X

മണിയെ അടയാളപ്പെടുത്തിയ മലയാളി അഥവാ മണി അടയാളപ്പെടുത്തിയ മലയാളി

2016 കേവല ഭൂതകാലമായി മണിയെയും മാറ്റി എന്ന് തെല്ലൊരു ഞെട്ടലോടെ ഒരുപാട് ദുഖത്തോടെ നമ്മള്‍ തിരിച്ചറിയുന്നു.

മലയാള സിനിമയുടെ ചരിത്ര ഗവേഷണ പഠനങ്ങളില്‍ അത്ര പ്രാധാന്യത്തോടെ കാണാത്ത ഒന്നാണ് ആബേലച്ചനും കലാഭവനും മലയാള സിനിമക്ക് നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍. 80 കളുടെ അവസാനവും 90 കളുടെ തുടക്കവും മലയാള സിനിമയ്ക്ക് ആ മിമിക്രി ട്രൂപ്പ് നല്‍കിയ, ഇന്നും ഇവിടെ സജീവമായുള്ള കലാകാരന്മാര്‍ എത്രയാണ്. അവരുടെ ജീവിത സാഹചര്യങ്ങളും ഭൂതകാലവും എല്ലാം ചരിത്രവത്കരണത്തിനുള്ള സാധ്യതകള്‍ തുറന്നു തന്നിട്ടും ആരും അതിനു പോയില്ല. ഒരു ജനത തീയറ്ററില്‍ ഇരുന്നു ചിരിച്ചു കയ്യടിച്ച മുഖ്യധാര സിനിമയോടുള്ള പുച്ഛമായിരിക്കാം കാരണം. അതില്‍ എവിടെ ആണ്, എങ്ങനെയാണ് കലാഭവന്‍ മണി അടയാളപ്പെട്ടിരിക്കുന്നത് എന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം ഉണ്ടാവില്ല. കാരണം സ്ഥിതി വിവര കണക്കുകള്‍ക്ക് പുറത്താണ് അദ്ദേഹത്തെ പോലെ സജീവമായി നിന്നിരുന്ന പല നടന്മാരുടെയും സ്ഥാനം.

നമ്മളില്‍ ചിലര്‍ വമ്പന്‍ നായകന്മാര്‍ക്ക് പിറകെ പോയും മറ്റു ചിലര്‍ കറുപ്പിന്റെ ചരിത്രവത്കരണത്തില്‍ വ്യാപൃതരായും മരണ ശേഷം പോലും അടയാളപ്പെടുത്താന്‍ മടിക്കുന്ന സമൃദ്ധമായ ഒരു അഭിനയ ജീവിതം ഉണ്ട് മണിക്ക്. അക്ഷരത്തിലെ ഓട്ടോക്കാരനിലും സല്ലാപത്തിലെ തെങ്ങുകയറ്റ തൊഴിലാളിയിലും തുടങ്ങി ഭൂതക്കണ്ണാടിയിലെ അയപ്പനിലൂടെയും സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ മോനായിലൂടെയും വികസിച്ചു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ അന്ധനായ രാമുവായും കരുമാടികുട്ടനിലെ കുട്ടനായും വളര്‍ന്ന ഒന്ന്. ഛോട്ടാ മുംബൈയിലെയും രാക്ഷസ രാജാവിലെയും വില്ലന്മാരെ എടുത്തു നോക്കു, എന്തെങ്കിലും സാമ്യം എവിടെയെങ്കിലും കാണാന്‍ പറ്റുന്നുണ്ടോ? രവിശങ്കറിനു കന്നടത്തിലെന്താ പറയാ എന്ന് ചോദിക്കുന്ന മോനായില്‍ നിന്നും മലയാളി മാമന് വണക്കത്തിലെ മുനിയാണ്ടിയിലേക്ക് ഒരുപാട് ദൂരമുണ്ട്, പ്രായം കൊണ്ടും സ്വഭാവം കൊണ്ടുമെല്ലാം. രാക്ഷസരാജവിലെ ഗു..ഗു ഗുണശേഖരന്‍ എന്ന് വിക്കി പറഞ്ഞു ചിരിപ്പിക്കുന്ന തമാശക്കാരന്‍ വിഡ്ഢിയായ മന്ത്രി അടുത്ത നിമിഷം കണ്ണില്‍ ചോരയില്ലാത്ത വില്ലനാവുന്നുണ്ട്. ആദമിന്റെ മകന്‍ അബുവിലെ ജോണ്‍സണ്‍, ആമേനിലെ ലൂയി പാപ്പന്‍…ഇതിനിടയില്‍ എപ്പോഴൊക്കെയോ ബെന്‍ ജോണ്‍സന്‍, ലോകനാഥന്‍ ഐ എ എസ്, പായും പുലി, രക്ഷകന്‍ പോലുള്ള ആക്ഷന്‍ പടങ്ങളിലെ നായക വേഷം. വ്യത്യസ്തമായ ശരീര ഭാഷയുടെ, സംഭാഷണ ശൈലിയുടെ ചലനങ്ങളുടെ പെരുമാറ്റങ്ങളുടെ 20 കൊല്ലത്തെ ഫിലിം റീല്‍ ഓടുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമിലെ രാമുവും അനന്തഭദ്രത്തിലെ ചെമ്പനും കഴ്ച്ചയില്ലാത്തവരാണ്. മണി തന്നെ പാടിയ കാട്ടിലെ മാനിന്റെ എന്ന പാട്ടും മലമലലുയ എന്ന പാട്ടും മാത്രം കണ്ടു നോക്കുക. ബിഹേവിങ്ങിന്റെ അനന്ത സാധ്യതകള്‍ തിരഞ്ഞു വേറെങ്ങും പോകേണ്ടി വരില്ല.

