X

മാണിയെ വേട്ടയാടുന്നതില്‍ വേദന; മാധ്യമങ്ങളെ ഷാര്‍ലി എബ്ദോ ഓര്‍മ്മിപ്പിച്ച് പവ്വത്തില്‍ പിതാവ്

അഴിമുഖം പ്രതിനിധി

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനയുമായ് ആര്‍ച് ബിഷപ്പ് മാര്‍ ജോസഫ്‌ പവ്വത്തില്‍ രംഗത്ത്. ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മന്ത്രി കെ. എം. മാണിയെ പിന്തുണച്ചും മാധ്യമങ്ങളെ വിമര്‍ശിച്ചും ആര്‍ച് ബിഷപ്പ് രംഗത്തെത്തിയത്. 

മാധ്യമങ്ങളുടെ പുതിയ മേച്ചില്‍സ്ഥലമാണ്‌ കുറ്റാരോപണങ്ങളും പരാതികളുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.  മാധ്യമക്കാര്‍ ആരോപണക്കാരും വിധിയാളന്മാരുമായി മാറുന്നത് ശരിയല്ല. ബാര്‍ കോഴ കേസില്‍ സംഭവിക്കുന്നതും ഇതാണ്. ശരിയായ തെളിവുകളില്ലാതെ ഒരു മനുഷ്യനെ തുടര്‍ച്ചയായി വേട്ടയാടുന്നതില്‍ അപാകതയുണ്ട് എന്നും ലേഖനത്തില്‍ പറയുന്നു. ജനാധിപത്യത്തില്‍ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാനും വിലയിരുത്താനും വിധിപറയാനും സംവിധാനങ്ങളുണ്ട്.  കുറ്റം കൃത്യമായി തെളിയിക്കുന്നതുവരെ ആരെയും കുറ്റവാളികളായി കരുതരുത് എന്നത് ശ്രദ്ധയമായ മാനദണ്ഡമാണ്.  പക്ഷേ, മാധ്യമങ്ങള്‍ക്ക് ഇങ്ങനെയുള്ള മാനദണ്ഡങ്ങളൊന്നും ഇല്ല. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആളുകളെ കുറ്റവാളികളാക്കി വിധിതീര്‍പ്പെഴുതാനോ ന്യായാധിപന്മാരെ സ്വാധീനിക്കാനോ ആണ് പല മാധ്യപ്രവര്‍ത്തകരുടെയും ശ്രമമെന്നും പവ്വത്തിൽ കുറ്റപ്പെടുത്തുന്നു. കുറ്റവിചാരണയും ശിക്ഷയും മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് ശരിയല്ല. ഇത് ജനാധിപത്യവിരുദ്ധമാണ്. 

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിധികള്‍ കണ്ടെത്താന്‍ മാധ്യമങ്ങള്‍ തന്നെ ശ്രദ്ധിക്കണം എന്നും ആര്‍ച്ച് ബിഷപ്പ് ലേഖനത്തില്‍ പറയുന്നു.  അവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധിയിലെങ്കില്‍ പ്രതികരണ സ്വാതന്ത്രവും പരിധിവിട്ട് പോകും. ഷാര്‍ലി എബ്ധോ സംഭവത്തില്‍ നിന്ന്‍  മാധ്യമങ്ങള്‍ പഠിക്കേണ്ട പാഠം ഇതാണെന്നും ഓര്‍മപ്പെടുതിക്കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

This post was last modified on December 27, 2016 2:42 pm