X

ഹൈടെക്ക് ക്ലാസ് റൂമുകള്‍ക്ക് മുന്‍പ് ഇവിടുത്തെ കുട്ടികള്‍ക്കിത്തിരി അന്നം വിളമ്പുക

റവന്യുമന്ത്രിയുടെ മണ്ഡലത്തിലാണ് 50 വര്‍ഷത്തിലധികമായി സ്വന്തമായൊരു കൂരപോലുമില്ലാതെ കുറെ പാവങ്ങള്‍ ജീവിക്കുന്നത്‌

ഇവരങ്ങനെയാണ്; എത്രകൊണ്ടാലും പഠിക്കാതെ, വീണ്ടും വീണ്ടും തോറ്റുകൊണ്ടിരിക്കുന്ന അരികുജീവിതങ്ങള്‍. കാലം മുന്നോട്ട് പോകും തോറും ചൂഷണത്തിന്റെ പുത്തന്‍ വഴികള്‍ തേടി പ്രമാണിമാരും ഭരണകൂടവും മുതുകത്ത് ചവിട്ടി നീങ്ങുമ്പോഴും പരാതിയൊന്നും കൂടാതെ, നിവര്‍ന്ന് നില്‍ക്കാന്‍ മടിക്കുന്ന ജീവിതങ്ങള്‍. കാസര്‍കോട്ടെ പ്രധാന നഗരമായ മാലോത്തില്‍ നിന്നും കിലോമീറ്ററുകള്‍ ഉള്‍വലിഞ്ഞ് കാടുകളോട് ചേര്‍ന്ന മലമ്പ്രദേശങ്ങളില്‍ കൂരകെട്ടി കുടുംബജീവിതം തുടങ്ങിയവര്‍. കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഈ മലയോരമേഖയിലെ താമസക്കാരില്‍ ഭൂരിഭാഗവും മലവേട്ടുവ, മാവില സമുദായക്കാരാണ്.

ആശുപത്രിയിലെത്താന്‍, മരുന്ന് വാങ്ങാന്‍, റേഷന്‍ വാങ്ങാന്‍, സ്‌കൂളിലെത്താന്‍, അവശ്യ സാധനങ്ങള്‍ക്കെല്ലാം മലയിറങ്ങി എട്ടു കിലോമീറ്ററിലധികം താണ്ടണം ഇവര്‍ക്ക്. ഓട്ടോ പിടിച്ചാല്‍ 110 രൂപ കൂലി ഇനത്തില്‍ മാത്രം നല്‍കണം. അടച്ചുറപ്പോടു കൂടിയ ഒരു വീട് സ്വപ്നം കാണാന്‍ പോലും ത്രാണിയില്ലാത്ത ഈ ജനതയെ പറ്റിച്ച് കൊള്ളയടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ധനികരും അവരോളം തന്നെ സര്‍ക്കാരും ഒരു പരിധിക്കപ്പുറമുള്ള ഇവരുടെ വളര്‍ച്ചയ്ക്ക് വിലങ്ങുതടി തന്നെയാണ്.

പെരുമഴപെയ്ത് കുത്തിയൊലിക്കുന്ന ജൂണ്‍ മാസത്തില്‍ മഴവെള്ളത്തിലൂടെ, മുതുകത്തെ പുസ്തകഭാരവും പേറി അടിയൊന്ന് തെറ്റാതെ സ്‌കൂളിലേക്ക് നടക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികളെ, അവരുടെ ചിന്തയിലെ ഏറ്റവും വലിയ വില പറഞ്ഞ് ധനികരായ ചില പ്രാദേശികര്‍ തോട്ടത്തിലേക്ക് ക്ഷണിക്കും. പകലന്തിയോളമുള്ള അധ്വാനത്തിനു പകരമായി കൈവള്ളയില്‍ വെച്ചു തരുന്ന കാശിന് താന്‍ വേണ്ടെന്ന് വെച്ചത് അക്ഷര വെട്ടത്തെയാണെന്നറിയാതെ വിടരുന്ന അവരുടെ കണ്ണുകളില്‍ നോക്കി മുതലാളി പറയും- നാളെയും വാ കെട്ട്വാ… കിട്ടിയ പണവുമായി കണ്ണില്‍ കണ്ടെതെല്ലാം വാങ്ങിച്ച് അവര്‍ ഉത്സവമാക്കും, ആ ദിവസം. ഇത് മാലോത്തെ ഒട്ടുമിക്ക കോളനികളിലേയും കാഴ്ചയാണ്.

