X

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ തെറ്റുകാരല്ലെന്ന് തെളിയിക്കണം: ഡല്‍ഹി പൊലീസ് തലവന്‍

അഴിമുഖം പ്രതിനിധി

ജെഎന്‍യു രാജ്യദ്രോഹ കേസില്‍ ഒളിവില്‍ പോയശേഷം ഇന്നലെ രാത്രി തിരികെ കാമ്പസിലെത്തിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും അവര്‍ കുറ്റക്കാരല്ലെങ്കില്‍ തെളിവ് ഹാജരാക്കണമെന്നും ഡല്‍ഹി പൊലീസ് തലവന്‍ ബി എസ് ബസ്സി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടുണ്ടെന്നും അവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും പൊലീസ് ജെഎന്‍യു അധികൃതരെ അറിയിച്ചിട്ടുണ്ട്.അതേസമയം തങ്ങള്‍ കീഴടങ്ങില്ലെന്നും പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയാല്‍ തടയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ കാമ്പസിനുള്ളില്‍ കടക്കാന്‍ പൊലീസിന് അനുവാദം സര്‍വകലാശാല അധികൃതര്‍ നല്‍കിയിട്ടില്ല.

ഫെബ്രുവരി ഒമ്പതിന് വിദ്യാര്‍ത്ഥികള്‍ അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവെന്നാണ് ആരോപണം.

ഈ കേസുമായി ബന്ധപ്പെട്ട് പത്ത് ദിവസം മുമ്പ് ജെഎന്‍യു എസ് യു പ്രസിഡന്റ് കനയ്യ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ കനയ്യ തിഹാര്‍ ജയിലിലാണ്. 15 വിദ്യാര്‍ത്ഥികളുടെ പേരില്‍ കൂടി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. അവരില്‍ ഉമര്‍ ഖാലിദ്, അനിര്‍ബന്‍, അശുതോഷ്, രമാനാഗ, അനന്ത് പ്രകാശ് എന്നിവര്‍ ഇന്നലെ രാത്രിയിലാണ് ക്യാമ്പസില്‍ തിരികെ എത്തിയത്.

ഇവര്‍ തിരികെ എത്തിയത് അറിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയെങ്കിലും ക്യാമ്പസിനുള്ളില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചില്ല. ഇന്നലെ രാത്രി മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഈ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കും കാവല്‍ ഇരിക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥികള്‍ ജെഎന്‍യുവിലെ പ്രൊഫസറുടെ വീട്ടിലാണ് ഒളിവില്‍ കഴിഞ്ഞതെന്ന ആരോപണവുമായി എബിവിപി ആരോപിച്ചു. ഇതേ കുറിച്ച് അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

This post was last modified on February 22, 2016 5:51 pm