X

തിരുവമ്പാടിയില്‍ മുസ്ലിംലീഗിന് ഭീഷണി ഉയര്‍ത്തി മലയോര വികസന സമിതി

അഴിമുഖം പ്രതിനിധി

തിരുവമ്പാടി മറ്റൊരു ഹൈറേഞ്ച് ആകുമോയെന്ന് സംശയമുയര്‍ത്തിക്കൊണ്ട് തിരുവമ്പാടി രൂപതയും മലയോര വികസന സമിതിയും രംഗത്തെത്തിയതോടെ മുസ്ലിം ലീഗും യുഡിഎഫും വല്ലാത്തൊരു വെട്ടില്‍ വീണിരിക്കുന്നു. കോണ്‍ഗ്രസോ മറ്റു യുഡിഎഫ് ഘടകകക്ഷികളോ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് തന്നെ ഇരുപത് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കിയ ലീഗിന്റെ തന്ത്രം തിരുവമ്പാടിയില്‍ പാളിക്കൂടായ്കയില്ലെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.

തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് തിരിച്ചു കിട്ടണമെന്ന കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെ ആവശ്യത്തെ തൃണവല്‍ഗണിച്ചാണ് മുസ്ലിംലീഗ് തിരുവമ്പാടിയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. 2006-ല്‍ സിപിഐഎമ്മിലെ മത്തായി ചാക്കോ ജയിച്ച സീറ്റില്‍ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റ വിഎം ഉമ്മര്‍ മാഷിനെയാണ് മുസ്ലിംലീഗ് തിരുവമ്പാടിയില്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. ലീഗിന്റെ ഏകപക്ഷീയമായ നിലപാടിനോട് മണ്ഡലത്തിനും ജില്ലയ്ക്കും അകത്തുള്ള കോണ്‍ഗ്രസുകാര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നതിന് ഇടയിലാണ് തിരുവമ്പാടിയില്‍ തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും എന്ന പ്രഖ്യാപനവുമായി മലയോര വികസന സമിതി രംഗത്ത് വന്നിരിക്കുന്നത്. ഇവര്‍ക്ക് താമരശേരി രൂപതയുടെ എല്ലാവിധ പിന്തുണയുമുണ്ട്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഏറെ പ്രക്ഷോഭങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ ഒന്നാണ് തിരുവമ്പാടി. ഇവിടെ മലയോര കര്‍ഷകര്‍ക്കു കൂടി അഭിമതനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് താമരശേരി ബിഷപ്പും നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അരമനയിലെത്തി ബിഷപ്പുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. മുസ്ലിം ലീഗ് തിരുവമ്പാടിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും മുമ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും താമരശേരി ബിഷപ്പുമായി രഹസ്യ സംഭാഷണം നടത്തിയതായാണ് അറിയുന്നത്. എന്നാല്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന നിലപാട് മലയോര വികസന സമിതി സ്വീകരിച്ചതോടെ അവര്‍ക്ക് മുന്നോട്ടു പോകാന്‍ ബിഷപ്പ് അനുമതി നല്‍കിയതായി പറയപ്പെടുന്നു.

രണ്ട് തവണ മാത്രം സിപിഐഎമ്മിന് വിജയിക്കാന്‍ കഴിഞ്ഞ മണ്ഡലമാണ് തിരുവമ്പാടിയെങ്കിലും മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിക്ക് എതിരെ മലയോര വികസന സമിതി ഒറ്റക്കെട്ടായി രംഗത്ത് വന്നത് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. വികസന സമിതിക്കും കൂടി സ്വീകാര്യനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കി മണ്ഡലം തിരിച്ചു പിടിക്കുക എന്നതാണ് ലക്ഷ്യമെന്ന് എല്‍ഡിഎഫ് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് വ്യക്തമാക്കി. ഇനിയിപ്പോള്‍ അറിയേണ്ടത് തിരുവമ്പാടി നിലനിര്‍ത്താന്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ മാറ്റി മലയോര വികസന സമിതിക്ക് കൂടി സ്വീകാര്യനാക്കിയ മറ്റൊരാളെ യുഡിഎഫ് രംഗത്ത് ഇറക്കുമോയെന്നതാണ്. ഇക്കാര്യം നാളെ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് കുഞ്ഞാലിക്കുട്ടി ഇന്ന് പ്രതികരിച്ചത്.

This post was last modified on December 27, 2016 3:48 pm