X

ജെ എന്‍ യു എന്ന പ്രതീകം

ആനീ ഗോവന്‍, രമ ലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയുടെ കവാടത്തില്‍ രണ്ടുദിവസത്തോളം അകത്തേക്കുള്ള അനുമതിയില്ലാതെ പൊലീസ് കാത്തുനിന്നു.

അകത്ത് രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട 5 വിദ്യാര്‍ത്ഥികള്‍. ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിക്ക് മുമ്പായി രണ്ടു വിദ്യാര്‍ത്ഥികള്‍ പുറത്തുവന്നു, പൊലീസിന് പിടികൊടുത്തു. കസ്റ്റഡിയിലുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനൊപ്പം ചേര്‍ന്നു.

“പുറത്തുള്ളവര്‍ പോരാട്ടം മുന്നോട്ടുകൊണ്ടുപോകണം. ഞങ്ങള്‍ അകത്തുനിന്നും പോരാടും,” ഇരുട്ടത്ത് പൊലീസ് കൊണ്ടുപോകവേ ഉമര്‍ ഖാലിദ് പറഞ്ഞു.

ദശാബ്ദങ്ങളായി, ആയിരത്തോളം ഏക്കറുകളിലായി പരന്നുകിടക്കുന്ന, ഇടക്കൊക്കെ കുറുകെ മാനുകളോടുന്ന ജെ എന്‍ യു, കുഴഞ്ഞുമറിഞ്ഞ ഈ തലസ്ഥാനനഗരത്തില്‍ ചിന്തയുടെ മരുപ്പച്ചയാണ്. 

രാജ്യത്തെ മികച്ച തലച്ചോറുകള്‍ നിരവധി ഇവിടെക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. വൃക്ഷപ്പടര്‍പ്പുകളുടെ തണലില്‍, സ്വതന്ത്രമായി സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍, ചായയും കുടിച്ച് നിരവധി വിഷയങ്ങള്‍ അവരിവിടെ ചര്‍ച്ച ചെയ്തിട്ടുണ്ട്-ആ അഭിപ്രായങ്ങള്‍ എത്ര തന്നെ വിപ്ലവകരമായാലും.

എന്നാല്‍ ഭീകരവാദിയെന്ന് മുദ്രകുത്തി സര്‍ക്കാര്‍ തൂക്കിലേറ്റിയ ഒരാളുടെ അനുസ്മരണച്ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ‘ഇന്ത്യ-വിരുദ്ധ മുദ്രാവാക്യങ്ങള്‍’ മുഴക്കിയതോടെ ജെ എന്‍ യു ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രതീകവും സമരഭൂമികയുമായി മാറി.

രാജ്യത്തെ മറ്റ് സര്‍വകലാശാലകളിലും ഇതിനെത്തുടര്‍ന്ന് പ്രതിഷേധം പടര്‍ന്നു. വിഘടനവാദ മുന്നേറ്റം വീണ്ടും ശക്തിപ്പെടുമോ എന്ന ആശങ്കയ്ക്കും വഴിതെളിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ ഒരു പൌരനായിരിക്കുക എന്നാല്‍ എന്താണെന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കും ഇത് തിരികൊളുത്തി.

“ഊര്‍ജസ്വലമായ ഒരു സംസ്കാരമുള്ള ജെ എന്‍ യുവില്‍ എല്ലാത്തരം ചര്‍ച്ചകളും സംവാദങ്ങളും-തീവ്ര വലതുപക്ഷം മുതല്‍ തീവ്ര ഇടതുപക്ഷം വരെ- നടക്കാറുണ്ട്,” ജെ എന്‍ യുവിലെ എസ് എഫ് ഐ നേതാവ് നിതീഷ് നാരായണന്‍ പറഞ്ഞു. “ഇപ്പോള്‍ അത് അവസാനിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.”

എന്നാല്‍ സര്‍വകലാശാലയിലെ അഭിപ്രായസ്വാതന്ത്ര്യത്തെ തടയാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ലെന്നാണ് പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ ബി ജെ പി സര്‍ക്കാര്‍ വ്യക്തമാക്കിയത്.

