X

ബീഫ് നിരോധനത്തെ കുറിച്ച് സംസാരിച്ച് ജോലി നഷ്ടപ്പെടുത്താനില്ല: അരവിന്ദ് സുബ്രഹ്മണ്യന്‍

അഴിമുഖം പ്രതിനിധി

ബീഫ് നിരോധനത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ പറയാന്‍ മടിച്ച് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. തന്റെ ജോലി നഷ്ടപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു കൊണ്ടാണ് മുംബൈ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ അദ്ദേഹം വിസമ്മതിച്ചത്. 

ബീഫ് നിരോധിക്കുന്നത് കര്‍ഷകരുടെ വരുമാനത്തെയോ ഗ്രാമീണ സമ്പദ് വ്യവസ്ഥയെയോ പ്രതികൂലമായി ബാധിക്കുമോയെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തോട് ആരാഞ്ഞത്. ഈ ചോദ്യത്തിന് മറുപടി പറഞ്ഞാല്‍ എനിക്കെന്റെ ജോലി നഷ്ടമാകും, അദ്ദേഹം പറഞ്ഞു. വസ്തുനിഷ്ഠമായ അദ്ദേഹത്തിന്റെ മറുപടി വിദ്യാര്‍ത്ഥികള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

ഇന്ത്യയിലെ സാമൂഹിക വിഭജനങ്ങള്‍ രാജ്യത്തിന്റെ വികസനത്തെ ബാധിക്കുന്നുവെന്ന് അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു.

വാഷിങ്ടണിലെ പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ എക്കണോമിക്‌സില്‍ ജോലി ചെയ്തിരുന്ന അരവിന്ദ് 2014 ഒക്ടോബര്‍ മുതല്‍ അവധിയിലാണ്.

കഴിഞ്ഞവര്‍ഷം യുപിയിലെ ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ മുഹമ്മദ് അഖ്‌ലാഖിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതിനുശേഷം ബീഫ് ദേശീയ ചര്‍ച്ചാ വിഷയമാണ്.

This post was last modified on December 27, 2016 3:48 pm