എന്നാലീ പ്രമാണിമാരുടെ പിടിയിലകപ്പെടാതെ ഓടിപ്പിടിച്ച് സ്‌കൂളിലെത്തുന്ന കുട്ടികളുമുണ്ട്. അതിലേറ്റവും മുന്നില്‍ നമ്പ്യാര്‍മല കോളനിയിലെ സതീഷ് തന്നെയാണ്. ജന്മനാ ബാധിച്ച വൈകല്യമായിരിക്കണം ഒരുപക്ഷേ സതീഷിനെ ഇവരുടെ നോട്ടത്തില്‍ നിന്നും രക്ഷിച്ചത്. അകത്തേക്ക് വളഞ്ഞു നില്‍ക്കുന്ന കൈകാലുകളുമായി സതീഷ് എട്ട് കിലോമീറ്റര്‍ നടന്ന് സ്‌കൂളിലെത്തും. വൈകിട്ടും ഇതേ നടത്തം. ദിനചര്യയായി തുടരുന്ന ഈ നടത്തം അവന്റെ അസ്ഥികള്‍ക്കും കാഴ്ചപ്പാടിനും ഒരേ തഴക്കം നല്‍കിയിട്ടുണ്ടെന്ന് ആ കണ്ണുകളും നടത്തത്തിന്റെ വേഗതയും നിരീക്ഷിച്ചാല്‍ മനസ്സിലാക്കാം. അച്ഛന്‍ മരിച്ചശേഷം കുടുംബം നോക്കാന്‍ കൂലിപ്പണിക്ക് പോകുന്ന അമ്മ ശാന്തയ്ക്ക് കൈത്താങ്ങാകാന്‍ സാധിക്കുന്ന എന്ത് ജോലിയായാലും പഠനത്തിന് ശേഷം സ്വീകരിക്കുമെന്നും തനിക്ക് വലിയ ആളൊന്നും ആകണ്ടെന്നും പറയുമ്പോഴും, ജീവിതം നടന്നുതീര്‍ക്കാന്‍ നിയോഗിക്കപ്പെട്ട തന്റെ ജനതയ്ക്ക് ആശ്വാസമായൊരു വാഹന സൗകര്യം സതീഷിന്റേയും സ്വപ്നമാണ്.

എത്ര കണ്ണു തുറന്ന് നോക്കിയാലും നമ്മുടെ ഭരണകൂടം കാണാത്ത ചില കാഴ്ചകളുണ്ട് ഈ കോളനികളില്‍. വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്ത ആരും തന്നെ ഈ ഊരുകളിലില്ലെങ്കിലും സ്വന്തമായി റേഷന്‍കാര്‍ഡുള്ള കുടുംബങ്ങളെ മഷിയിട്ട് നോക്കിയാലും കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. സര്‍ക്കാര്‍ അംഗീകരിച്ച ഒരു കടലാസാണ് റേഷന്‍ സിസ്റ്റത്തിനായി ഇവര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ക്രൂരമായ തമാശ ഇതൊന്നുമല്ല; ദിവസം 175-ഉം, 250-ഉം രൂപയുടെ കൂലിപ്പണിചെയ്ത് നിത്യവൃത്തി തേടുന്ന ഈ ഊരുകുടുംബങ്ങള്‍ക്കെല്ലാം നല്‍കിയിരിക്കുന്നത് എ.പി.എല്‍ ഗണത്തിലുള്ള കടലാസുകളാണ്. വൈദ്യുതി ചെന്നെത്താത്ത കോണുകളിലെ ദുരിത ജീവിതങ്ങള്‍ക്ക് അര്‍ഹതപ്പെട്ട മണ്ണെണ്ണപോലും കൃത്യമായി ലഭിക്കാറില്ല.

