X

ഉമറും അനിര്‍ബനും കീഴടങ്ങി

അഴിമുഖം പ്രതിനിധി

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ഇന്നലെ അര്‍ദ്ധ രാത്രിയില്‍ പൊലീസിന് കീഴടങ്ങി. വിദ്യാര്‍ത്ഥികളോട് കീഴടങ്ങാന്‍ ഇന്നലെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇന്നലെ അര്‍ദ്ധ രാത്രി 11.40 ഓടെ സര്‍വകലാശാലയുടെ വാനില്‍ ക്യാമ്പസിന്റെ ഗേറ്റില്‍ എത്തിയാണ് ഇവര്‍ പൊലീസിന് കീഴടങ്ങിയത്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഇവര്‍ കീഴടങ്ങിയപ്പോള്‍ കൂടെ ഉണ്ടായിരുന്നു.

സര്‍വകലാശാലയില്‍ കേവലം ഒരു കിലോമീറ്ററില്‍ താഴെ അകലത്തില്‍ സ്ഥിതി ചെയ്യുന്ന പൊലീസ് സ്റ്റേഷനിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് മുമ്പ് മാധ്യമങ്ങളെ ഒഴിവാക്കുന്നതിനായി പൊലീസ് വിദ്യാര്‍ത്ഥികളുമായി ഏകദേശം 10 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വിദ്യാര്‍ത്ഥികളെ സ്റ്റേഷനില്‍ എത്തിച്ചത്.

അഞ്ചു മണിക്കൂറോളം നേരം ഇവരെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.

ഉമറിനും അനിര്‍ബനും ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്ല റഷീദ് പറഞ്ഞു.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് ഫെബ്രുവരി ഒമ്പതിന് ക്യാമ്പസില്‍ സംഘടിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് പൊലീസ് ആരോപിക്കുന്നു.

ആരോപണവിധേയരായ മറ്റു മൂന്നു പേര്‍ക്കൊപ്പം ഈ വിദ്യാര്‍ത്ഥികളും ഫെബ്രുവരി 12 മുതല്‍ ഒളിവിലായിരുന്നു. ഞായറാഴ്ച ഇവരെല്ലാം ക്യാമ്പസില്‍ തിരിച്ചെത്തുകയും ചെയ്തു.

രഹസ്യ സ്ഥലത്ത് വച്ച് കീഴടങ്ങാന്‍ ഉമറും അനിര്‍ബനും ഹൈക്കോടതിയോട് അനുവാദം ചോദിച്ചിരുന്നു. കഴിഞ്ഞയാഴ്ച കനയ്യയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോള്‍ സംഘപരിവാര്‍ അനുകൂല അഭിഭാഷകര്‍ മര്‍ദ്ദിച്ചത് ചൂണ്ടിക്കാണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി അനുവദിച്ചിരുന്നില്ല. ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

This post was last modified on February 24, 2016 10:01 am