ഒരേ സമയം നായകനും വില്ലനും തമാശക്കാരനും സ്വഭാവ നടനും ഒക്കെയായി മണി മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. തമിഴിലും തെലുങ്കിലും കന്നടയിലും പോയി അഭിനയിച്ചു. തമിഴിലെ ബ്ലോക്ക്ബസ്റ്ററുകളായ, ലോകം മൊത്തം ഓടിയ ജെമിനിയിലും അന്ന്യനിലും യെന്തിരനിലും കലാഭവന്‍ മണി ഉണ്ടായിരുന്നു. പാപനാസം, വേല്‍, സംതിങ്ങ് സംതിങ്ങ് തുടങ്ങി തമിഴകം കൊണ്ടാടിയ ഹിറ്റ് സിനിമകളില്‍ വില്ലനായും അച്ഛനായും ഒക്കെ അഭിനയിച്ചു, മലയാളത്തില്‍ അഭിനയിക്കുന്ന അതെ ലാഘവത്തോടെ. വെങ്കിടേഷിന്റെ ജെമിനി എന്ന സിനിമയോടെയാണ് മണിയുടെ തെലുങ്ക് സിനിമയിലേക്കുള്ള രംഗ പ്രവേശം. നായകനൊപ്പം നില്‍ക്കുന്ന ഒരുപാട് വൈകാരിക തലത്തിലൂടെ കടന്നു പോകുന്ന ലഡ്ഡു എന്ന വില്ലനായി ഒരു മുഴുനീള വേഷം. നരസിംഹഡു പോലെ ബോളിവുഡിലേക്ക് ഡബ് ചെയ്യപ്പെട്ട നിരവധി തെലുങ്ക് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. കന്നഡ സിനിമകളിലും വില്ലന്‍ വേഷമായിരുന്നു അധികവും മണിക്ക് ലഭിച്ചിരുന്നത്. ചലഞ്ച് എന്ന ശ്രദ്ധാകേന്ദ്രമായ ത്രില്ലറില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചു.