പടയങ്കല്ല്, മാന്റില, പുഞ്ച, എടക്കാനം, കമ്മാടി, വാഴത്തട്ട്, പാമത്തട്ട്, കണ്ണീര്‍വാടി, ചുള്ളിത്തട്ട്, മൊടന്തേമ്പാറ, കിണറ്റടി തുടങ്ങിയ കോളനികളെല്ലാം ക്ഷയരോഗഭീഷണിയിലാണ്. പ്രദേശത്തെ 15 കോളനികളില്‍ 20-ഓളം പേര്‍ക്ക് ക്ഷയരോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം കണ്ടെത്തി ഏതാനും നാളുകള്‍ മരുന്ന് കഴിച്ച് പിന്നീട് ചികിത്സ തുടരാത്തതിനാല്‍ കോളനിവാസികളില്‍ രോഗം പടരുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കും ക്ഷയരോഗം കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ഷീറ്റ് മറച്ചുകെട്ടിയുണ്ടാക്കിയ താല്‍ക്കാലിക കൂരകളില്‍ 50 വര്‍ഷത്തിലധികമായി ഇവര്‍ കഴിയുന്നു. സംസ്ഥാനം ഭരിക്കുന്ന റവന്യുമന്ത്രിയുടെ മണ്ഡലത്തില്‍ സ്ഥിര താമസക്കാരായ ഈ ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് അധികൃതര്‍ യാതൊരു നടപടിയും ഇന്നുവരേയും സ്വീകരിച്ചിട്ടില്ല.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലേക്ക് എത്തിച്ചേരാനായി ഗോത്രസാരഥിയെന്ന പേരില്‍ വാഹനങ്ങള്‍ അനുവദിക്കാമെന്ന് സര്‍ക്കാര്‍ വാക്ക് നല്‍കിയിരുന്നെങ്കിലും, ട്രൈബല്‍ ഡവലപ്പെമെന്റ് ഇനത്തില്‍ വന്ന പണമെല്ലാം വീടില്ലാത്തവര്‍ക്ക് വീട്‌ കെട്ടാനുള്ള പദ്ധതിക്കായി വിനിയോഗിച്ച് കഴിഞ്ഞെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. കുട്ടികളുടെ നടത്തം ഒഴിവാക്കാന്‍ ജീപ്പ് സര്‍വ്വീസ് ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഇവര്‍ക്ക് ഒരുമാസം ഒരു കുട്ടിക്ക് മാത്രം 650 രൂപ നല്‍കണം. പ്രമാണിമാരുടെ കാപ്പിത്തോട്ടത്തിനിടയിലൂടെ എത്തിച്ചേരുന്ന പടയങ്കല്ല് കോളനിയില്‍ ഊരുജീവിതങ്ങളുടെ നരകയാതനകള്‍ ഒഴിവാക്കാന്‍ തോട്ടത്തിന്റെ ചെറിയ ഭാഗം വിട്ട് നല്‍കിയാല്‍ മതിയെന്നിരിക്കെ, അതിന് തയ്യാറാകാതെ ഈ ജീവിതങ്ങളെ തോട്ടത്തിനിടയില്‍ നരകിപ്പിക്കാന്‍ തന്നെയാണ് ഇവിടുത്തെ ധനികര്‍ക്കും കൂടുതലിഷ്ടം.

മലമടക്കുകളിലൂടെ ഓടിത്തഴമ്പിച്ച കാലുകള്‍ ബൂട്ടണിയാതെയും ട്രാക്കില്‍ മിന്നലോട്ടം നടത്തുമ്പോള്‍ ഊരുകളിലേക്ക് മെഡലുകള്‍ എത്തിക്കൊണ്ടിരുന്നു. നടത്തം ഒരു ദിനചര്യയാക്കിയ ഇവര്‍ക്ക് പ്രത്യേക പരിശീലനങ്ങളോ വ്യായാമങ്ങളോ ആവശ്യമില്ല. ജി.എല്‍.പി.എസ് പുഞ്ചയിലും മാലോം കസബ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും ഈ വിദ്യാര്‍ത്ഥികള്‍ പത്തരമാറ്റുള്ള നിരവധി മെഡലുകള്‍ സമ്മാനിച്ചിട്ടുണ്ട്. മിക്ക ദിവസവും കാലിയായ വയറുമായി സ്‌കൂളിലെത്തുന്ന ഈ കുഞ്ഞുങ്ങളുടെ മുഖങ്ങളില്‍ തളര്‍ച്ചയും വാട്ടവും കണ്ടെത്താനാകില്ലെന്നാണ് ഇവരുടെ അധ്യാപകര്‍ പറയുന്നത്. എന്നാല്‍
സ്‌നേഹത്തോടെ അടുത്ത് വിളിച്ച് ചോദിച്ചാല്‍, നേര്‍ത്തൊരു ചിരിചിരിച്ച് ഒരു കൂസലുമില്ലാതെ അവര്‍ പറയും, ഒന്നും തിന്നാനിണ്ടായിറ്റാന്ന്…

