X

അഹമ്മദാബാദ് വിമാനത്താവളത്തില്‍ സംഭവിച്ചതെന്ത്? ജിഗ്‌നേഷ് മേവാനിയുടെ സഹോദരന്‍ വെളിപ്പെടുത്തുന്നു

അഴിമുഖം പ്രതിനിധി

ഗുജറാത്തിലെ ദളിത് പ്രക്ഷോഭത്തിന്റെ നായകന്‍ ജിഗ്‌നേഷ് മേവാനിയെ അന്യായമായി കസ്റ്റഡിയിലെടുത്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ രംഗത്ത്. ജിഗ്‌നേഷിനെ പോലീസ് കൊണ്ടുപോകുമ്പോള്‍ കൂടെയുണ്ടായിരുന്ന വീരല്‍ മേവാനിയാണ് ജിഗ്‌നേഷിനെ അന്യായമായി കസ്റ്റഡിയിലെടുത്തതിന് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. 

ജിഗ്‌നേഷിന് എന്താണ് സംഭവിച്ചതെന്ന് വീരല്‍ മേവാനിയുടെ വാക്കുകളില്‍;

‘എന്റെ പേര് വീരല്‍ മേവാനി, ജിഗ്‌നേഷ് മേവാനിയുടെ സഹോദരനാണ്. ഡല്‍ഹിയില്‍ നിന്നു ഇന്‍ഡിഗോ ഫ്‌ളൈറ്റിന് എട്ടുമണിക്കാണ് ജിഗ്‌നേഷ് എത്തിയത്. അവനെ കൂട്ടിക്കൊണ്ടു പോകുവാനായി ഞാന്‍ എയര്‍പോര്‍ട്ടിലുണ്ടായിരുന്നു. ഫ്‌ളൈറ്റില്‍ നിന്നിറങ്ങിയ ജിഗ്‌നേഷ് ഭായി എയര്‍പോര്‍ട്ടില്‍ വച്ച് എന്നെ കൈകാണിക്കുകയും പുറത്തു വരുവാണെന്നും അറിയിച്ചു. പുറത്തിറങ്ങിയതും പത്തിരുപത് പോലീസുക്കാര്‍ അവനെ വളഞ്ഞിട്ട് കൂട്ടിക്കൊണ്ടുപോയി. ഞാന്‍ അവരെ സമീപിച്ചിട്ട് അവനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്നും ചോദിച്ചു. അതിന് അവര്‍ പ്രതികരിച്ചത് കുഴപ്പമൊന്നുമില്ല ഞങ്ങള്‍ ഇവനെ കൊണ്ടുപോവുകയാണ്, നിങ്ങള്‍ പേടിക്കേണ്ട കാര്യമില്ല. എന്നോട് ഇതില്‍ ഇടപെടേണ്ടെന്നും പറഞ്ഞ് അവര്‍ അവനെ വണ്ടിയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. അവിടെ ഏകദേശം 10 എയര്‍പോര്‍ട്ട് പോലീസുക്കാരുള്‍പ്പടെ 25 പോലീസുകാരുണ്ടായിരുന്നു. അവര്‍ അവനെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ല.’

ഇതിനെക്കുറിച്ച് എന്താണ് താങ്കള്‍ക്ക് പറയാനുള്ളതെന്ന് ദളിത് ക്യാമറ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ ചോദിച്ചപ്പോള്‍ വീരല്‍ മേവാനി പറയുന്നത്, ‘അവനെ എന്തിനാണ് കൊണ്ടുപോയതെന്ന് ഒരു അറിവുമില്ല. സര്‍ദാര്‍ പോലീസ് സ്‌റ്റേഷനില്‍ ഒരു പരാതി കൊടുക്കാനാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്. എന്തു തന്നെയായാലും ഇത് നിയമ വിരുദ്ധമാണ്.’ 

‘ദയവായി പോലീസ് കമ്മീഷണറോട് അഭ്യര്‍ത്ഥിക്കൂ ജിഗ്‌നേഷ് മേവാനിയെ വിട്ടയ്ക്കാന്‍.’ എന്ന ഒരു അഭ്യര്‍ത്ഥനയും ദളിത് ക്യാമറ പ്രസിദ്ധീകരിച്ച ഈ പോസ്റ്റിനോടൊപ്പം ഉണ്ട്. 

വിളിക്കേണ്ട നമ്പറുകള്‍:

ഡി ജി പി: താക്കുര്‍-9978406255 
അഹമ്മദാബാദ് കമ്മീഷണര്‍: ശിവാനന്ദ് ജ ഐ പി എസ്- 9978406258
അഹമ്മദാബാദ് റേഞ്ച് ഡി ഐ ജി കെ എല്‍ എം റാവു ഐ പി എസ്- 9978405089

This post was last modified on December 27, 2016 2:28 pm