X

ജെഎന്‍യു വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു; ഐസ നേതാവിനെതിരെ കേസ്

ഡല്‍ഹിയിലെ ജെ.എന്‍.യു (ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല)വില്‍ ഗവേഷക വിദ്യാര്‍ഥിനിയെ ജെ.എന്‍.യു വിദ്യാര്‍ഥിയും ഐസ (All India Students Association) നേതാവുമായ ആള്‍ ബലാത്സംഗം ചെയ്തതായി പരാതി. സംഭത്തില്‍ വസന്ത്കുഞ്ച് പോലീസ് കേസെടുത്തു. ലിംഗസമത്വം ഉറപ്പാക്കുന്ന കാര്യത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്നുവെന്നും ഐസ ഡല്‍ഹി സംസ്ഥാന സെക്രട്ടറി അശുതോഷ് കുമാര്‍ വ്യക്തമാക്കി. ഒപ്പം, കുറ്റാരോപിതനായ അന്‍മോള്‍ രത്തനെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

 

കഴിഞ്ഞ ജൂണില്‍, മറാത്ത സിനിമയായ സൈരാത്തിന്റെ പകര്‍പ്പ് ആരുടെയെങ്കിലും കൈവശമുണ്ടോയെന്ന് ആരാഞ്ഞ് ഈ വിദ്യാര്‍ഥിനി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. തുടര്‍ന്ന് അന്‍മോള്‍ ഇതിന്റെ പകര്‍പ്പ് കൈവശമുണ്ടെന്ന് മെസേജിലൂടെ ഇവരെ അറിയിച്ചു. ശനിയാഴ്ച അന്‍മോള്‍ ഈ പെണ്‍കുട്ടി താമസിക്കുന്ന ഹോസ്റ്റലില്‍ നിന്ന് അവരോട് സിനിമയുടെ സിഡി തരാമൊന്ന് വിശ്വസിപ്പിച്ച് താന്‍ താമസിക്കുന്ന ബ്രഹ്മപുത്ര ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും പിന്നീട് ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് പരാതി. അതിനൊപ്പം, ഈ പെണ്‍കുട്ടിയെ പുറത്തു പോകുന്നതില്‍ നി്ന്ന് തടഞ്ഞുവയ്ക്കുകയും ലൈംഗിക അതിക്രമത്തെക്കുറിച്ച് പരാതിപ്പെടരുതെന്നും ഭീഷണിപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ പറയുന്നു.

 

വിഷയത്തെക്കുറിച്ച് പ്രതികരിച്ച ഐസ അന്‍മോളിന്റെ പ്രവര്‍ത്തിയെ പുര്‍ണമായി തള്ളിക്കളഞ്ഞു. ഐസയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ അന്‍മോള്‍ ഒരു ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യം ഞങ്ങള്‍ ഗൗരവപൂര്‍ണമായി കാണുന്നു. ഈ സംഭവം അതില്‍ ഉള്‍പ്പെട്ട എല്ലാ ഗൗരവത്തോടെയും കണക്കാക്കുന്നു. ലൈംഗികനീതി എന്ന വിഷയത്തില്‍ ഞങ്ങള്‍ അടിയുറച്ചു നില്‍ക്കുന്നു, ഇനി അതില്‍ ഉള്‍പ്പെട്ടത് ഏത്ര വലിയ ഉന്നതനാണെങ്കിലും. ഇക്കാര്യത്തില്‍ ഞങ്ങള്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുകയും അവളുടെ നിയമ പോരാട്ടത്തില്‍ സാധ്യമായ എല്ലാ സഹായവും ചെയ്യുകയും ചെയ്യും- അശുതോഷ് കുമാര്‍ പറഞ്ഞു.

 

ഐസയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന അന്‍മോളിനെ 2015-ല്‍ ഈ പദവിയില്‍ നിന്നു പുറത്താക്കിയിരുന്നു. സഹവിദ്യാര്‍ഥികളോട് അസഭ്യം കലര്‍ന്ന ഭാഷയില്‍ സംസാരിക്കുന്നു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്. 

 

 

This post was last modified on December 27, 2016 2:38 pm