X

കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജന്‍ പ്രതി

അഴിമുഖം പ്രതിനിധി

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎമ്മിന് തിരിച്ചടി. പിണറായി വിജയന്റെ നേതൃത്വത്തില്‍ നവകേരള മാര്‍ച്ച് നടക്കുന്നതിന് ഇടയില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കുരുക്കാന്‍ സിബിഐ ഉറപ്പിച്ചു കഴിഞ്ഞു. ആര്‍എസ് എസ് നേതാവായ മനോജ് വധക്കേസില്‍ യുഎപിഎ പ്രകാരമാണ് സിബിഐ ജയരാജന് എതിരെ കേസ് എടുത്തിരിക്കുന്നത്. അതു കൊണ്ട് തന്നെ ഈ കേസില്‍ ജാമ്യം ലഭിക്കുക എന്നത് ബുദ്ധിമുട്ടാകും. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ ദിവസം തലശേരി കോടതി തള്ളിയിരുന്നു.

മനോജ് വധക്കേസില്‍ ജയരാജനെ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ലെന്ന് സിബിഐ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ജാമ്യാപേക്ഷ തള്ളിയത്. എന്നാല്‍ ഇന്ന് ജയരാജന് എതിരെ യുഎപിഎ പ്രകാരം കേസെടുത്തതായി സിബിഐ കോടതിയെ അറിയിച്ചു. ഇതോടെ ജയരാജനെ ഏത് സമയത്തും സിബിഐ അറസ്റ്റ് ചെയ്‌തേക്കാം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പി ജയരാജന്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം കേസില്‍ എന്ത് തുടര്‍ നടപടികള്‍ എടുക്കണം എന്നതിനെ കുറിച്ച് ആലോചിക്കുന്നതിനുള്ള സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ അല്‍പം മുമ്പ് ആരംഭിച്ചെങ്കിലും തീരുമാനം ലഭ്യമായിട്ടില്ല.

ജയരാജന്റെ അറസ്റ്റ് എങ്ങനെ പ്രതിരോധിക്കാം എന്നതിന് അപ്പുറം തല്‍ക്കാലം സെക്രട്ടറിയുടെ ചുമതല ആര്‍ക്ക് നല്‍കണമെന്ന കാര്യവും ഇന്നത്തെ സെക്രട്ടറിയേറ്റില്‍ തീരുമാനം ആകും. നേരത്തെ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന്‍ പ്രതി ചേര്‍ക്കപ്പെട്ടപ്പോള്‍ താല്‍ക്കാലിക ചുമതല എം വി ജയരാജന് ആയിരുന്നു നല്‍കിയിരുന്നത്. അതു കൊണ്ട് തന്നെ ഇത്തവണയും എം വി ജയരാജന്‍ തന്നെയാകും സെക്രട്ടറി. ജയരാജനെ അറസ്റ്റ് ചെയ്യാന്‍ സിബിഐ കാണിക്കുന്ന തിടുക്കത്തെ സിപിഐഎം വലിയ അങ്കലാപ്പോടെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ സിപിഐഎമ്മിന്റെ ഈറ്റില്ലമായ കണ്ണൂരിലെ സെക്രട്ടറിയെ ഒരു കൊലപാതക കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് സംസ്ഥാനമൊട്ടാകെ പൊതു ജനങ്ങള്‍ക്കിടയില്‍ എന്ത് അഭിപ്രായമാണ് ഉണ്ടാക്കുക എന്നതാണ് പ്രധാന വേവലാതി.

ഭരണ മാറ്റം മുന്നില്‍ കണ്ട് പിണറായി വിജയന്‍ നയിക്കുന്ന ജാഥയ്ക്ക് പര്യടനം നടത്തിയ സ്ഥലങ്ങളിലെല്ലാം മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. എങ്കിലും സിപിഐഎമ്മിന്റെ ഒരു പ്രധാന നേതാവ് ഒരു കൊലപാതക കേസില്‍ അറസ്റ്റ് ചെയ്യപ്പെടുക എന്നത് തെരഞ്ഞെടുപ്പ് അടുത്ത ഈ വേളയില്‍ സിപിഐഎമ്മിന് സഹിക്കാവുന്നതിന് അപ്പുറത്താണ്.മോഹന്‍ ഭഗത്തിന്റെ കേരള സന്ദര്‍ശനവുമായിട്ടാണ് സിപിഐഎം സിബിഐ നടത്തുന്ന അറസ്റ്റ് നീക്കത്തെ കാണുന്നത്.

ആര്‍ എസ് എസ് നിര്‍ദ്ദേശം അനുസരിച്ചാണ് സിബിഐ ജയരാജനെ പ്രതിചേര്‍ത്തതെന്ന് പിണറായി ആരോപിച്ചു. മൂന്നു ദിവസം കൊണ്ട് എന്ത് തെളിവാണ് ലഭിച്ചതെന്ന് സിബിഐ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. നാളെ ജയരാജന്‍ ജാമ്യാപേക്ഷ നല്‍കും.

This post was last modified on December 27, 2016 3:35 pm