അത്ഭുതത്തോടെ അത് കേട്ട നടുക്കം മാറുന്നതിന് മുന്‍പേ അടുത്ത കുട്ടിയും പറയും ഞാനും, ഞാനും,ഞാനും… ഊരിലെ മിക്ക ദിനങ്ങളും അങ്ങനെയാണ്. സര്‍ക്കാര്‍ റേഷന്‍ ഇല്ലാതെ 35-ഉം 37-ഉം രൂപ നല്‍കി ദിവസവും കൂലിപ്പണിയെടുക്കുന്ന ഇവര്‍ക്ക് എത്ര നാള്‍ അരിവാങ്ങാനാകും? പല ഊരുകളിലും പ്രത്യക്ഷമായും പരോക്ഷമായും നടക്കുന്ന വാറ്റ് കുട്ടികളില്‍ പേടിയും പഠനകാര്യത്തില്‍ പിന്നാക്കം പായിക്കാനും കാരണവുമാകുന്നുണ്ട്. നല്ലതും ചീത്തയും തിരിച്ചറിയാനാകാത്ത പ്രായത്തില്‍ ജീവിതം വഴിപിഴച്ചുപോയ കുഞ്ഞുങ്ങളുടെ കഥകളും ഊരുകാര്‍ക്കിടയില്‍ പതിവാണ്. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കുട്ടികളെ ബോധവാന്‍മാരാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നവരാരും തന്നെ ഈ മലമുകളിലെത്താറില്ലെന്നത് ഏറ്റവും ദു:ഖകരമായ മറ്റൊരു വാര്‍ത്ത.

ജില്ലയിലെ സ്‌കൂളുകളെല്ലാം ഹൈടെക്ക് ക്ലാസ്‌റൂമുകളെ കാത്തിരിക്കുന്ന സാഹചര്യത്തില്‍ ഭരണ തലവന്‍മാര്‍ ഒന്നീ വഴിവരിക, ഈ ദുരിതങ്ങള്‍ ആവോളം കാണുക. ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍ കുഞ്ഞുനാള്‍ മുതല്‍ പലതിനോടും പടവെട്ടുന്ന ഈ ബാല്യങ്ങളോടും അവഗണനയ്ക്ക് മേല്‍ അവഗണനകള്‍ മാത്രം ഏറ്റുവാങ്ങിയിട്ടും വീണ്ടും വീണ്ടും പോളിംഗ് ബൂത്തിലെത്തുന്ന ഈ ജനതയോടും അല്‍പമെങ്കിലും നീതി പുലര്‍ത്തുക. ഷീറ്റിട്ട് മറച്ച ഒറ്റമുറി ജീവിതത്തിലെ കാട്ടു മൃഗപ്പേടിയില്‍ നിന്നും തീരാ ദുരിതത്തില്‍ നിന്നും ഈ മനുഷ്യരെ രക്ഷിക്കുക. മാവോ പേടിയില്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ പടുത്തുയര്‍ത്തിക്കൊണ്ടിരിക്കുന്ന വന്‍ മതിലിനേക്കാള്‍ ഈ ജീവിതങ്ങളുടെ നരകയാതനകള്‍ക്ക് ചെവിയോര്‍ക്കുക. ഷീറ്റില്‍ പൊതിഞ്ഞ ഒറ്റ മുറിയില്‍ മെഴുകു തിരിവെട്ടത്തില്‍ പഠിച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ കുഞ്ഞുങ്ങളെ കാണുക. ജീവിക്കാനുള്ള പിടിവള്ളിക്കായി നീട്ടിപ്പിടിച്ച ആ കുഞ്ഞുകൈകള്‍ക്ക് കൂടി കരുത്തുള്ള താങ്ങാവുക.

(സ്വത്രന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ദില്‍ന)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts