X

കലാഭവന്‍ മണിയുടെ മരണം; സങ്കീര്‍ണതകളേറുന്നു

അഴിമുഖം പ്രതിനിധി

കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന സൂചനകള്‍ക്ക് ബലമേറുന്നു. ഇന്നലെ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ ചില സുഹൃത്തുക്കളുടെയും ജീവനക്കാരുടെയും മേല്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ മണിയുടെ ഭാര്യ നിമ്മിയും സുഹൃത്തുക്കളെ സംശയിച്ചു രംഗത്തു വന്നിട്ടുണ്ട്. മദ്യപിക്കരുതെന്ന് ഡോക്ടര്‍മാരുടെ കര്‍ശനനിര്‍ദേശമുണ്ടായിരുന്നു. കുടുംബാംഗങ്ങള്‍ ഇക്കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് മണിക്ക് മദ്യം നല്‍കുകയായിരുന്നു. അദ്ദേഹത്തിനു കരള്‍രോഗം ഉള്ളതായി തങ്ങളെ അറിയിച്ചിരുന്നില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിനു തലേദിവസമാണ് രോഗവിവരം അറിയുന്നത്. മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല. കുടുംബത്തില്‍ യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല എന്നും നിമ്മി പറഞ്ഞു.

അതേസമയം പാഡിയില്‍ ചാരയം ഉപയോഗിച്ചിരുന്നതിന് തെളിവുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാരുടെയും സുഹൃത്തുകളുടെയും മൊഴിയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. പ്രത്യേക അതിഥികള്‍ ഔട്ട് ഹൗസായ പാഡിയില്‍ എത്തിയാല്‍ ചാരയം കൊണ്ടു വരുന്ന പതിവുണ്ടായിരുന്നു. ഇത് എത്തിച്ചിരുന്നത് മണിയുടെ സഹായികള്‍. എന്നാല്‍ മരണം നടന്നതിന്റെ തലേദിവസം ചാരയം എത്തിച്ചിരുന്നോ എന്നറിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കലഭവന്‍ മണി ചാരയം കുടിക്കാറില്ലെന്നും മൊഴി.

അതേസമയം ചാനല്‍ അവതാരകന്‍ സാബു അന്നേദിവസം നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് മണിയുടെ ഡ്രൈവര്‍ പീറ്റര്‍ പറഞ്ഞു. മണിയുടെ മരണത്തില്‍ തനിക്ക് സംശയമുണ്ടെന്നും ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരുടെ മേല്‍ തനിക്കും സംശയമുണ്ടെന്നും പീറ്റര്‍ പറഞ്ഞു. മണിയുടെ മൂന്നുജീവനക്കാരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുത്ത്. വിപിന്‍, അരുണ്‍, മുരുകന്‍ എന്നീ ജീവനക്കാരാണ് മണിയെ ആശുപത്രിയില്‍ കൊണ്ടുപോയതിനു പിന്നാലെ പാഡി വൃത്തിയാക്കിയത്. ഇവര്‍ തെളിവു നശിപ്പിക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാമകൃഷ്ണന്‍ ആരോപിച്ചത്. ഇവരില്‍ മുരുകന്‍ മുമ്പ് ചില കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും പീറ്റര്‍ പറഞ്ഞു.

This post was last modified on December 27, 2016 3:55 pm