അഴിമുഖം പ്രതിനിധി
കാശ്മീരിയെന്ന് കരുതി ഹൈദരാബാദ് സെന്‍ട്രല്‍ യുനിവേഴ്സിറ്റിയില്‍ എബിവിപി പ്രവര്‍ത്തകര്‍ അമോല്‍ സിംഗ് എന്ന വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു. സംഭവത്തെ തുടര്‍ന്ന് കാമ്പസില്‍ സംഘം ചേരല്‍ നിരോധിച്ചു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമോലിനെ കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. അന്നേ ദിവസം കാമ്പസില്‍ കാശ്മീരില്‍ സൈന്യം നടത്തുന്ന അക്രമത്തെ അപലപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു.
സംഭവത്തെ കുറിച്ച് അമോല്‍ പറയുന്നതിങ്ങനെയാണ് : “ഹോസ്റ്റലിലേക്ക് പോവുകയായിരുന്ന എന്നെ 30 എബിവിപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് കശ്മീരി എന്ന് പറഞ്ഞ് മര്‍ദിക്കുകയായിരുന്നു. ബോധരഹിതനായ എന്നെ പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.”
ഇതേ തുടര്‍ന്ന് രജിസ്ട്രാര്‍ കാമ്പസില്‍ സംഘം ചേരുന്നതോ, പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതോ, പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതിനോ വിലക്കേര്‍പ്പെടുത്തി.സര്‍ക്കുലര്‍ പ്രകാരം ഡിപ്പാര്‍ട്ട്മെന്‍റുകള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് മാത്രമേ അനുമതിയുള്ളൂ.
എന്നാല്‍ കാശ്മീരി വിദ്യാര്‍ഥികള്‍ ചില സംഘടനകളുടെ സഹായത്തോടെ പൊതുപരിപാടി സംഘടിപ്പിക്കുകയായിരുന്നു. പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും സമാധാനപരമായി പരിപാടി നടന്നു. ഇതിനു ശേഷം എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി, യോഗത്തില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ഥി പറഞ്ഞു.
എന്നാല്‍ അമോലും സുഹൃത്തുക്കളും എബിവിപി പ്രവര്‍ത്തകരെ കാരണം കൂടാതെ ആക്രമിച്ചു എന്ന്‍ യൂണിവേര്‍സിറ്റിയിലെ സംഘടനയുടെ പ്രസിഡന്റ് കരന്‍ പന്‍സാലിയ പ്രതികരിച്ചു. ഒരു പ്രവര്‍ത്തകന്‍ ഗുരുതരമായി പരിക്കേറ്റു ആശുപത്രിയില്‍ ചികത്സയിലാണ്.
അതേ സമയം സര്‍ക്കുലറിലെ നിരോധനം കണക്കിലെടുക്കാതെ ഒരു സംഘം വിദ്യാര്‍ഥികള്‍ രോഹിത് വെമുലയുടെ അനുസ്മരണം നടത്തി. രോഹിത് മരിച്ചിട്ട് ആറുമാസം തികയുന്ന ദിവസമായിരുന്നു ജൂലൈ 16 ശനിയാഴ്ച .
This post was last modified on December 27, 2016 4:20 pm
Leave a Comment