X

സെന്‍സര്‍ ബോര്‍ഡില്‍ കയറിപ്പറ്റാനുള്ള യോഗ്യത എന്താണ്? വിവരമുള്ളവര്‍ പറഞ്ഞു തരിക; ജോയ് മാത്യു

അഴിമുഖം പ്രതിനിധി

സെന്‍സര്‍ ബോര്‍ഡിലെ രാഷ്ട്രീക്കളിയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഉഡ്ത പഞ്ചാബ് എന്ന ബോളിവുഡ് ചിത്രത്തിലെ സെന്‍സര്‍ ബോര്‍ഡ് ഇടപെടലിനെതിരെ വന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. അതേസമയം ബോളിവുഡില്‍ സിനിമാപ്രവര്‍ത്തകര്‍ കാണിക്കുന്ന സംഘടനാശക്തി മലയാളത്തില്‍ കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കഥകളി എന്ന സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമര്‍ശനം.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; 

കഴിഞ്ഞ ദിവസം എനിക്കൊരു സന്ദേശം കിട്ടി ഒരു ഹ്രസ്വ ചിത്രത്തിനു സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചത്രെ അതിനു ഞാന്‍ പ്രതികരിക്കണമെന്നു. ഞാന്‍ ഇങ്ങനെ മറുപടി കൊടുത്തു ഇതൊക്കെ ഞാന്‍ നേരത്തെ പറഞ്ഞതാ അപ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു? അല്ലെങ്കിലും സ്വന്തം കാര്യം വരുമ്പോഴാണു പലര്‍ക്കും നീതിബോധമുണ്ടാവുക, സഘടനാശക്തിയെപ്പറ്റി ഓര്‍മ വരിക. സാരമില്ല മലായാളി അങ്ങനെയാണെന്ന് സമാധാനിക്കാം.

ഇപ്പോഴിതാ അനുരാഗ് കശ്യപിന്റെ ‘Udta Punjab’ ന്റെ കാര്യത്തില്‍ മുംബൈ ഹൈക്കോടതി വിധി വന്നിരിക്കുന്നു. ഇന്ത്യക്കാര്‍ക്ക് ആകെ പ്രതീക്ഷയുള്ളത് ജുഡീഷ്യറിയില്‍ മാത്രം എന്ന് അടിവരയിടുന്നു ഈ സുപ്രധാന വിധി.രാഷ്ട്രീയക്കാര്‍ക്ക് പാദസേവ ചെയ്ത് സെന്‍സര്‍ ബോര്‍ഡില്‍ കയറിപ്പറ്റിയ കലാശൂന്യരുടെ കത്രികയേയും അധികാരഗര്‍വ്വിനെയും ഇനി സര്‍ഗ്ഗപ്രതിഭകള്‍ക്ക് ഭയക്കേണ്ടതില്ല എന്ന് ഉറപ്പ് തരുന്നു. എനിക്കിപ്പോഴും അറിയാത്ത ഒരുകാര്യമുണ്ട്, ഈ സെന്‍സര്‍ബോര്‍ഡില്‍ കയറിപ്പറ്റാനുള്ള യോഗ്യത എന്താണെന്ന് വിവരമുള്ള ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ ?

This post was last modified on December 27, 2016 4:11 pm