക്കുന്നതെന്നും ചില അസ്വസ്ഥകളുണ്ടെന്നുമാണ് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചതെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നത് സര്‍ക്കാര്‍ നയമല്ല. ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ജേക്കബ് തോമസിനെതിരെ ഒട്ടേറെ നീക്കങ്ങള്‍ നടക്കുന്നു. ഇതു സമൂഹം കാണുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യകതമാക്കി. ജേക്കബ് തോമസിന് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഫോണ്‍ ചോര്‍ത്തല്‍ ഡിജിപി അന്വേഷിക്കുമെന്നാണ് ആദ്യം മുഖ്യമന്ത്രി അറിയിച്ചിരുന്നത്.

This post was last modified on December 27, 2016 2:20 pm