X

കടകംപള്ളി സഹകരണ ബാങ്ക്; ബിജെപി ആരോപണത്തിനെതിരേ തെളിവുകളുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നടത്തിയ പരിശോധനയിലും യാതൊരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി

കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്കിനെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബാങ്കിന്റെ ഇതുവരെയുള്ള സാമ്പത്തിക ഇടപാടുകള്‍ മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് , സിബിഐ പരിശോധനകള്‍ ഒന്നും നടിന്നിട്ടില്ല. ബാങ്കിന് എതിരെയുള്ള ബിജെപി നേതാക്കളുടെ പ്രചാരണങ്ങള്‍ തെറ്റാണ് എന്നും ബാങ്കിന്റെ  സാമ്പത്തിക വിവരങ്ങള്‍ വെളുപ്പെടുത്തി മന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നോട്ട് അസാധുവാക്കലിന് ശേഷം 14-11-2016 വരെ അക്കൗണ്ടുകളില്‍ സ്വീകരിച്ച വിവരങ്ങളും മന്ത്രി മാധ്യമങ്ങള്‍ക്ക് നല്‍കി. 266 കോടി രൂപയാണ് ആകെ ബാങ്ക് സ്വീകരിച്ചത്. ഇടപാട് വിവരങ്ങള്‍ കൃത്യമായി അന്വേഷണ ഏജന്‍സികളായ നബാര്‍ഡിനും സിബിഐയ്ക്കും നല്‍കിയിട്ടുണ്ട്. കൂടാതെ ഡല്‍ഹി ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ബാങ്ക് നല്‍കിയിട്ടുണ്ടെന്നും സഹകരണ വകുപ്പ് മന്ത്രികൂടിയായ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്ക്, മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് തുടങ്ങിയ പേരുകളാണ് ബിജെപി നേതാക്കളെ അസ്വസ്ഥരാക്കുത്. മലപ്പുറം ബാങ്കിന് എതിരെ നടത്തു കുപ്രചരണങ്ങള്‍ എന്തിന് വേണ്ടിയുള്ളതാണെന്നു ചിന്തിക്കുവര്‍ക്ക് മനസ്സിലാകും. ബിജെപി പ്രചരിപ്പിക്കുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ടോയെന്നു മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.

ഈ വിഷയത്തിലള്ള തന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം  മന്ത്രി ഫെയ്‌സ്ബുക്ക് പേജില്‍ പോസറ്റ് ചെയ്തിട്ടുണ്ട്. ആ പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കൊടുത്തിരിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കുകയും, അതേത്തുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് സഹകരണ ബാങ്കുകളോട് സ്വീകരിച്ച വിരുദ്ധ സമീപനവും നമ്മുടെ സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കുന്നതിന് സംഘടിപ്പിച്ചിട്ടുള്ള സഹകരണ മേഖല സംരക്ഷണ ക്യാംപയിന്‍ വളരെ ഊര്‍ജ്വസ്വലമായി മുന്നോട്ട് പോവുകയാണ്. എന്നാല്‍, ഈ മേഖലയെ ഏതു വിധേനയും ദുര്‍ബലപ്പെടുത്തണമെന്ന വാശിയോടെ ഒരു ചെറു വിഭാഗം നിക്ഷിപ്ത താല്‍പര്യക്കാര്‍ ഇപ്പോഴും കുപ്രചാരണങ്ങളുമായി രംഗത്ത് തുടരുകയാണ്. ഇത്തരക്കാര്‍ ചുരുക്കം ചില പത്രദൃശ്യ മാധ്യമങ്ങളെ ഉപയോഗിച്ച് നിരന്തരം തുടര്‍ന്ന് വരുന്ന വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളില്‍ നിന്നും വ്യക്തിഹത്യകളില്‍ നിന്നും പിന്തിരിയണമെന്നാണ് ആദ്യമായി അഭ്യര്‍ത്ഥിക്കാനുള്ളത്.

