X

ഈ അവസ്ഥ ഭയാനകം; എഴുത്തുകാര്‍ക്ക് പിന്തുണ- ഗുല്‍സാര്‍

അഴിമുഖം പ്രതിനിധി

മതത്തിന്റെയും ജാതിയുടേയും പേരില്‍ രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുത അമ്പരപ്പിക്കുന്നതാണെന്ന് പ്രസിദ്ധ കവിയും ഗാനരചയിതാവുമായ ഗുല്‍സാര്‍. എം.എം ഗുല്‍ബര്‍ഗി അടക്കമുള്ളവരുടെ കൊലപാതകം ഉള്‍പ്പെടെ രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയോട് പ്രതികരിച്ചു കൊണ്ട് എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതിനെ താന്‍ പിന്തുണയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

 

രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലാണ് മതത്തിന്റെ പേരിലുള്ള അസഹിഷ്ണുത വളരുന്നത്. എഴുത്തുകാര്‍ക്ക് ഈ സാഹചര്യത്തില്‍ ചെയ്യാന്‍ കഴിയുക ഇതിനെതിരെ പ്രതിഷേധിക്കുക എന്നതാണ്. അതാണ് അവര്‍ ചെയ്യുന്നത്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ളവ സംഭവിക്കുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും ഇതുവരെ നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ ഭീതിജനകമാണ്. പേരു ചോദിക്കുന്നതിനു മുമ്പ് ഒരാളുടെ മതം ഏതെന്ന് അന്വേഷിക്കുന്ന അവസ്ഥ വരുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതും സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുന്നതും രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. എഴുത്തുകാര്‍ക്ക് എന്തു രാഷ്ട്രീയമാണ് ചെയ്യാനാവുക? അവര്‍ സംസാരിക്കുന്നത് അവരുടെ ഹൃദയത്തില്‍ നിന്നും ആത്മാവില്‍ നിന്നുമാണ്. അവര്‍ സമൂഹത്തിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരാണ്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാഹിത്യ അക്കാദമി ഉത്തരവാദികള്‍ അല്ലെങ്കിലും ഇത്തരം അസഹിഷ്ണുതകളോട് പ്രതികരിക്കേണ്ട ബാധ്യത അവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ഇതിനകം പുരസ്‌കാരം തിരികെ നല്‍കുകയും ഇതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത 50-ഓളം എഴുത്തുകാര്‍ക്കു പിന്നാലെയാണ് ഗുല്‍സാറും രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന അക്കാദമി യോഗം പാസാക്കിയ യോഗത്തില്‍ ഇത്തരത്തില്‍ അസഹിഷ്ണുത വളരുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രമേയം പാസാക്കുകയും എഴുത്തുകാര്‍ പുരസ്‌കാരം തിരികെ എടുക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

 

 

This post was last modified on December 27, 2016 3:24 pm