X

കണ്ണൂര്‍; സര്‍വകക്ഷി യോഗത്തിന് തൊട്ടുപിന്നാലെ ഡിവൈഎഫ്ഐ പ്രകടനത്തിനു നേര്‍ക്ക് ബോംബേറ്

അഴിമുഖം പ്രതിനിധി

സമാധാനയോഗത്തിനു പിന്നാലെ കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം. കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ക്കറുതി വരുത്താന്‍ മന്ത്രിമാര്‍ പങ്കെടുത്ത് നടത്തിയ സമാധാനം യോഗം കഴിഞ്ഞായിരുന്നു സംഭവം. സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട് വീണ്ടുമുണ്ടായ അക്രമ സംഭവം. ഇന്നലെ വൈകുന്നേരം പാനൂരില്‍ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ രണ്ടു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഷൈജു, അമല്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാനൂരിനടുത്ത് താഴെകുന്നോത്തുപറമ്പിലാണ് ഡിവൈഎഫ്ഐ പ്രകടനത്തിനു നേരെ ബോംബേറുണ്ടായത്. ഡിവൈഎഫ്ഐ സ്ഥാപക ദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരം തകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം നടത്തിയത്. കണ്ണൂരില്‍ ഇനി സംഘര്‍ഷത്തിന് തുടക്കമിടുന്നവരെ ഒറ്റപ്പെടുത്താന്‍ മന്ത്രിമാരായ എ കെ ബാലനും കടന്നപ്പള്ളി രാമചന്ദ്രനും പങ്കെടുത്ത യോഗത്തില്‍ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തിരുന്നു.

ഏതെങ്കിലും വിധത്തില്‍ സംഘര്‍ഷമുണ്ടായാല്‍ ഉടന്‍ ഇരുവിഭാഗങ്ങളും സംയുക്തമായി സ്ഥലം സന്ദര്‍ശിക്കാനും, ശാന്തിയാത്ര നടത്താനും, സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചുചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. തീരുമാന പ്രകാരം ഇന്ന് ബോംബേറുണ്ടായ സ്ഥലത്ത് സര്‍വ്വകക്ഷി യോഗം നടക്കേണ്ടതുണ്ട്. പക്ഷെ ഇനി സമാധാനശ്രമങ്ങള്‍ക്ക് ഇരുവിഭാഗങ്ങളും തയ്യാറാകുമോ എന്ന കാര്യം സംശയമാണ്. ബിജെപി പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്നു സിപിഎം നേതൃത്വം ആരോപിച്ചു.

This post was last modified on December 27, 2016 2:18 pm