ഇന്നു കാണുന്ന വികസിത കേരളം കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച പ്രസ്ഥാനമാണ് സഹകരണ പ്രസ്ഥാനം. ജനതയുടെ ഉന്നതി ലക്ഷ്യമാക്കി ഓരോ കാലഘട്ടത്തിലും ഈ പ്രസ്ഥാനം ഏറ്റെടുത്ത് നിര്‍വഹിച്ച കടമകള്‍ ഇന്ന് ഈ സംസ്ഥാനത്തെ നിരവധി കാര്യങ്ങളില്‍ മാതൃകാ സ്ഥാനത്ത് എത്തിച്ചു എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ചരിത്രപരമായ മൂല്യം. പ്രാരംഭം മുതല്‍ സ്വാതന്ത്രാനന്തര കാലഘട്ടം വരെ ഈ പ്രസ്ഥാനം പാവപ്പെട്ടവനെ, സാധാരണക്കാരനെ, കര്‍ഷകനെ ചൂഷണവിമുക്തമാക്കാനാണ് പ്രവര്‍ത്തിച്ചത്. ആസൂത്രിത വികസന കാലയളവില്‍ ഈ പ്രസ്ഥാനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹികമായ അവസരങ്ങളും, സാമ്പത്തികമായ സുരക്ഷിതത്വവും നല്‍കാനായി നിലകൊണ്ടു. ഇപ്പോള്‍ ഈ പ്രസ്ഥാനം നാടിന്റെ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഇത്തരത്തില്‍ ഈ പ്രസ്ഥാനത്തിന്റെ ചരിത്രപരമായ മൂല്യം, ആന്തരികസത്ത ഉള്‍ക്കൊള്ളാതെ വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളുടെ പുകമറ സൃഷ്ടിച്ച് ചിലനിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഈ പ്രസ്ഥാനത്തെ മാത്രമല്ല നാടിനെ തന്നെ പാരാജയപ്പെടുത്തുന്നതിനു വേണ്ടിയാണ്. അത് നാം നമ്മളെ തന്നെ പരാജയപ്പെടുത്തുന്നതിനു തുല്യമായിരിക്കും.

ഒരു നൂറ്റാണ്ട് കൊണ്ട് കേരളത്തിലെ സഹകരണ പ്രസ്ഥാനം ആര്‍ജ്ജിച്ചത് അത്ഭുതാവഹമായ വളര്‍ച്ചയാണ്. സഹകരണ സംഘം രജിസ്ട്രാറുടെ കീഴില്‍ 11908 സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ത്രിതല സഹകരണ ബാങ്കിങ് മേഖല (സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍) രാജ്യത്തിനു തന്നെ മാതൃകയാണ്. ഈ മേഖലയില്‍ നമുക്ക് 1.50 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 1 ലക്ഷം കോടി രൂപയുടെ വായ്പയുമുണ്ട്. രാജ്യത്തെ മൊത്തം സഹകരണ നിക്ഷേപത്തില്‍ 60% നമ്മുടെ കൊച്ചു കേരളത്തിലാണ്.

ബാങ്കിങ് പ്രവര്‍ത്തനത്തില്‍ മാത്രമല്ല നമ്മുടെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ (ജഅഇട) മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ബാങ്കിങ് ഇതര പ്രവര്‍ത്തനത്തിലും ഈ സംഘങ്ങള്‍ രാജ്യത്തിന് മാതൃകയാണ്. സാധാരണ ജനങ്ങളുടെ ദൈനദിന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ബഹുമുഖമായ സേവനങ്ങളാണ് പ്രാഥമിക സംഘങ്ങള്‍ കേരളത്തില്‍ നടത്തുന്നത്. നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന 675 നീതി സ്‌റ്റോറുകള്‍, 600 നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍, 60 കര്‍ഷക സേവന കേന്ദ്രങ്ങള്‍, ജൈവ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായുള്ള സുവര്‍ണ്ണം ഷോപ്പുകള്‍, മെഡിക്കല്‍ലാബുകള്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍, ആഡിറ്റോറിയങ്ങള്‍, ആംബുലന്‍സ്-മെഡിക്കല്‍ സര്‍വീസുകള്‍, ലൈബ്രറികള്‍, കൃഷി-ഡയറി ഫാമുകള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ അര്‍ത്ഥപൂര്‍ണ്ണമായ ഇടപെടലുകള്‍ കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല നടത്തി വരുന്നു. കേരളം ജനത സഹകരണ പ്രസ്ഥാനത്തില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഇതിനു പ്രധാന കാരണമായിട്ടുള്ളത്.

