ഹസ്ന ഷാഹിത
വ്യക്തി എന്ന നിലയിലുള്ള ഒരു വിദ്യാര്‍ഥിയുടെ സകല തീരുമാനങ്ങളെയും തിരഞ്ഞെടുപ്പുകളെയും മരവിപ്പിക്കുന്ന, അദ്ധ്യാപകര്‍ മുഴുവന്‍സമയ പോലീസ് ജോലി ചെയ്യുന്ന, പരുക്കന്‍ ചട്ടങ്ങള്‍ ദൈനംദിനപ്രവൃത്തികളെ നിയന്ത്രിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം തടവറയിലേക്കുള്ള രൂപാന്തരീകരണത്തിന്റെ അവസാനഘട്ടത്തിലാണ്. സാമ്പ്രദായിക ജയിലുകളേക്കാള്‍ സ്വാതന്ത്യത്തെ കൊല്ലുന്ന, കണിശമായ അച്ചടക്കക്രമങ്ങളുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇക്കാരണങ്ങള്‍ കൊണ്ടൊക്കെ മധ്യവര്‍ഗത്തിനും അതിനു മുകളിലേക്കുള്ളവര്‍ക്കും പ്രിയങ്കരമാണു താനും. കലാലയ രാഷ്ട്രീയം, സര്‍ഗാത്മകത, പ്രണയം, സൗഹൃദം, വസ്ത്രം തുടങ്ങിയ ഒന്നിലും നൈസര്‍ഗികത അനുവദിക്കാത്ത, മതമൂല്യങ്ങള്‍ ഇഴയിട്ട പെരുമാറ്റനിയമങ്ങള്‍ ഭരിക്കുന്ന കലാലയങ്ങളിലും സ്കൂളുകളിലും തിരക്കേറുന്നത് അതുകൊണ്ടാണ്.
കഴിഞ്ഞ ദിവസം പെരുമ്പിലാവ് അല്‍ അന്‍സാര്‍ വിമണ്‍സ് കോളേജിലെ നേച്ചര്‍ ക്ലബ് സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ സീമ സുരേഷിനോട് ജീന്‍സ് ധരിച്ച് കോളേജിലേക്ക് വരരുതെന്നാണ് സ്ഥാപനാധികാരികള്‍ നിര്‍ദേശിച്ചത്. ഈ വിഷയത്തെ അധികരിച്ച് നടന്ന ചര്‍ച്ചയെല്ലാം വിദ്യാര്‍ഥികള്‍ക്ക് ഡ്രസ്സ്കോഡാകാം അതിഥികള്‍ക്ക് ആകാമോ എന്നതിലെ പ്രശ്നത്തില്‍ മാത്രമാണ് ഊന്നി നിന്നിരുന്നത്. ജീന്‍സിട്ട സ്ത്രീയെ വിദ്യാര്‍ഥികളോട് സംവദിക്കാന്‍ പോലും അനുവദിക്കാത്ത സ്ഥാപനം അവരുടെ വിദ്യാര്‍ഥികളുടെ രൂപം, പെരുമാറ്റം, പാഠ്യ-പാഠ്യേതര വിഷയങ്ങള്‍ തുടങ്ങിയവയില്‍ എങ്ങനെയൊക്കെ ഇടപെടുന്നുണ്ട് എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.
മതസംഘടനകള്‍ മാനേജ്മെന്‍റായുള്ള സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായ മുഴുനീളന്‍ കൈയ്യും, വശങ്ങളില്‍ പൊളിയില്ലാത്ത സല്‍വാറും അയഞ്ഞ കമ്മീസും മുഖമക്കനയും തന്നെയാണ് ഇവിടെയും വസ്ത്രം. ഇവയൊന്നും വിദ്യാര്‍ഥികളുടെ സൗകര്യമോ സൗന്ദര്യബോധമോ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല, പെണ്‍ശരീരത്തിന്റെ തൊലിയും അളവുകളും മറച്ച് വെച്ച് സംരക്ഷിക്കേണ്ട മാന്യത, അച്ചടക്ക കുമിളകളെ ഊതി വീര്‍പ്പിക്കുന്നുമുണ്ട്. കാലാവസ്ഥ, ധരിക്കുന്ന ആളുടെ സൗകര്യം തുടങ്ങിയവയൊക്കെ പരിഗണിച്ച് കൈനീളം മുട്ടിന് മുകളിലേക്ക് കയറ്റാനോ, തല തുറന്നിടാനോ ചുരുങ്ങിയത് കഴുത്തെങ്കിലും സ്വാത്രന്ത്യമാക്കി തട്ടമിടാനോ ചുരിദാറിന്റെ വശങ്ങള്‍ തുറന്നിട്ട് നടപ്പ് സുഖമാക്കാനോ ഒന്നും സാധിക്കാത്ത വിധം കര്‍ശനമാണ് ഈ ഏകതാന വസ്ത്രചിട്ടകള്‍. മതമല്ല, മതത്തെ വ്യാഖ്യാനിച്ച് തങ്ങളുടേതാക്കുന്ന പൗരോഹിത്യവും പുരുഷ നേതൃത്വവുമാണ് ഇവയൊക്കെ കല്പിച്ചുണ്ടാക്കുന്നത്. മുഖമക്കനയൊഴിച്ചാല് ഇതേ ശാഠ്യമുള്ള വസ്ത്രശൈലികള്‍ തന്നെയാണ് ക്രിസ്ത്യന്‍, ഹിന്ദു, ആള്‍ദൈവ മാനേജ്മെന്റുകളുടെ കലാലയങ്ങളിലും. യുണിഫോം ഉള്ള അമൃത കോളേജുകളില്‍ മുഴുക്കൈനീളം നിര്‍ബന്ധവും, യൂണിഫോം ഇല്ലാത്ത ക്രൈസ്റ്റ് കോളേജില്‍ പെണ്‍ട്ടികള്‍ക്ക് ജീന്‍സിന് വിലക്കുമാണ്.
സീമ സുരേഷ്, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍, ബ്ലോഗര്‍, റൈറ്റര്‍
അന്‍സാര്‍ കോളേജിലെ വിദ്യാര്‍ഥികളെ മുഖമക്കനയ്ക്ക് മീതെ കസവുതട്ടവുമിട്ടാണ് സര്‍വകലാശാല യുവജനോത്സവത്തിനു പങ്കെടുക്കാന്‍ അനുവദിച്ചത് എന്നതു കൂടിയാകുമ്പോള്‍ മതചിട്ടകള്‍ വിദ്യാര്‍ഥികള്‍ക്ക് മേല്‍ എത്ര സങ്കുചിതമായാണ് അടിച്ചേല്പ്പിക്കുന്നതെന്ന് വ്യക്തമാകും. തല മറയ്ക്കുന്നതിലും ഉടുപ്പിടുന്നതിലുമൊക്കെയുള്ള ഇതേ നിയമങ്ങള്‍ തന്നെ സാധാരണ ഉടുപ്പുകള്‍ ധരിക്കാവുന്ന ദിവസങ്ങളിലും കുട്ടികള്‍ പാലിക്കണം. ചുരിബോട്ടമോ ലെഗ്ഗിന്‍സോ അല്ലാത്ത കാലുറകള്‍, മുട്ടിറങ്ങി കൈയുള്ള മേല്‍വസ്ത്രം ഒക്കെ നിര്‍ബന്ധം. ഇവിടെയൊക്കെ പെണ്‍കുട്ടികളുടെ വിശ്വാസത്തിന്റെ തോതോ, താല്പര്യമോ ഒന്നും വിഷയമേ അല്ലാ എന്നത് പര്‍ദ്ദ ധരിക്കാനുള്ള സ്വാത്രന്ത്യത്തെ കുറിച്ച് വാചാലരാകുന്ന പുരോഗമന മുസ്ലിങ്ങളുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നുണ്ട്. ഈ യൂണിഫോം കുപ്പായങ്ങള്‍ തങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നതാണെന്ന് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയാനോ, ഇത് വേണ്ടെന്ന് പറയാനോ സാധ്യമല്ലാത്ത വിധം മുതിര്‍ന്നവരുടെ സമ്മതവും മതശാസനകളും നല്കുന്ന കരുത്തുറ്റ അടിത്തറയിലാണ് ഈ സ്ഥാപനം നില്ക്കുന്നതും.
എന്റെ വസ്ത്രം എന്റെ സ്വാതന്ത്യമാണെന്ന് അലറിക്കൂവി വഴക്കിട്ട് പറഞ്ഞുകൊണ്ടേ ഇരിക്കേണ്ട ആ ഗതികേടിന്റെ കൂടെ പോലും ഉള്‍പ്പെടുത്താത്തതാണ് യൂണിഫോമുകള്‍. മതങ്ങളും സദാചാരസങ്കല്പങ്ങളും പുരുഷബോധങ്ങളും കൂടി ഡിസൈന്‍ ചെയ്തെടുത്ത ഈ ഉടുപ്പുകള്‍ സ്ഥാപനങ്ങളുടെ ഡ്രസ്സ് കോഡ് എന്ന നിലയ്ക്ക് എല്ലാവിധ എതിര്‍പ്പുകളില്‍ നിന്നും മോചിതമായി നിലനില്ക്കുന്നുണ്ട്. ഇനി എപ്പോഴെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ യൂണിഫോമുകളെ എഡിറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അത് മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് കൈനീളം കൂട്ടാനും തല മറക്കാനും അനുവദിച്ചു കൊണ്ട് തന്നെയാണ്. വ്യക്തിയുടെ വിശ്വാസങ്ങളെ പിന്തുടരാനുള്ള സ്വാതന്ത്യം പരിഗണിക്കേണ്ട ജനാധിപത്യബാധ്യതയുമാണത്. പക്ഷേ തട്ടം ഇടേണ്ടവര്‍ക്ക് അതിനും കൈ മറക്കേണ്ടവര്‍ക്ക് അതിനും അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍, വിശ്വാസിയായിരുന്നുകൊണ്ടോ അല്ലാഞ്ഞിട്ടോ തട്ടം ഇടാതിരിക്കാനുള്ള, ഇറുകിയ ഉടുപ്പ് ഇടാനുള്ള പെണ്‍കുട്ടികളുടെ ആവശ്യത്തെ / അവകാശത്തെ സൗകര്യപൂര്‍വം നിശബ്ദമാക്കുന്നു.