“ഇത് നിങ്ങളുടെ അഭിപ്രായം പ്രകടിക്കുന്നതിന്റെ കാര്യമല്ല,” മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി പറയുന്നു. “ജെ എന്‍ യുവില്‍ സ്വതന്ത്രാഭിപ്രായം തഴച്ചുവളരുകയാണ്. ഇതൊരു ക്രമസമാധാന പ്രശ്നമാണ്. അതിനെ കൈകാര്യം ചെയ്തേ മതിയാകൂ.”

പാഠ്യ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തിയും തങ്ങളുടെ വിധേയന്‍മാരെ ഉന്നതപദവികളില്‍ നിയമിച്ചും, സാമൂഹ്യപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചും നരേന്ദ്രമോദി സര്‍ക്കാര്‍ സര്‍വകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കാന്‍ നീക്കം നടത്തുകയാണെന്ന ഒരു ആരോപണം ഉയര്ന്ന സന്ദര്‍ഭത്തിലാണ് ഈ നാടകവും നടക്കുന്നത്.

2014-ല്‍ അധികാരത്തില്‍ വന്നതോടെ മോദിക്കെതിരെ ആക്ഷേപങ്ങള്‍ പരത്തുന്നു എന്നാരോപിച്ച് ഒരു വിദ്യാര്‍ത്ഥി സംഘടനക്കെതിരെ നടപടിയെടുക്കണമെന്ന് ചെന്നൈയിലെ ഒരു സര്‍വകലാശാലയ്ക്കുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി. മറ്റൊരു സര്‍വകലാശാല സര്‍ക്കാരിനെ വിമര്‍ശിച്ച ഒരു വിദ്യാര്‍ത്ഥിയെ പുറത്താക്കി-അയാള്‍ തൂങ്ങിമരിച്ചു. രാജ്യത്തെ ഏറ്റവും പര്‍മുഖമായ ചലചിത്ര പഠന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ നിരന്തരമായി സമരം ചെയ്യുകയും ആരോപിക്കുകയും ചെയ്യുന്നത് തങ്ങളുടെ പുതിയ മേധാവി ആ പദവിയിലിരിക്കാന്‍ ഒട്ടും യോഗ്യതയില്ലാത്ത വെറും രാഷ്ട്രീയ ആശ്രിതനും  നാലാംകിട ചലച്ചിത്രങ്ങളിലെ അഭിനേതാവും ആണെന്നാണ്.

കലാശാല വളപ്പിലെ ഉദാരവാദികളും ഹിന്ദു ദേശീയവാദി സംഘടനയായ ആര്‍ എസ് എസിന്റെ പിന്തുണയുള്ള മോദി സര്‍ക്കാരും തമ്മില്‍ വിശാലാര്‍ത്ഥത്തില്‍ ഒരു പ്രത്യയശാസ്ത്ര പോരാട്ടം നടക്കുന്നുണ്ടെന്നാണ് ജെ എന്‍ യുവിലെ മാധ്യമ പഠനവിഭാഗം അദ്ധ്യാപകന്‍ രാകേഷ് ബതബ്യാല്‍ പറയുന്നതു. 

“ഇപ്പോള്‍ സര്‍ക്കാരിന്റെ പിന്‍ബലമുള്ള ആര്‍ എസ് എസ് വിദ്യാഭ്യാസത്തെ ഹിന്ദു ദേശീയവാദ രീതിയിലേക്ക് മാറ്റുകയാണ്,” ബാത്യബല്‍ പറഞ്ഞു. “വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് ഈ വിദ്യാര്‍ത്ഥി സംഘം.”

എന്നാല്‍ HRD മന്ത്രി ഇറാനി ഈ ആരോപണങ്ങള്‍ നിഷേധിച്ചു.

“ഞാനത് പൂര്‍ണമായും അപലപിക്കുകയാണ്. ഒരു ചെറു തെളിവെങ്കിലും ഉണ്ടെങ്കില്‍ തരൂ,” 40 സര്‍വകലാശാലകളില്‍ 20-ലും വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത് മുന്‍ സര്‍ക്കാരിന്റെ കാലത്താണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അവര്‍ പറഞ്ഞു. “അത്തരം അജണ്ട ഉണ്ടായിരുന്നുവെങ്കില്‍ എന്റെ സര്‍ക്കാര്‍ നിയമിക്കാത്ത ആളുകളുമായി ഞാന്‍ പ്രവര്‍ത്തിക്കുമോ? ആ പണ്ഡിതന്മാര്‍ തന്നെ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുമോ?”

പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ കാശ്മീരുകാരനായ അഫ്സല്‍ ഗുരുവിനെ 2013-ല്‍ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ സാംസ്കാരിക സായാഹ്നം എന്ന പേരില്‍ സംഘടിപ്പിച്ച  ഫെബ്രുവരി 9-ലെ പരിപാടിയെക്കുറിച്ച് എ ബി വി പിയിലെ വിദ്യാര്‍ത്ഥികള്‍ അധികൃതര്‍ക്ക് പരാതി നല്കിയിരുന്നു.

“എന്നെ സംബന്ധിച്ച് ജെ എന്‍ യു എന്നാല്‍ സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവുമാണ്. ഞങ്ങള്‍ക്ക് എന്തിനെയും ചോദ്യം ചെയ്യാം. എന്നാല്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഈ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുത്,” ജെ എന്‍ യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിയും എ ബി വി പി ജോയിന്റ്  സെക്രട്ടറിയുമായ രവി രഞ്ജന്‍ പറഞ്ഞു.

ഒരു ചെറിയ ഭക്ഷണശാലയ്ക്കടുത്ത് കൂട്ടംകൂടിയ വിദ്യാര്‍ത്ഥികള്‍ ‘ഇന്ത്യയുടെ നാശം വരെ യുദ്ധം തുടരും എന്നും ‘അള്ളാ ആഗ്രഹിക്കുകയാണെങ്കില്‍ ഇന്ത്യ തുണ്ടം തുണ്ടമാകും’ എന്നു മുദ്രാവാക്യം മുഴക്കി എന്നാണ് ആരോപണം. അവ്യക്തമായ ഒരു വീഡിയോയും ഇതിനുശേഷം വ്യാപകമായി പ്രചരിച്ചു.

ഇന്ത്യ-വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ആരെയും വെറുതെവിടില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പ്രസ്താവിച്ചു .(ഇതിനിടെ ഇന്ത്യയുടെ ദേശീയപതാക പറത്താന്‍ രാജ്യത്തെങ്ങുമുള്ള സര്‍വകലാശാലകള്‍ സമ്മതിച്ചു)

സര്‍വകലാശാല അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയും പൊലീസ് ഹോസ്റ്റലിലും ക്ലാസ്മുറികളിലും കയറിയിറങ്ങി പരിശോധന നടത്തുകയും ചെയ്തു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഇതിനെതിരെ പ്രതിഷേധമുയര്‍ത്തി. പൊലീസ് വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷന്‍ കനയ്യ കുമാറിനെ പിടികൂടി. അയാള്‍ ഇപ്പൊഴും തടവിലാണ്. തുടര്‍ന്നുള്ള ആക്രമണത്തില്‍ കനയ്യയെ ഗുണ്ടകളെപ്പോലെ പെരുമാറിയ ഒരുകൂട്ടം അഭിഭാഷകര്‍ കോടതിവളപ്പില്‍ മര്‍ദിക്കുകയും ചെയ്തു.

ബാക്കി വിദ്യാര്‍ത്ഥികളെ പിടികൂടാന്‍ ഞായറാഴ്ച്ച വീണ്ടുമെത്തിയ പൊലീസിന് അകത്തുകയറാന്‍ അനുമതി ലഭിച്ചില്ല. പൊലീസ് ഔപചാരികമായ അപേക്ഷ നല്‍കിയിട്ടുമില്ലെന്ന്സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.

എല്ലാ വൈകുന്നേരവും നടക്കുന്ന യോഗങ്ങളും തീപ്പൊരി പ്രസംഗങ്ങളും  ഇപ്പോള്‍ സര്‍വകലാശാലയെ പ്രകമ്പനം കൊള്ളിക്കുകയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള സര്‍വകലാശാല വിദ്യാര്‍ത്ഥികളും ജെ എന്‍ യുവിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള ജാഥയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ സുഹൃത്തായ ഹൈദരാബാദ് സര്‍വകലാശാലയില്‍ രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ജെബിന്‍ തോമസും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

“ഇത് വെറുമൊരു പ്രതിഷേധമല്ല, ഒരു മുന്നേറ്റമാണ്,” അയാള്‍ പറഞ്ഞു. “അത് തുടരുകയും ചെയ്യും.”

This post was last modified on February 27, 2016 1:34 pm