അതുകൊണ്ട് തന്നെ, നിക്ഷിപ്ത താല്‍പര്യക്കാര്‍ നിന്ദ്യമായ ആക്രമണത്തിന് വിധേയമാക്കുന്നത് കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയെയാണ്. സഹകരണ ബാങ്കുകള്‍ കള്ളപ്പണം സൂക്ഷിക്കുന്ന കേന്ദ്രങ്ങളാണെന്ന പ്രചരിപ്പിക്കുന്നു. ഇതില്‍ എത്ര മാത്രം യാഥാര്‍ഥ്യമുണ്ട്? മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ യാതൊരു ക്രമക്കേടും കണ്ടെത്തിയിട്ടില്ല. കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇന്‍കംടാക്‌സ്, സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് എന്നിങ്ങനെ ഏത് രീതിയിലുമുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുള്ളതാണ് എന്നാല്‍ നാളിതുവരെ യാതൊരുവിധ പരിശോധനയും നടന്നിട്ടില്ല. ഈ ബാങ്കിനെതിരെ നടത്തിയ ആരോപണം മന്ത്രി എന്ന നിലയില്‍ എന്നെ തേജോവധം ചെയ്യുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി മാത്രമാണ് നടന്നത്. മേല്‍പ്രസ്താവിച്ച രണ്ടു കള്ളപ്രചാരണങ്ങളും വസ്തുതകളെ അടിസ്ഥാനമാക്കി നിങ്ങള്‍ വീണ്ടും പരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം പാലിച്ചാണ് കേരളത്തിലെ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നബാര്‍ഡ് കേരളത്തിലെ സഹകരണ ബാങ്കുകള്‍ കെ.വൈ.സി മാനദണ്ഡം പാലിക്കുന്നുണ്ട് എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 11, 12, 13 തീയതികള്‍ നബാര്‍ഡ് എല്ലാ ജില്ലാ സഹകരണ ബാങ്കുകളും പരിശോധിക്കുകയുണ്ടായി. യാതൊരുവിധ ക്രമക്കേടുകളും കണ്ടെത്തിയിട്ടില്ല. ഇപ്പോള്‍ സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന പരിശോധനയിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടില്ല എന്ന് തന്നെയാണ് ലഭ്യമായ വിവരം. ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒരിക്കലും ന്യായികരിക്കില്ല. എന്നാല്‍, തെളിവുകള്‍ ലഭിക്കും മുന്‍പ് വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത് ഒട്ടും ഭൂഷണമല്ല.

സഹകരണ ബാങ്കുകള്‍ വാണിജ്യന്യൂജനറേഷന്‍ ബാങ്കുകളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിച്ചു എന്നുള്ളതാണ് മറ്റൊരു ആക്ഷേപമായി കണ്ടത്. ഇതിനു കാരണമായത് നവംബര്‍ 17നു റിസര്‍വ്വ് ബാങ്ക് ഇറക്കിയ സര്‍ക്കുലര്‍ തന്നെയാണ്. സഹകരണ ബാങ്കുകളിലെ അസാധു നോട്ടുകള്‍ ഏറ്റെടുക്കരുതെന്നു ഈ സര്‍ക്കുലര്‍ മറ്റ് ബാങ്കുകളോട് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍, ഈ അവസരത്തില്‍ സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് വാണിജ്യന്യൂജനറേഷന്‍ ബാങ്കുകള്‍ സഹകരണ ബാങ്കുകളെ സമീപിച്ച് അസാധു നോട്ടുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധമാവുകയാണ് ഉണ്ടായത്. മറ്റു ബാങ്കുകളുടെ ഇത്തരമൊരു നടപടിക്ക് പിന്നില്‍ റിസര്‍വ്വ് ബാങ്കിന്റെ മൗനാനുവാദം ഉണ്ടായതായാണ് സംശയിക്കുന്നത്. ബഹു: ധനകാര്യമന്ത്രിയും ഞാനും ചേര്‍ന്ന് 02.12.2016നു കേന്ദ്ര ധനമന്ത്രിയെ നേരില്‍ കണ്ട് സഹകരണ ബാങ്കുകളുടെ കൈവശമുള്ള അസാധു നോട്ടുകള്‍ സ്വീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു എങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. ഇത്തരമൊരു സാഹചര്യത്തില്‍ സുപ്രീംകോടതി വിധി വരുംവരെ സഹകരണ ബാങ്കുകള്‍ അവരുടെ കൈവശമുള്ള അസാധു നോട്ടുകള്‍ സൂക്ഷിച്ചു വച്ചില്ല എന്നുള്ളത് ഒരു കുറ്റമായി പറയാന്‍ കഴിയുന്നതാണോ?

കേരളസര്‍ക്കാര്‍ ഇവിടുത്തെ ജനങ്ങള്‍ ഈ പ്രസ്ഥാനത്തെ കാത്ത് സംരക്ഷിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് മാധ്യമങ്ങളുടെ കൂടെ അകൈതവമായ പിന്തുണ ഉണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.