X

മോദിയുടെ ചിത്രം പരസ്യത്തിനുപയോഗിച്ച റിലയന്‍സിന് പിഴ-500 രൂപ

അഴിമുഖം പ്രതിനിധി

അനുമതിയില്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചു പ്രിന്റ്/ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പരസ്യം ചെയ്തതിനു റിലയന്‍സ് ജിയോയില്‍ നിന്നും 500 രൂപ പിഴ ഈടാക്കി ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ സാധ്യത. ദേശീയ മാധ്യമങ്ങളാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിയമപ്രകാരം ചില പ്രത്യേക വ്യക്തികളുടെ പേരോ ഔദ്യോഗിക ചിഹ്നങ്ങളോ സര്‍ക്കാര്‍ അനുമതി കൂടാതെ പരസ്യത്തിനായി ഉപയോഗിക്കാന്‍ സാധിക്കില്ല. പേരോ ചിഹ്നങ്ങളോ ദുര്യോപയോഗം ചെയ്യുന്നത് തടയുന്നതിനായുള്ള 1950 ലെ നിയമം അനുസരിച്ച് 500 രൂപ ഇത്തരം കുറ്റങ്ങള്‍ക്ക് പിഴ ഈടാക്കണം. ജിയോയുടെ കാര്യത്തിലും ഈ പിഴ തുക ഈടാക്കി ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ അവസാനിപ്പാക്കാനാണു നീക്കം നടക്കുന്നതെന്നാണ് അറിയുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അനുമതി വാങ്ങാതെയാണ് ജിയോയുടെ ലോഞ്ചിംഗുമായി ബന്ധപ്പെടുന്ന വന്ന പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

റിലയന്‍സ് തങ്ങളുടെ പരസ്യത്തിനു പ്രധാനമന്ത്രിയെ ഉപയോഗിച്ചത് വലിയ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ലമെന്റിലുണ്ടായ ചോദ്യത്തിന് ഇത്തരമൊരു പരസ്യം വന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അനുമതി ഇല്ലാതെയാണ് ഇതു ചെയ്തിരിക്കുന്നതെന്നും കേന്ദ്ര വാര്‍ത്ത വിതരണസഹ മന്ത്രരി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് മറുപടി പറഞ്ഞിരുന്നു.

നോട്ട് നിരോധനത്തിനു പിന്നാലെ ഇ-വാലറ്റ് കമ്പനിയായ പേയ്ടിഎമ്മും മോദിയുടെ ചിത്രംവച്ച് പരസ്യം ചെയ്തിരുന്നു.

 

This post was last modified on December 27, 2016 2:14 pm