ഇത്രയും ജനകീയനായ പിന്നണി ഗായകനായ നടന്മാര്‍ മലയാള സിനിമയില്‍ ഇത് വരെ ഉണ്ടായിട്ടില്ല. ‘കൈകൊട്ടു പെണ്ണേ’, സോനാ സോനാ, കാട്ടിലെ മാനിന്റെ, ഒറ്റ നോക്കിലെ, മലമലെലുയ, മിന്നാമിനുങ്ങേ….സിനിമയുടെ വിധി എന്തായാലും മണിയുടെ പാട്ടുകള്‍ എന്നും ബ്ലോക്ക്ബസ്റ്ററുകള്‍ ആയിരുന്നു. മുന്‍നിര നടനായ ശേഷവും നാടന്‍ പാട്ടുകള്‍ പാടി വേദികളെ ഇളക്കിമറിച്ച താരവും വേറെ ഉണ്ടാവില്ല. ‘ഓടപ്പഴം പോലൊരു’, ഓടേണ്ട ഓടേണ്ട’, ചാലക്കുടി ചന്തക്കു പോയപ്പോ, തെക്കെപ്രത്തെ, ഉമ്പായിക്കുച്ചാണ്ടി, എനിക്കുമുണ്ട്…പ്രണയ വിരഹ വിഷാദങ്ങളുടെ നാടന്‍ ഈണങ്ങള്‍ എത്രയാണ് മണിയിലൂടെ നമ്മളിലേക്ക് പ്രവഹിച്ചത്… മണിക്ക് മാത്രം പാടാനാവുന്ന ഈണങ്ങളിലൂടെയാണ് അത് ശ്രോതാക്കളോടു സംസാരിച്ചത്.

കഴിഞ്ഞ 20 കൊല്ലമായി മണിയെ പോലെ സ്‌ക്രീന്‍ നിറഞ്ഞു നിന്ന പെര്‍ഫോമേഴ്‌സ് മലയാള സിനിമയില്‍ വിരളമാണ്. ശുദ്ധനും ക്രൂരനും മണ്ടനും ഒക്കെയായി എത്ര പെട്ടന്നാണ് മണി മാറിയത്. മണിയിലെ ഇതേ പെര്‍ഫോര്‍മര്‍ പാട്ട് പാടുമ്പോഴും നമ്മളെ രസിപ്പിച്ചിരുന്നു. ഉത്സവ പറമ്പിലെ, പള്ളിപ്പെരുനാള്‍ മുറ്റത്തെ തിങ്ങി വിങ്ങി സ്ഥലം പിടിച്ചിരിക്കുന്ന വന്‍ ആള്‍ക്കൂട്ടത്തിന്റെ ഓര്‍മയാണ് മണിയുടെ ഓരോ പാട്ടും തരുന്നത്. മണി പാടിയാലും മിമിക്രി കാണിച്ചാലും ഇളകി മറിയുന്ന വലിയ ജനക്കൂട്ടം കഴിഞ്ഞ 20 കൊല്ലത്തെ നിത്യകാഴ്ച ആയിരുന്നു. മണിയെ പോലെ ജനം കാത്തുനിന്ന, ജനത്തോടൊപ്പം ആടിപാടുന്ന എത്ര പേരുണ്ട് മലയാള സിനിമയില്‍….

കലാഭവനില്‍ നിന്നു, മിമിക്രിയില്‍ നിന്നു ശുദ്ധ ഹാസ്യത്തില്‍ നിന്നു ഒക്കെ ജനകീയ മലയാള സിനിമ മാറിപ്പോയി. മണിയെ പോലെ അന്ന് വന്ന പലരും ഇന്നും ഓരത്താവാതെ തിളങ്ങി നിന്നിരുന്നു. കഷ്ടപ്പാടുകള്‍ പറഞ്ഞു കരഞ്ഞ, മണിച്ചേട്ടന്‍ പാവമല്ലേ എന്നൊക്കെ ചോദിക്കുന്ന മണി ചാനലുകളിലും നിത്യകാഴ്ച ആയിരുന്നു. 2016 കേവല ഭൂതകാലമായി മണിയെയും മാറ്റി എന്ന് തെല്ലൊരു ഞെട്ടലോടെ ഒരുപാട് ദുഖത്തോടെ നമ്മള്‍ തിരിച്ചറിയുന്നു. രണ്ടു മാസം കൊണ്ട് വിലപെട്ട ഞെട്ടിക്കുന്ന മരണങ്ങള്‍ ശീലമായതു കൊണ്ടാവാം നമ്മള്‍ വളരെ വേഗം നിശബ്ദരാകുന്നു.

എന്ത് പറഞ്ഞവസാനിപ്പിക്കാനാണ്, മണി ആര്‍ദ്രമായി ചോദിച്ച പോലെ ‘മിന്നാമിനുങ്ങേ, മിന്നും മിനുങ്ങേ എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം’ എന്ന ക്ലീഷേ കാല്‍പനികതയില്‍ അവസാനിപ്പിക്കുകയല്ലാതെ….

 

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:

This post was last modified on September 29, 2018 11:12 am