X

കലാഭവന്‍ മണിയുടേത് സ്വാഭാവിക മരണമെന്ന നിഗമനത്തിലേക്ക് പൊലീസ്

അഴിമുഖം പ്രതിനിധി

കലാഭവന്‍ മണിയുടേത് സ്വാഭാവിക മരണമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നു. കൊലപാതകത്തിന്റെയോ ആത്മഹത്യയുടേയോ ഒരു സൂചനയും പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏതാണ്ട് 200 പേരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരില്‍ നിന്നു കൊലപാതകത്തിലേക്കോ ആത്മഹത്യയിലേക്കോ വിരല്‍ ചൂണ്ടാവുന്ന യാതൊരു തെളിവോ മൊഴിയോ പൊലീസിന് ഇതുവരെ കിട്ടിയിട്ടില്ല. അതേസമയം ഗുരുതരമായ കരള്‍ രോഗം കൊണ്ടാകാം മണിയുടെ മരണം സംഭവിച്ചിരിക്കുന്നതെന്ന് ഫോറന്‍സിക് വിദഗ്ദരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ആഭിപ്രായം പൊലീസ് സ്വീകരിക്കാനാണ് സാധ്യത. എന്നാല്‍ ചില ശാസ്ത്രീയ നിരീക്ഷണങ്ങള്‍കൂടി നടത്തിയിട്ടേ സ്വാഭാവിക മരണമെന്നതിലേക്ക് പൊലീസ് ഔദ്യോഗികമായി എത്തൂ.

അതേസമം മണിയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പൊലീസിന് കൈമാറി. പ്രാഥമിക റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആവര്‍ത്തിക്കുന്നതാണ് പൂര്‍ണ റിപ്പോര്‍ട്ട്. ഇതില്‍ പറയുന്നതനുസരിച്ച് ആന്തരികരക്തസ്രാവവും കിഡ്‌നി തകരാറും കരള്‍രോഗവുമാണ് മരണകാരണം. എന്നാല്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അളവ് കണ്ടെത്തിയിട്ടില്ലെന്ന നിലപാടിലാണ് അമൃത ആശുപത്രി ഉറച്ചു നില്‍ക്കുന്നത്. ലാബ് ജീവനക്കാരില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. മണിയുടെ ശരീരത്തില്‍ നിന്നു മീഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടുണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

പോസ്റ്റ്മാര്‍ട്ട് റിപ്പോര്‍ട്ട് പ്രകാരം മണിയുടെ മരണം കീടനാശിനി ഉള്ളില്‍ ചെന്നല്ല. ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ ക്ലോര്‍ പൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ഇതു നേരിയ അളവില്‍ മാത്രമേയുള്ളൂവെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കീടനാശിനി ഉള്ളിലെത്തിയാല്‍ രൂക്ഷമായ ഗന്ധമുണ്ടാകും. എന്നാല്‍ മണിയെ ആശുപത്രിയില്‍ കൊണ്ടുപോകും മുന്‍പ് പരിശോധിച്ച ഡോക്ടറും ചികില്‍സിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരും ഇത്തരത്തിലുള്ള ഗന്ധമുണ്ടായിരുന്നില്ലെന്നാണ് പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഇന്‍ക്വസ്റ്റ് തയാറാക്കിയ പൊലീസ് ഉദ്യോഗസ്ഥരും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘവും അറിയിച്ചതും കീടനാശിനിയുടെ ഗന്ധം ഉണ്ടായിരുന്നില്ലെന്നാണ് മണിയെ ചികില്‍സിച്ച അമൃത ആശുപത്രിയില്‍ നടത്തിയ ടോക്‌സിക്കോളജി പരിശോധനയിലും കീടനാശിനി അകത്തു ചെന്നതായി സൂചനയില്ല. മണിയുടെ കരളിന്റെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച മട്ടിലായിരുന്നു. പല ദിവസങ്ങളായി കഴിച്ച ഭക്ഷ്യവസ്തുക്കളില്‍ നിന്ന് കീടനാശിനി പ്രവര്‍ത്തനരഹിതമായ കരളില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

മണിയുടെ രക്തത്തിന്റെയും ആന്തരികാവയവങ്ങളുടെയും സാമ്പിളുകള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ റിസള്‍ട്ട് ആസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന തരത്തിലുള്ളതാണെങ്കില്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് അവസാനിപ്പിക്കാനാണ് സാധ്യത.

This post was last modified on December 27, 2016 3:54 pm