X

കശ്മീരിലെ തീ അണയുന്നില്ല; മരണം 30

അഴിമുഖം പ്രതിനിധി

കശ്മീരിലെ തീ അണയുന്നില്ല. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസാഫര്‍ വാനിയുടെ വധം സൃഷ്ടിച്ച സംഘര്‍ഷത്തില്‍ നിന്നും താഴ്‌വര മൂന്നുദിവസം പിന്നിട്ടിട്ടും മുക്തമായിട്ടില്ല. തുടരുന്ന കലാപത്തില്‍ ഇതിവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. ഇന്നലെ മാത്രം ഒമ്പതുപേര്‍കൂടി കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതുവരെ മുന്നൂറിലധികം പേര്‍ പരിക്കുകളോടെ ആശുപത്രികളില്‍ കഴിയുന്നുണ്ട്. 

സോപോറിലെ പൊലീസ് സ്‌റ്റേഷനും പുല്‍വാമയിലെ വ്യോമസേനയുടെ വിമാനത്താവളത്തിനും നേരെ കഴിഞ്ഞ ദിവസം ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ തുടരുകയാണ്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സുരക്ഷാസേനയുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 800 സി.ആര്‍.പി.എഫ് ഭടന്മാരെ കൂടുതലായി കശ്മീരിലേക്കയച്ചു. നേരത്തേ സംസ്ഥാന പൊലീസിനെ സഹായിക്കാന്‍ 1200 ഭടന്മാരെ നല്‍കിയിരുന്നു. 

സംഘര്‍ഷം രൂക്ഷമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ രണ്ടു തവണ ഉന്നതതല യോഗം ചേര്‍ന്നു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് പുറമെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. 

അതേസമയം ബുര്‍ഹാന്‍ വാനിയുടെ വധത്തെ പാകിസ്താന്‍ ശക്തമായി അപലപിക്കുകയും ഇന്ത്യയെ കുറ്റപ്പെടുത്തുകയും ചെയ്ത നടപടി ഈ വിഷയം ഇരു രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷം വളര്‍ത്താനും കാരണമാകുമെന്ന ഭയവുമുണ്ട്. കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ പാകിസ്താന് പങ്കുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞതോടു കൂടി വാനിയുടെ വധം കൂടുതല്‍ സങ്കീര്‍ണമായി വളരുകയാണ്.

This post was last modified on December 27, 2016 4:21 pm

Related Post
Leave a Comment