അന്‍സാറിനകത്തെ ആഘോഷദിവസങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കണമെങ്കില്‍ പശ്ചാത്തലമാക്കുന്ന ഗാനം അദ്ധ്യാപകരുടെ പരിശോധനക്ക് വിധേയമാക്കണമത്രെ. ലൈംഗികതയെക്കുറിച്ച് സൂചിപ്പിക്കുന്ന, ‘ലവ്’ എന്ന, ഇരട്ട അര്‍ഥമുള്ള വാക്കുകള്‍ ഉള്ള ഗാനങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ല. പരിപാടി നടന്നു കൊണ്ടിരിക്കുമ്പോള്‍ ഇത്തരം വാക്കുകള്‍ ശ്രദ്ധയില്‍ പെടുകയോ, നൃത്തം ചെയ്യുന്ന കുട്ടികളുടെ വസ്ത്രം സ്ഥാനം മാറുകയോ ചെയ്താല്‍ ഉടന്‍ കര്‍ട്ടന്‍ വീഴും. ഇവിടുത്തെ ഹോസറ്റലില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രം ഭര്‍ത്താവിനോട് ദിവസം ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിക്കാന്‍ അനുവാദമുണ്ടത്രെ. (മറ്റുള്ളവര്‍ക്ക് മുമ്പ് എഴുതി കൊടുത്ത നമ്പറില്‍ നിന്നുള്ള ഇന്‍കമിങ്ങ് കോളില്‍ വീട്ടുകാരോട് പത്തുമിനിട്ടും സംസാരിക്കാം). ഇത്ര മേല്‍ സദാചാരസംരക്ഷകരും മതയാഥാസ്ഥിതികത്വവും നിലനില്ക്കുന്നതുകൊണ്ട് തന്നെയാകണം അതേ മൂല്യങ്ങള്‍ക്ക് വിധേയരാകുന്ന അതിഥികളെയും സ്ഥാപനത്തിനും മതി എന്നവര്‍ തീരുമാനിച്ചത്.
ആണും പെണ്ണും രണ്ട് നിരോധിത മേഖലകളും, പ്രണയം അദ്ധ്യാപകര്‍ കണ്ടുപിടിച്ച് ശിക്ഷിക്കേണ്ട കുറ്റകൃത്യവും, ക്ലാസ് മുറി രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ക്കിടയിലെ സിലബസ് വിഴുങ്ങലിന് വന്നിരിക്കാന്‍ ഉള്ള ഇടവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കലാലയങ്ങളുടെ സാമാന്യനിര്‍വചനത്തിനു തന്നെ പുറത്താണ്. അന്‍സാര്‍ സിന്‍ഡ്രോമുള്ള ഒരുപാട് കാംപസുകള്‍
കേരളത്തിലുണ്ട്. സെക്സ് പിസ്റ്റൊള്‍സിന്റെ schools are prisons എന്ന ഗാനത്തിലേത് പോലെ, സനേഹിക്കാനും സ്വാതന്ത്യം അനുഭവിക്കാനും പഠിപ്പിക്കാത്ത ജീവിതത്തിലെ വസന്തം പാഴാക്കി കളയേണ്ടി വരുന്ന ഇടങ്ങള്‍. പ്രണയവും രാഷ്ട്രീയവും കലയും മതില്‍ക്കെട്ടിന് പുറത്താക്കിയ യന്ത്രഫാക്ടറികള്‍. മതവും വിശ്വാസവും കുഴച്ചുണ്ടാക്കുന്ന പിന്തിരിപ്പന്‍ മൂല്യവ്യവസ്ഥയില്‍ നിന്ന് അച്ചടക്കമുള്ള ബിരുദധാരികളെ ഛര്‍ദ്ദിച്ചിടുന്ന ഈ തടവറകളിലേക്കാണ് വ്യത്യസ്തതകള്‍ നിറമായും ശബ്ദമായും ഇരച്ചുകയറി അടുക്കുചിട്ടകളെ തട്ടിയിടേണ്ടത്.
(എറണാകുളം ഗവ.ലോ കോളേജില്‍ വിദ്യാര്‍ഥിയാണ് ഹസ്ന)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
This post was last modified on July 24, 2015 10:34 am
Leave a Comment